കണ്ണൂർ: സാമ്പത്തികതട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഭാരതീയ ജനത പാർട്ടി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിൽ വിജിലൻസ് റെയ്ഡ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് റെയ്ഡ് നടന്നത്.
2016 ല്‍ അബ്ദുള്ളക്കുട്ടി കണ്ണൂര്‍ എം.എല്‍.എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് വിജലന്‍സ് റെയ്ഡ് നടത്തിയത്.
കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡി.ടി.പി.സിയുമായി ചേര്‍ന്ന് ആരംഭിച്ച പദ്ധതിയിൽ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് ആരോപണം. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള കേസ്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലായി വിജിലൻസ് കണ്ണൂർ ഡി ടി പി സിയിൽ പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫയൽ പിടിച്ചെടുത്തതിന്റെ തുടർച്ചയായാണ് അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ റെയ്ഡ് നടന്നത്.

































