മലയാളി പെൺകുട്ടിയുടെ കോവിഡ് ബോധവത്കരണ ഗാനം ഓസ്ട്രേലിയയിൽ ചർച്ചയാകുന്നു. ദേവഞ്ജന അയ്യർ എന്ന ഒമ്പതുവയസുകാരിയുടെ ഗാനത്തെ അഭിനന്ദിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ കത്തെഴുതി. “ഈ പാട്ട് എന്നിൽ പുഞ്ചിരി വിടർത്തി. ചെറുപ്രായത്തിൽ തന്നെ സംഗീതത്തിൽ ഇത്രയും കഴിവ് തെളിയിച്ച ദെവിയിൽനിന്ന് ഭാവിയിലും ഒരുപാട് പ്രതീക്ഷിക്കുന്നു. ഓസ്ട്രേലിയക്കാർ ഒരുമിച്ച് നിന്ന് വൈറസിനെ തുരത്താൻ ഈ ഗാനം സഹായിക്കും. ദെവിയെപ്പോലെയുള്ള കുട്ടികൾ ഇതിനായി മുന്നോട്ടുവരുന്നത് വലിയ പ്രതീക്ഷയാണ്”- സ്കോട്ട് മോറിസൺ കത്തിൽ എഴുതി.
‘കൊറോണവൈറസ് നിസാരക്കാരനല്ല, ഇതിന്‍റെ പ്രത്യാഘാതങ്ങൾ വലുതാണ്. എല്ലാവരും പ്രധാനമന്ത്രി സ്കോട്ട് മോറിസന്‍റെ നിർദേശങ്ങൾ പാലിക്കണം’- ഇതായിരുന്നു ദെവിയുടെ പാട്ടിലെ വരികൾ.
‘ഓസ്ട്രേലിയൻ പ്രധാനമന്ത്രി ഏറെ തിരക്കുള്ളയാളല്ലേ, അദ്ദേഹം ഇത് കാണുമെന്ന് ഒരിക്കൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല’- ദേവാഞ്ജന അയ്യർ പറഞ്ഞു. കോവിഡ് പ്രതിരോധം സംബന്ധിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി നടത്തുന്ന വാർത്താസമ്മേളനമാണ് ഇത്തരമൊരു ഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിക്കാൻ പ്രേരണയായതെന്ന് ദെവി പറയുന്നു.
പ്രധാനമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടുന്ന വാർത്തകളാണ് ഗാനം ആലപിക്കാനുള്ള പ്രചോദനമെന്നും ദെവി പറഞ്ഞു.








































