കണ്ണൂർ: ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരന് പൊലീസിന്റെ ക്രൂരമർദനം. യാത്രക്കാരനെ കരണത്തടിച്ച്, നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശേഷം, ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടു. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എഎസ്ഐയ്ക്കെതിരെയാണ് ആരോപണം.
സ്ലീപ്പർ കംപാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളുവെന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് കാണിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. യാത്രക്കാരൻ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസ് ചവിട്ടുകയും മർദിക്കുകയും ചെയ്തത്. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് സംഭവമുണ്ടായത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.





































