പരിയാരം: ഷവർമയുടെ പഴക്കമാണ് കാസർകോട് ചെറുവത്തൂരിൽ വിദ്യാർഥികൾക്കു വിഷബാധയ്ക്കു കാരണമായതെന്നും ഒരാളുടെ മരണത്തിനിടയാക്കിയതെന്നും പ്രാഥമിക പരിശോധനയിൽ സൂചന. പഴക്കം ചെന്ന ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന ഒരു തരം ബാക്ടീരിയയാണു വിഷബാധയ്ക്കു കാരണമെന്നു പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ സൂചിപ്പിക്കുന്നത്. ചൂട് സമയത്ത്, പൊതിഞ്ഞു വച്ച ഭക്ഷണത്തിൽ ഇത്തരം ബാക്ടിരിയ പെട്ടെന്നു പടരുവാനും കാരണമാകും.
കാസർകോട് സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനി ഇ.വി.ദേവനന്ദ(16) യാണ് ഷവർമ കഴിച്ചു വിഷബാധയേറ്റു ഞായറാഴ്ച മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വിദ്യാർഥികളടക്കം 34 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഒൻപതു പേരിൽ മൂന്നു പേരെ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രി സുപ്രണ്ട് ഡോ: കെ. സുദീപിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇവരുടെ ചികിത്സാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്.