തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇടപെടലിനെത്തുടർന്നു തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ–ഫോണില്‍ മാനേജരായി ജോലി നല്‍കിയതായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ. ജയശങ്കര്‍ നാലോ അഞ്ചോ മാസം ജോലി ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പിരിച്ചുവിട്ടെന്നും സ്വപ്ന പറഞ്ഞു.
മുൻ മന്ത്രി കെ.ടി.ജലീലുമായി ഔദ്യോഗികബന്ധം മാത്രമാണ്. കോണ്‍സുല്‍ ജനറലുമായിട്ടാണ് ജലീലിന് കൂടുതല്‍ ബന്ധമുള്ളത്. എം.ശിവശങ്കര്‍ ആത്മകഥയിൽ ഇങ്ങനെ എഴുതുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണ് മൂന്നുവര്‍ഷം ജീവിച്ചതെന്നും സ്വപ്ന പറഞ്ഞു.
നയതന്ത്ര ബാഗില്‍ സ്വര്‍ണമുണ്ടെന്ന് ശിവശങ്കറിനോടു പറഞ്ഞിരുന്നു. കേസ് ഭയന്ന് ബെംഗളൂരുവിലേക്ക് പോകുംവഴിയും ശിവശങ്കറിനോട് സംസാരിച്ചു. ശിവശങ്കര്‍ ഉള്‍പ്പെടെ പറഞ്ഞിട്ടാണ് പോയത്. ലോക്ഡൗണിനിടെ യാത്രയ്ക്ക് സ്വാധീനം ഉപയോഗിച്ചോ എന്ന് അറിയില്ല. കസ്റ്റംസ് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ തന്നെ അറിയാമോയെന്ന് ഉറപ്പില്ലെന്ന് പറഞ്ഞു. ഇത്ര ബന്ധമുണ്ടായിട്ടും തള്ളിപ്പറഞ്ഞത് ഏറെ വേദനിപ്പിച്ചു. ജോലിക്കായി നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നും ശിവശങ്കറിന് അറിമായിരുന്നെന്ന് സ്വപ്ന പറഞ്ഞു.




































