gnn24x7

സ്വര്‍ണക്കടത്ത്; സൂത്രധാരന്മാർ അഞ്ചുപേർ; സ്വപ്നയെ തേടി കസ്റ്റംസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലും

0
370
gnn24x7

തിരുവനന്തപുരം: നയതന്ത്ര പരിരക്ഷയുള്ള ബാഗേജ്‌ വഴി സ്വർണം കടത്തിയതിനുപിന്നിൽ സൂത്രധാരന്മാർ അഞ്ചുപേർ. തിരുവനന്തപുരം സ്വദേശികളും യുഎഇ കോൺസുലേറ്റ്‌ മുൻ ജീവനക്കാരുമായ സരിത്തിനും സ്വപ്‌നയ്‌ക്കും പുറമേ മൂന്നുപേർ കൂടിയുള്ളതായ നിർണായക വിവരം കസ്‌റ്റംസിന്‌ ലഭിച്ചു. ചോദ്യം ചെയ്യലിൽ‌ സരിത്താണ്‌‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. യുഎഇയിലും സമാന്തരമായി അന്വേഷണം തുടങ്ങി.

കോഴിക്കോട്‌ കൊടുവള്ളിയിലുള്ള വ്യക്തിയാണ്‌ സംഘത്തിലെ മുഖ്യകണ്ണി. സ്വർണം കടത്താനുള്ള ആസൂത്രണങ്ങളുടെ ചുക്കാൻ പിടിക്കുന്നത്‌ സരിത്തും ഇയാളുമാണ്‌. സ്വർണം ഇറക്കാനുള്ള തുകയിൽ ഏറിയ പങ്കും മുടക്കുന്നത്‌ ഇയാളാണ്‌‌. ഒരു കടത്തലിന്‌‌ 25 ലക്ഷം രൂപവരെ സരിത്തിനും സ്വപ്‌നയ്‌ക്കും ലഭിക്കും. സ്വപ്‌നയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ്‌ കൊടുവള്ളി സ്വദേശിയെക്കുറിച്ച്‌ തെളിവ്‌ ലഭിച്ചത്‌. ഈ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ സരിത്ത്‌ മറ്റ്‌ രണ്ടുപേരെക്കുറിച്ച്‌ കൂടി വെളിപ്പെടുത്തി.സംഘത്തിൽ വേറെയും ആൾക്കാരുണ്ടോയെന്നും കസ്‌റ്റംസ്‌ പരിശോധിക്കുന്നു. കോവിഡ്‌ കാലത്തുമാത്രം മൂന്നുതവണ സംഘം സ്വർണം കടത്തി‌. ഈ സ്വർണവും കോഴിക്കോട്ട്‌ എത്തിച്ചു.

നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ സ്വപ്‌ന സുരേഷിന്‌ പ്രധാന പങ്കെന്ന്‌ കസ്‌റ്റംസ് വ്യക്തമാക്കി‌. യുഎഇ കോൺസുലേറ്റിലെ മുൻ എക്‌സിക്യൂട്ടീവ്‌ സെക്രട്ടറിയായ ഇവരുടെ വിദേശയാത്രകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും വിശദ അന്വേഷണം നടത്തും. സ്വർണക്കടത്ത്‌ പിടികൂടിയതോടെ സരിത്‌ ഫോൺ ഫോർമാറ്റ്‌ ചെയ്‌ത്‌ പ്രധാന തെളിവുകൾ നശിപ്പിച്ചതായി‌ കണ്ടെത്തി. സ്വർണം കടത്താൻ സ്വപ്‌നയെ‌ ആരാണ്‌ സഹായിച്ചതെന്ന്‌ കണ്ടെത്തണം‌. തിരുവനന്തപുരം വിമാനത്താവളം, യുഎഇ കോൺസുലേറ്റ്‌ എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ ഇവരെ‌ സഹായിച്ചതായി സൂചനയുണ്ട്‌. കോൺസുലേറ്റിന്റെ പേരിൽ വന്ന ബാഗേജ്‌ ഒപ്പിട്ടുവാങ്ങിയത്‌ സരിത്താണ്‌. കോൺസുലേറ്റ്‌ പിആർഒ എന്ന പേരിലായിരുന്നു ഇത്‌. വിദേശത്തുനിന്ന്‌ സ്വർണം അയച്ചത് ആരാണ്‌‌, ആർക്കുവേണ്ടി, കൂട്ടാളികൾ ആരൊക്കെ തുടങ്ങിയ ചോദ്യങ്ങൾക്ക്‌ സരിത്‌ വ്യക്തമായ മറുപടി നൽകിയില്ല.

