gnn24x7

ഇന്ന് അധ്യാപക ദിനം; കല്ലുചുമന്നും സ്‌കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി ചെയ്തും നടക്കുന്ന ഒരു പ്രധാനധ്യാപകന്റെ കഥ

0
343
gnn24x7

കോഴിക്കോട്: കല്ലുചുമന്നും സ്‌കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി ചെയ്തും തെങ്ങില്‍ കയറി തേങ്ങയിട്ടുമൊക്കെ സ്‌കൂളിന്റെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനുണ്ട് കോഴിക്കോട്ട്. തിരുവമ്പാടി മുത്തപ്പന്‍പുഴ മലമുകളിലെ സെന്റ് ഫ്രാന്‍സിസ് എല്‍ പി സ്‌കൂളിലെ പ്രധാനധ്യാപകന്‍ ലൈജു തോമസാണ് അവധിക്കാലത്തും സ്‌കൂളില്‍ അന്തിയുറങ്ങി കൃഷിപ്പണിയും മറ്റും തുടരുന്നത്.

കോവിഡ് കാലത്ത് ക്ലാസില്ലെങ്കിലും ലൈജുമാഷ് സ്‌കൂളിലുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ ചേനയും ചേമ്പും കപ്പയുമെല്ലാം കൃഷി ചെയ്യുന്നത് മാഷ് തന്നെ. കൂടാതെ മത്സ്യം വളര്‍ത്താന്‍ കുളവും. കൂടാതെ സമീപത്തെ പാറപൊട്ടിച്ച് സ്‌കൂളിന് മതില്‍ കെട്ടുന്ന ജോലിയും ലൈജു മാഷ് ഒറ്റയ്ക്ക് തന്നെയാണ് ചെയ്യുന്നത്.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ 20 കുട്ടികളള്‍ പഠിക്കുന്നുണ്ട്. 11 പേരും  പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസി കുട്ടികളാണ്. മുത്തപ്പന്‍പുഴ മലമുകളില്‍ ചര്‍ച്ചിന് സമീപം തന്നെയാണ് സ്‌കൂളും. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ പിടിഎ ഫണ്ടുമില്ല.

ലൈജുമാഷെ കൂടാതെ ഒരു സ്ഥിരം അധ്യാപകനും താല്‍ക്കാലിക അധ്യാപകനുമുണ്ട് ഈ എയ്ഡഡ് സ്‌കൂളില്‍. ഇരുവഴിഞ്ഞിപ്പുഴയുടെ ഉത്ഭവകേന്ദ്രത്തിനടുത്ത് വയനാടുമായി അതിരിടുന്ന വെള്ളരിമലയ്ക്ക് സമീപമാണ് ഈ മുത്തപ്പന്‍പുഴയിലെ ഈ സ്‌കൂള്‍.

സെന്റ് ഫ്രാന്‍സിസ് എയ്ഡഡ് സ്‌കൂളില്‍ 2018ലാണ് ലൈജു മാഷ് പ്രധാനാധ്യാപകനായെത്തുന്നത്. അതിന് ശേഷം പരിസരം കൃഷിയിടംകൂടിയായി മാറി. നമ്മള്‍ ഇടപെടുന്ന മേഖലകളില്‍ ചില അടയാളപ്പെടുത്തല്‍ വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ലൈജു തോമസ് ന്യൂസ് 18നോട് പറഞ്ഞു.

ഒരു ദിവസം എട്ടുരൂപയാണ് ഒരു കുട്ടിക്ക് ഉച്ചക്കഞ്ഞിക്ക് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ രാവിലെ പ്രാതലും ഉച്ചയ്ക്ക് കഞ്ഞിയും വൈകിട്ട് ചായയും അവിലുമെല്ലാം ലൈജുമാഷ് കുട്ടികള്‍ക്ക് നല്‍കും. മാഷിന്റെ കയ്യില്‍ നിന്ന് കുറച്ച് കാശ് അങ്ങനെ പൊടിയും. എന്നാലും കുട്ടികള്‍ക്ക് സന്തോഷമാണ് വലുതെന്ന് മാഷ് പറയുന്നു.

മികച്ച അത്‌ലറ്റ്കൂടിയായ ലൈജുമാഷ് തൊടുപുഴയിലാണ് ജനിച്ചത്. പത്തൊമ്പത് വര്‍ഷത്തെ അധ്യാപക ജീവിതത്തിനിടയില്‍ ഒരു തവണപോലും അവധിയെടുത്തിട്ടില്ലെന്ന് ലൈജുമാഷ് പറയുന്നു. 46കാരനായ ലൈജുമാഷ് മുമ്പ് നാല് സ്‌കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here