മംഗളൂരു: ദീപാവലിയുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ കർണാടകയിലെ മംഗളൂരുവിൽ ഒരാളെ കുത്തിക്കൊന്നു. വിനായക കാമത്ത് എന്നയാളാണു കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി മംഗളൂരുവിലെ വെങ്കടേശ്വര അപാർട്‌മെന്റിലെ കാർ പാർക്കിങ് സ്ഥലത്തു വച്ച് വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണു പ്രശ്നങ്ങൾക്കു തുടക്കം. അയൽവാസിയായ കൃഷ്ണാനന്ദ കിനിയും മകൻ അവിനാശും ഇതു ചോദ്യം ചെയ്തു. സംഘർഷത്തിനൊടുവിൽ ഇരുവരും ചേർന്ന് വിനായക കാമത്തിനെ കൊലപ്പെടുത്തുകയായിരുവെന്നു മംഗളൂരു സിറ്റി പൊലീസ് പറയുന്നു. കുത്തേറ്റ ഉടനെ വിനായക കാമത്തിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇവർക്കിടയിൽ മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. നാലു ദിവസം മുൻപും നിസ്സാര കാര്യങ്ങളുടെ പേരിൽ കൃഷ്ണാനന്ദ കിനി വിനായക കാമത്തിനോടു തർക്കിച്ചിരുന്നുവെന്നാണു വിവരം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.





































