കോയമ്പത്തൂർ: പൊള്ളാച്ചിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം കഴിച്ചതിനും ലൈംഗികമായി ഉപദ്രവിച്ചതിനും 19കാരിക്കെതിരെ പൊലീസ് കേസ്.
പ്ലസ് വൺ പഠനം പൂർത്തിയാക്കിയ യുവതി വീടിനു സമീപം താമസിച്ചിരുന്ന 17കാരനുമായി സൗഹൃദത്തിലാകുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 26ന് ഇരുവരും പളനിയിൽവച്ചു വിവാഹിതരായി. തൊട്ടടുത്ത ദിവസം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു യുവതി 17കാരനെ ലൈംഗികമായി ഉപദ്രവിച്ചത്. ആൺകുട്ടിക്കു വയറുവേദന കലശലായതോടെ യുവതി തന്നെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ചു. ഇരുവരും മാതാപിതാക്കളിൽനിന്ന് അകന്നു കഴിയുന്നവരാണ്.
യുവതിക്കെതിരെ ഐപിസി 366, പോക്സോ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. എന്നാൽ കേസിൽ ഒട്ടേറെ നിയമക്കുരുക്കുകളുണ്ടെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു. ‘തട്ടിക്കൊണ്ടുപോകുന്നതു സ്ത്രീയെ ആണെങ്കിൽ മാത്രമേ ഐപിസി 366 വകുപ്പു ചുമത്താനാകൂ എന്നും പ്രതി സ്ത്രീയാണെങ്കിൽ പോക്സോയിലെ പല വകുപ്പുകളും ചുമത്താനാകില്ല എന്നുമാണു മുതിർന്ന അഭിഭാഷകർ വ്യക്തമാക്കിയത്.