കൊല്ലം: പട്ടാപ്പകൽ നടുറോഡിൽ വച്ച് ഗുണ്ടയെ കുത്തി കൊന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രജീഷ്, ബിന്റോ സാബു എന്നിവരാണ് വാഹനപരിശോധനയ്ക്കിടെ കൊച്ചിയിൽ പിടിയിലായത്. കൊല്ലം പേരയത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി  സക്കീർ ബാബുവാണ് മരിച്ചത്.
പ്രജീഷിന്റെ ബന്ധുമായ പെൺകുട്ടിയെ സക്കീർ ശല്യം ചെയ്തതാണ് ഇരുവരും തമ്മിലുള്ള തർക്കത്തിനു കാരണം.  
ഇത് ചോദ്യം ചെയ്ത പ്രജീഷിനെ സക്കീർ കാറിൽ തട്ടികൊണ്ടു പോയി മർദിച്ചു. ഈ സംഭവത്തിൽ കുണ്ടറ പൊലീസ് സക്കീറിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സക്കീർ സ്വാഭാവിക ജാമ്യത്തിൽ പുറത്തിറങ്ങി. ജയിലിൽ നിന്നും ഇറങ്ങിയതിനു പിന്നാലെ പേരയത്ത് ജിം നടത്തുന്ന പ്രജീഷിനെ അവിടെ കയറി ആക്രമിച്ചു. ഇതോടെ സക്കീർ വീണ്ടും ജയിലിലായി. ഒരാഴ്ച മുൻപാണ് ഇയാൾ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി.
പുറത്തിറങ്ങിയ സക്കീർ  പ്രജീഷിനെ വീണ്ടും ആക്രമിച്ചു. കുതറി ഓടിയ പ്രജീഷ് വീട്ടിൽ നിന്നും കത്തിയുമായി മടങ്ങിയെത്തി സക്കീറിനെ കുത്തി വീഴ്ത്തുകയായിരുന്നു. കുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പത്തിലേറെ തവണ പ്രജീഷ് സീക്കിറിനെ കുത്തിയെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സംഭവത്തിനു ശേഷം ഒളിവിൽ പോകുന്നതിനിടെയാണ് പ്രജീഷും സുഹൃത്തും കൊച്ചിയിൽ അറസ്റ്റിലായത്.
 
                