യുഎഇയിൽ പ്രൊവിഷൻ ഷോപ്പ്‌ നടത്തുന്ന ഫാസിൽ വഴിയാണ്‌ ബാഗേജ്‌ അയച്ചത്‌. കോൺസുലേറ്റിലേക്കുള്ള ഭക്ഷ്യസാധനങ്ങളെന്നാണ്‌ ഇതിൽ കാണിച്ചിട്ടുള്ളത്‌. ഈന്തപ്പഴം, പാൽപ്പൊടി, ഓട്‌സ്‌, മാഗി, കറി പാക്കറ്റ്‌, ബട്ടർ കുക്കീസ്‌, നൂഡിൽസ്‌ എന്നിങ്ങനെ ഏഴിനങ്ങളാണ്‌ കോൺസുലേറ്റ്‌ ഓർഡർ നൽകിയിരുന്നത്‌. എന്നാൽ, ബാഗേജിൽ ഭക്ഷ്യവസ്‌തുക്കൾക്കൊപ്പം 14.82 കോടി വിലമതിക്കുന്ന 30244.900 ഗ്രാം സ്വർണവും നിറച്ചു. സ്വർണം കൊണ്ടുവന്നത്‌ തങ്ങളുടെ അറിവോടെയല്ലെന്ന്‌ കോൺസുലേറ്റ്‌ അധികൃതർ കസ്‌റ്റംസിനെ അറിയിച്ചിട്ടുണ്ട്‌‌. നയതന്ത്ര ബാഗേജ്‌ കൊണ്ടുപോകേണ്ടത്‌ കോൺസുലേറ്റിന്റെ വാഹനത്തിലാണ്‌. എന്നാൽ, സരിത്‌ സ്വന്തം വാഹനത്തിലാണ്‌ ബാഗ്‌ കൊണ്ടുപോകാൻ എത്തിയത്‌.കേസ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവിഷയംകൂടിയായതിനാൽ പിഴവില്ലാത്ത അന്വേഷിക്കേണ്ടതുണ്ടെന്ന്‌ കസ്‌റ്റംസ്‌ അധികൃതർ വ്യക്തമാക്കി. സാമ്പത്തിക കുറ്റാന്വേഷണ കോടതി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്‌ത സരിത്തിനെ വിട്ടുകിട്ടാൻ കസ്‌റ്റംസ്‌ അപേക്ഷ നൽകി.

ചൊവ്വാഴ്‌ചയും സ്വപ്‌നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റിൽ കസ്‌റ്റംസ്‌ തെരച്ചിൽ നടത്തി. രാവിലെ ആരംഭിച്ച തെരച്ചിൽ വൈകിട്ടോടെയാണ്‌ അവസാനിപ്പിച്ചത്‌‌. ചില സുപ്രധാന രേഖകൾ ലഭിച്ചു.  സ്വപ്ന ഒളിവില്‍ കഴിയുന്നത് തമിഴ്‌നാട്ടിലെന്ന് സൂചനയുണ്ടെങ്കിലും  ഈ വിവരം കസ്റ്റംസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. സ്വപ്ന ബാലരാമപുരംവഴി തമിഴ്‌നാട്ടിലെത്തിയതായാണു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സൂചന.ഇത്തരം വിവരങ്ങള്‍ നല്‍കി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നതാകാമെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്. എന്നാല്‍, കസ്റ്റംസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. സ്വപ്നയ്ക്ക് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു നിയമകാര്യ കമ്പനിയാണ്. ഇവര്‍ കൊച്ചിയിലെത്തി മുന്‍കൂര്‍ ജാമ്യം എടുക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിവരം ലഭിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here