gnn24x7

പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍

0
409
gnn24x7

വടകര: ഓര്‍ക്കാട്ടേരി കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ച് പത്ത് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേല്‍പിച്ച കേസിലാണ് സമീപവാസിയും ബന്ധുവുമായ കാര്‍ത്തികപ്പള്ളി പട്ടര്‍കണ്ടി സമീറയെ (40) പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം. നിസ്‌കാര സമയത്ത് അലീമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണവുമായി സമീറ കടക്കുകയായിരുന്നു. മരിച്ചെന്നു കരുതിയാണ് സമീറ സ്ഥലംവിട്ടത്.

ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പൊലീസിനോടും പറഞ്ഞതോടെയാണ് സമീറയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്. മണംപിടിച്ച പൊലീസ് നായ സമീറയുടെ വീട്ടിനടുത്തെത്തി. സ്വര്‍ണം വടകരയിലെ ജുവലറിയില്‍ വിറ്റ ശേഷം വൈകിട്ട് ആറോടെ വീട്ടിലേക്കു വരുന്നതിനിടെയാണ് സമീറ പിടിയിലായത്.

മൂസയും ഭാര്യ അലീമയും മാത്രമുള്ള വീട്ടില്‍ സഹായിയായി സമീറ എത്താറുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് സ്വര്‍ണം കവരുന്നത് കണ്ട അലീമയുമായി പിടിവലിയുണ്ടായി.

തുടര്‍ന്നാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വായില്‍ തുണി തിരികിയ നിലയിലായിരുന്നു അലീമ കിടന്നിരുന്നത്. രണ്ടരയോടെ ഭര്‍ത്താവ് മൂസ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ബോധമറ്റു കിടക്കുന്ന അലീമയെയാണ് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടകരയിലെ ജുവലറിയില്‍ നിന്നും പൊലീസ് സ്വര്‍ണം കണ്ടെത്തി. സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണംകൊണ്ട് പയ്യോളിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയംവെച്ചിരുന്ന സ്വര്‍ണം ഇവര്‍ തിരിച്ചെടുത്തിരുന്നു.

gnn24x7