gnn24x7

ഒറ്റക്കൊമ്പൻ ലൊക്കേഷനിൽ ജിജോ പുന്നൂസ്

0
133
gnn24x7

പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം തുറന്നിരിക്കുന്ന കടകൾ, തിങ്ങി നിറഞ്ഞു ജനം, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധാര….. അങ്ങനെ തികച്ചും ഉത്സവപ്രതീതി.

ഇത് പാലാ കുരിശു പള്ളിത്തിരുന്നാളിൻ്റെ ഭാഗങ്ങളാണ്. പക്ഷെ ഇപ്പോഴത്തെ ഈ പെരുന്നാൾ സംഘടിപ്പിച്ചിരിക്കുന്നത് ഒറ്റക്കൊമ്പൻ എന്ന സിനിമക്കു വേണ്ടിയാണ്.

സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ഈ ചിത്രം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലൻ ഗോപാലനാണ് നിർമ്മിക്കുന്നത്.

നവാഗതനായ മാത്യുസ്തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ സുപ്രധാനമായ രംഗമാണ് പാലാ കുരിശു പള്ളിത്തിരുന്നാൾ. ഇക്കഴിഞ്ഞ ദിവസം ഇവിടുത്തെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഈ ലൊക്കേഷനിലേക്ക് ജിജോ പുന്നൂസ് കടന്നു വരുന്നത്.

ദൃശ്യവിസ്മയങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച വ്യക്തിത്ത്വങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രമുഖനാണ് ജിജോ പുന്നൂസ്. മലയാളത്തിലേക്ക് ആദ്യമായി സിനിമാസ്ക്കോപ്പ്, 70 M .M, ത്രീഡി എന്നിങ്ങനെ വലിയ വിസ്മയങ്ങൾ നൽകിയ നവോദയായുടെ മുഖ്യശിൽപ്പി”. മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രം മാത്രമാണ് സംവിധായകൻ എന്ന ക്രെഡിറ്റിൽ ഉള്ളുവെങ്കിലും മാമാങ്കം, പടയോട്ടം, തുടങ്ങിയചിത്രങ്ങളുടെയൊക്കെ ബുദ്ധികേന്ദ്രം ജിജോ തന്നെയായിരുന്നു.

ചലച്ചിത്ര രംഗത്തെ പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെടാത്ത വ്യക്തിത്ത്വം. ജിജോ പുന്നൂസ്സിൻ്റെ ഫാൻ ബോയ് ആയ സംവിധായകൻ മാത്യൂസ് തോമസ്സിൻ്റെ ആഗ്രഹപ്രകാരം സുരേഷ് ഗോപിയാണ് ജിജോയെ ഈ ലൊക്കേഷനിലേക്കു ക്ഷണിച്ചത്.  

പാലാക്കാർ ജൂബിലിത്തിരുന്നാൾ എന്നു പറയുന്ന ഈ പെരുന്നാളിൻ്റെ പിന്നാമ്പുറങ്ങളിൽ വലിയ സംഭവങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്. അതാണ് പ്രധാനമായും ഇവിടെ ചിത്രീകരിക്കുന്നത്.

ഒരു കാലത്ത് പാലായിലെചോരത്തിളപ്പിൻ്റെ മൂർത്തീമത് ഭാവം എന്നു വിളിക്കാവുന്ന കടുവാക്കുന്നേൽ കുറുവച്ചൻ്റെ കഥ പറയുന്ന ഒറ്റക്കൊമ്പനിൽ സംഘർഷം നിറഞ്ഞ മുഹൂർത്തങ്ങൾ ഏറെയാണ്. അത്തരത്തിലുള്ള ചില രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലാണ് ജിജോയുടെ കടന്നു വരവ്

  ജിജോ പുന്നൂസ്സിനെ സുരേഷ് ഗോപി, സംവിധായകൻ മാത്യൂസ് തോമസ്, സിദ്ദു പനയ്ക്കൽ, സെറ്റിലുണ്ടായിരുന്ന നടൻ ഇന്ദ്രജിത്ത്, ഛായാഗ്രാഹകൻ ഷാജി.എന്നിവർ ചേർന്നു സ്വീകരിച്ചു. ചിത്രീകരണം ഏറെ നേരം കണ്ട ജിജോയെ മുമ്പ് ചിത്രീകരിച്ച പലരംഗങ്ങളും കാണിച്ചു കൊടുക്കുകയും ചെയ്തു.

“ഒരു ഷോട്ട് സാറെടുക്കണമെന്ന ആഗ്രഹം സംവിധായകൻ മാത്യൂസ് തോമസ്സും, സുരേഷ് ഗോപിയും ആവശ്യപ്പെട്ടതോടെ അദ്ദേഹം അതിനു സമ്മതം മൂളി. ഒരു ഷോട്ടിന് അദ്ദേഹം ആക്ഷൻ പറഞ്ഞു.

നാൽപ്പതു വർഷങ്ങൾക്കു ശേഷമാണ് ജിജോ ഒരു സിനിമക്കു വേണ്ടി ആക്ഷൻ പറയുന്നത്. വലിയ മുതൽമുടക്കിൽ ഏതാണ്ട് എഴുപത്തിയഞ്ചു കോടിയോളം രൂപ മുടക്കിയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

‘ഒരു പൊതുവേദികളിലും പ്രത്യക്ഷപ്പെടാത്ത, മറ്റൊരു സിനിമാസെറ്റിൽ പ്പോലും പോകാത്ത ജിജോയുടെ സാന്നിദ്ധ്യം ചിത്രത്തിന് ഏറെ സന്തോഷ മുഹൂർത്തങ്ങളായി മാറി.

മലയാള സിനിമക്ക് പുതിയൊരു സംഭാവന നൽകാനുള്ള തയ്യാറെടുപ്പിലാണ് ജിജോ പുന്നൂസ്.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7