കൊല്ലം: ഉത്ര കൊലപാതക്കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിന്‍റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന ക്രൈബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ് പിരശോധന നടത്തുന്നത്. ഇതോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരുമുണ്ട്.
ഗാർഹിക പീഡനം സംബന്ധിച്ച് ഉത്രയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പരിശോധന. തിങ്കളാഴ്ച ഉച്ചക്ക് 12.30ഓടെ സംഘം വീട്ടിലെത്തി. വനിതാകമീഷന്‍റെ നിർദേശ പ്രകാരം കൊലപാതകത്തിൽ സൂരജിന്‍റെ മാതാപിതാക്കളേയും സഹോദരിയേയും പ്രതിചേർത്ത് കേസെടുത്തിരുന്നു. ഒരാഴ്ചക്കകം അന്വേഷണ പുരോഗതി അറിയിക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു.
അതേസമയം, കേസിൽ സൂരജിനൊപ്പം കൂട്ടുപ്രതിയായ സുരേഷ്കുമാറിനെ മാപ്പുസാക്ഷിയാക്കയേക്കും എന്നാണ് സൂചന. കൊലപാതകത്തിൽ ദൃക്സാക്ഷികളാരും ഇല്ലാത്തതിനാൽ സൂരജന് രണ്ട് പാമ്പുകളെ വിറ്റ സുരേഷിന്‍റെ മൊഴി നിർണായകമാണ്.



































