ജയറാം ചിത്രം ‘നമോ’യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ ആസിഫ് അലിയുടെ പേജിലൂടെ പുറത്തിറക്കി. ഭാരത മഹാത്മ്യവും, സംസ്കൃത ഭാഷ ശ്രേഷ്ഠ ജ്ഞാനവും ലോകത്തെ അറിയിക്കാൻ സംസ്‌കൃത ഭാഷയിൽ ഒരുക്കുന്ന ചിത്രമാണ് ‘നമോ’.
രണ്ട് പ്രാവശ്യം ഗിന്നസ് റെക്കോർഡും ഇന്ത്യൻ പനോരമ അംഗീകാരവും നേടിയ സംവിധായകൻ വിജീഷ് മണിയുടെ സിനിമയാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും കലാകാരൻമാരുടെ കൂട്ടായ്മയിലാണ് ഈ ചിത്രം പിറന്നത്.
കൃഷ്ണ-കുചേല കഥയുടെ ഇതിവൃത്തത്തിലൂടെ നല്ല രാജാവും നല്ല പ്രജയും എന്തായിരിക്കണമെന്ന ഭാരതീയ തത്വസംഗിതകളെ സംസ്കൃതത്തിന്റെ തനത് രൂപത്തിൽ തന്നെ രേഖപ്പെടുത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. കൃഷ്ണകുചേല സൗഹൃദത്തിന്റെ വ്യത്യസ്തതയാർന്ന കാഴ്ചകളും ആസ്വാദനവും നൽകുന്ന ‘നമോ’ വിദേശകാര്യ മന്ത്രാലയത്തിന്റെയും സംസ്കാരിക മന്ത്രാലയത്തിന്റെയും സഹായത്തോടെ ലോകമെമ്പാടും പ്രദർശിപ്പിക്കാനുള്ള പ്രവർത്തനകൾ നടന്നുവരുന്നു.
തന്റെ കരിയറിലെ ഏറ്റവും ആഹ്ലാദവും വിലപ്പെട്ടതുമായ യത്നം തന്നെയായിരുന്നു ഈ സിനിമയുടെ പ്രവർത്തനമെന്ന് സംവിധായകൻ വിജീഷ് മണി അഭിപ്രായപ്പെട്ടു. ശരീരഭാരം കുറച്ചും, തലമുണ്ഡനം ചെയ്തും ജയറാം മുഖ്യ കഥാപാത്രമായ കുചേലനാവുന്ന ഈ സിനിമയിൽ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നുള്ളവരാണ് കഥാപാത്രങ്ങളായത്.
