gnn24x7

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവ്

0
294
gnn24x7

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവ്. കേസില്‍ പ്രതിയായ ദിലീപിന്റെ ആവശ്യം പരഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. അടച്ചിട്ട കോടതിയില്‍ നടക്കുന്ന വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം, കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ഏഴാം തീയതി വരെ കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

നേരത്തെ കേസില്‍ നടി ബിന്ദു പണിക്കറും ഇടവേള ബാബുവും കൂറുമാറിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസും കേസിലെ പ്രതിയായ സുനില്‍ കുമാര്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

നടിയെ ആക്രമിച്ച കേസിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായിരുന്നു കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍, സനല്‍, വിഷ്ണു എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നകാര്യം കൂടി ഉള്‍പ്പെടുത്തിയിരുന്നത്.

ഈ കുറ്റപത്രം കോടതി അംഗീകരിച്ച ശേഷം നടന്ന വിചാരണ ഘട്ടത്തിലാണ് ദിലീപ്, തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കൊപ്പം നിന്ന് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകം പരിഗണിച്ച് അതില്‍ പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസിനൊപ്പം ഇതില്‍ വിചാരണ നടത്തരുതെന്നും ഇത് രണ്ടും രണ്ടായി പരിഗണിച്ച് വിചാരണ വേണമെന്നുമായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം.

എന്നാല്‍ ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഇത് രണ്ടും രണ്ടല്ലെന്നും ഒറ്റസംഭവത്തിന്റെ തുടര്‍ച്ച മാത്രമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

പണത്തിന് വേണ്ടി ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തി എന്ന കാര്യം കുറ്റപത്രത്തില്‍ വന്നത് പ്രോസിക്യൂഷന് സംഭവിച്ച പിഴവാണെന്നും അത് തിരുത്താന്‍ പ്രോസിക്യൂഷന്‍ കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here