മുഖമാസകലം ചോരപ്പാടുകൾ, ചുണ്ടിൽ എരിയുന്ന സിഗാർ, ആൻ്റെണി പെപ്പെയുടെ ഈ ലുക്കോടെ ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ആൻ്റെണി പെപ്പെയുടെ ജൻമദിനത്തിൽ അദ്ദേഹത്തിനു നൽകുന്ന സ്നേഹോപഹാരമായിട്ടാണ് ഈ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്.
മാർക്കോയുടെ തകർപ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാളൻ ചലച്ചിത്ര രംഗത്ത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ ഒന്നിന് തായ്ലാൻ്റിലാണ് ആരംഭിച്ചത്. പത്തു ദിവസത്തോളം നീണ്ടുനിന്ന ഇവിടുത്തെ ചിത്രീകരണത്തിനിട യിൽ പെപ്പെ ആനയോടും മറ്റും ഏറ്റുമുട്ടുന്ന ഹെവി ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിച്ചത്. അപ്പോൾത്തന്നെ മനസ്സിലാക്കാം കാട്ടാളൻ എന്ന ടൈറ്റിൽ നൽകുന്ന പ്രസക്തി. അത്രയും ഹൈ വോൾട്ടേജ് കഥാപാത്രമാണ് പെപ്പേയുടേത്.
ആൻ്റെണി വർഗീസ് എന്ന തൻ്റെ സ്വന്തം പേരിൽത്തന്നെയാണ് പെപ്പെയുടെ കഥാപാത്രം സ്ക്രീനിലെത്തുന്നത്. തായ്ലാൻ്റിൽ ആനയുമായുള്ള ഏറ്റുമുട്ടലിൽ കൈക്കു പരിക്കു പറ്റിയ പെപ്പെ ഇപ്പോൾ വിശ്രമത്തിലുമാണ്. തായ്ലാൻ്റ് പോർഷനിൽ ആക്ഷൻ കോറിയോഗ്രാഫി കൈകാര്യം ചെയ്തത് ഓങ്ബാക്ക് എന്ന ലോകപ്രശസ്ത ചിത്രത്തിൻ്റെ ടീം ആണ്.
ഒക്ടോബർ മധ്യത്തിനു ശേഷം ഇടുക്കിയിലാണ് ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുന്നത്. രാമേശ്വരമാണ് മറ്റൊരു ലൊക്കേഷൻ. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വ്യത്യസ്ഥ ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതാണ്. ആക്ഷൻ കോറിയോഗ്രാഫി രംഗത്തെ പ്രശസ്തനായ കെച്ച കെംബഡിക്കയാണ് ഈ ചിത്രത്തിൻ്റെ മറ്റ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
ഫുൾ ആക്ഷൻ പായ്ക്കഡ് സിനിമയെന്നു തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ജഗദീഷ്, കബീർദുഹാൻ സിംഗ്, സിദ്ദിഖ്, ആൻസൺ പോൾ അടക്കം ബോളിവുഡ്ഡിലേയും, മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു. സമീപകാലത്ത് കന്നഡ സിനിമകളിലെ സംഗീതവും സംഗീത സംവിധായകരും ഇൻഡ്യൻ ചലച്ചിത്ര രംഗത്ത് വലിയ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലെ പ്രശസ്തനായ അജനീഷ് ലോകനാഥാണ് ഈ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.
അരങ്ങിലും അണിയറയിലും ഇൻഡ്യയിലെ പ്രമുഖ ഭാഷകളിലെ മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് ആകർഷകമായ ഈ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെത്തുക
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനു മണമ്പൂർ .
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb