കൊല്ലം: ബിഎഎംഎസ് വിദ്യാർഥിനി ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ.വി.നായരെ (മാളു–24) ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണു കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. പ്രതിക്കെതിരെ സ്ത്രീധനപീഡനം, ഗാർഹീകപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി. 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതല്‍, ഡിജിറ്റല്‍ തെളിവുകള്‍ തുടങ്ങിയവയും സമര്‍പ്പിച്ചു. പ്രതി കിരൺകുമാറിന് ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് വിസ്മയയുടെ മരണം നടന്ന് 90 ദിവസത്തിനു മുൻപ് കുറ്റപത്രം സമർപ്പിച്ചത്.
പോരുവഴി ശാസ്താംനടയിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ ജൂൺ 21നു പുലർച്ചെയാണു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അറസ്റ്റിലായ ഭർത്താവ് എസ്. കിരൺകുമാർ 80 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. വിവിധ കോടതികളിലായി ഇതിനിടെ 3 തവണ ജാമ്യാപേക്ഷ തള്ളി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാറിനെ ഗതാഗതവകുപ്പ് പിരിച്ചുവിട്ടിരുന്നു.





































