gnn24x7

പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ

0
300
gnn24x7

മസ്കറ്റ്: പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണത്തിന് പുതിയ നിബന്ധനകളുമായി ഒമാൻ. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും ബാധകമാണ് പുതിയ നിർദേശങ്ങൾ. പൊതുസ്ഥലങ്ങളിൽ എളിമയായ വസ്ത്രം ധരിക്കണമെന്ന ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന നിർദേശങ്ങൾ ലംഘിച്ചാൽ 300 ഒമാനി റിയാൽ വരെ ഫൈനും മൂന്ന് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഒമാൻ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഇ‌തുമായി ബന്ധപ്പെട്ട് മുൻസിപ്പൽ കമ്മിറ്റി തയ്യാറാക്കിയ നിയാമവലി മുൻസിപ്പൽ കൗൺസിലിന് കൈമാറിയിട്ടുണ്ട്. ഇത് അംഗീകാരത്തിനായി ദിവാൻ മന്ത്രാലയത്തിന് സമർപ്പിക്കും. ‘വസ്ത്രധാരണരീതി എങ്ങനെയുണ്ടാകണമെന്നത് സംബന്ധിച്ച് വിശദമായി പറഞ്ഞിട്ടില്ലെങ്കിലും തോൾ മുതൽ മുട്ടിന് താഴെ വരെ പൂർണ്ണമായും മറയുന്ന തരത്തിലുള്ളതാകണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്’ എന്നാണ് മുൻസിപ്പൽ കൗൺസിൽ പബ്ലിക്ക് അഫേഴ്സ് കമ്മിറ്റി ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അല്‍ മഅ്ഷറി അറിയിച്ചിരിക്കുന്നത്.‌‌

‘സഭ്യതാ മാനദണ്ഡങ്ങൾ ലംഘിക്കാത്ത തരത്തിലാകണം വസ്ത്രധാരണം. ശരീരഭാഗങ്ങൾ അധികം വെളിപ്പെടുത്താത്ത അവശ്യഭാഗങ്ങളെല്ലാം മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ വേണം ധരിക്കേണ്ടത്. സെൻസിറ്റീവ് ചിത്രങ്ങളും ഇല്യുസ്ട്രേഷനുകളും ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കണം’ അദ്ദേഹം പറയുന്നു. അതേസമയം ഒമാനിലെ വൈവിധ്യമാർന്ന സംസ്കാരം, ആശയങ്ങൾ, മതപരമായ സഹിഷ്ണുത എന്നീ കാരണങ്ങൾ കൊണ്ട് എളിമയായ വസ്ത്രധാരണരീതിയെക്കുറിച്ചുള്ള നിർദേശങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതിനെ സംബന്ധിച്ച് പറഞ്ഞിട്ടില്ല.

ഒമാനികൾക്ക് പുറമെ രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും നിർദേശങ്ങൾ ബാധകമായിരിക്കും. ‘ധരിക്കുന്ന വസ്ത്രങ്ങൾ എളിമയുടെ മര്യാദകള്‍ ലംഘിക്കുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ തന്നെ പുതിയ നിർദേശങ്ങൾ വിവേചനം ഒന്നും കൂടാതെ തന്നെ നടപ്പാക്കും. പുതിയ തീരുമാന പ്രകാരം സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും മുട്ടിന് മുകളില്‍ നിൽക്കുന്ന ഷോട്സ് ധരിക്കാൻ പാടുള്ളതല്ല. അതുപോലെ തന്നെ നെഞ്ചും തോളുകളും വ്യക്തമാക്കുന്ന തരത്തിലുള്ള സ്ലീവ്ലെസ് വസ്ത്രങ്ങളും ഒഴിവാക്കണം’ അൽ മഅ്ഷറി വ്യക്തമാക്കി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here