കണ്ണൂര്‍: സിറ്റി നാലുവയലില്‍ ചികിത്സ കിട്ടാതെ 11 വയസ്സുകാരി മരിച്ച കേസില്‍ കുട്ടിയുടെ പിതാവ് അബ്ദുൽ സത്താറും മന്ത്രവാദം നടത്തിയ ബന്ധുവും അറസ്റ്റില്‍. പനി ബാധിച്ച എം.എ.ഫാത്തിമയെ ചികിത്സിക്കാതെ മന്ത്രവാദം നടത്തുകയായിരുന്നുവെന്ന് കുട്ടിയുടെ മറ്റൊരു ബന്ധു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
ഫാത്തിമയുടെ മരണത്തിനിടയാക്കുന്ന രീതിയിൽ ഇയാൾ മന്ത്രവാദം നടത്തിയതായി നേരിട്ട് കണ്ടിട്ടില്ലെന്നും എന്നാൽ, മുൻപുണ്ടായ തന്റെ ഉമ്മയുടെ മരണത്തിൽ ഇയാളുടെ മന്ത്രവാദത്തിനു പങ്കുള്ളതായി സംശയിക്കുന്നതായും ബന്ധുവിന്റെ മൊഴിയിൽ പറയുന്നു. സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണു തന്റെ സംശയമെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇരുവരും തമ്മിൽ നേരത്തെ തന്നെ കുടുംബ പ്രശ്നങ്ങളുണ്ടെന്നതിനാൽ, മൊഴി വിശദമായി അന്വേഷിക്കാനാണു പൊലീസിന്റെ തീരുമാനം. മന്ത്രവാദ ചികിത്സ പിന്തുടർന്ന വീട്ടുകാർ യഥാസമയം വൈദ്യ ചികിത്സ നൽകാഞ്ഞതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
കുട്ടിയുടെ പിതൃസഹോദരന്റെ പരാതിയിൽ മരണം നടന്ന ദിവസം തന്നെ സിറ്റി പൊലീസ് കേസെടുത്തിരുന്നു. ഏതു തരത്തിലുള്ള മന്ത്രവാദമാണു നടന്നതെന്നും കുട്ടിയെ ഡോക്ടറെ കാണിക്കരുതെന്ന് ആരെങ്കിലും നിർദേശിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചിരുന്നു.





































