മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യരുതെന്ന ആവശ്യവുമായി കുഞ്ഞാലി മരയ്ക്കാരുടെ താവഴിയില്‍ പെട്ട മുഫീദ അരാഫത്ത് മരയ്ക്കാരുടെ ആവശ്യം. ഈ ആവശ്യവുമായി മുഫീദ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചരിത്രസിനിമ എന്ന വിശേഷണവുമായി എത്തുന്ന ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നാണ്
മരയ്ക്കാർ കുടുംബത്തിന്‍റെ ആരോപണം.
ചിത്രത്തിൽ കുഞ്ഞാലി മരയ്ക്കാറുടെ വേഷവും പ്രണയരംഗങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇവർ ആരോപിക്കുന്നു. സാമൂതിരിയുടെ കപ്പൽ പടത്തലവൻ കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘മരയ്ക്കാർ, അറബിക്കടലിന്റ സിംഹം’. ചരിത്ര സിനിമയെന്ന് ചിത്രത്തെ വിശേഷിപ്പിക്കുമ്പോള്‍ ചിത്രം ചരിത്രത്തോട് നീതി പുലർത്തുന്നില്ലെന്നാണ് പരാതി.
മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്‍റെ തലപ്പാവിലെ ഗണപതി വിഗ്രഹമാണ് പ്രധാന തര്‍ക്ക വിഷയം. ഇസ്ലാം മതവിശ്വാസിയായ കുഞ്ഞാലി മരയ്ക്കാർ തന്‍റെ തലപ്പാവില്‍ ഒരിക്കലും അത്തരം ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് പരാതിക്കാര്‍ പറയുന്നു. ഇതിന് തെളിവായി ചരിത്രരേഖകളിലെ കുഞ്ഞാലി മരയ്ക്കാരുടെ ഛായാചിത്രങ്ങളും ഇവര്‍ കാണിക്കുന്നുണ്ട്. തുര്‍ക്കി തൊപ്പിയോടായിരുന്നു കുഞ്ഞാലി മരയ്ക്കാരുടെ തലപ്പാവിന് സാദൃശ്യം. എന്നാല്‍ ചിത്രത്തില്‍ അത് സിഖുകാരുടെ തലപ്പാവിന് സമാനമായ രൂപത്തിലാണ്.
വിവാഹം കഴിക്കുകയോ പ്രണയിക്കുകയോ ചെയ്തിട്ടില്ലാത്ത കുഞ്ഞാലി മരയ്ക്കാർ നാലാമന് ചിത്രത്തില്‍ പ്രണയമുണ്ട്. മരയ്ക്കാരുടെ പ്രണയരംഗങ്ങൾ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. അടിസ്ഥാനപരമായ ഗവേഷണം പോലും നടത്താതെയാണ് സിനിമയുടെ തിരക്കഥയും ചിത്രീകരണവുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അഡ്വ നൂറുദ്ദീന്‍ പറഞ്ഞു.ചരിത്രത്തോട് നീതി പുലര്‍ത്താത്ത സിനിമ അദ്ദേഹത്തിന്‍റെ കുടുംബത്തെ മാത്രമല്ല, ഒരു സമുദായത്തെയാകെ അപമാനിക്കുകയാണെന്നും മുഫീദ മരയ്ക്കാര്‍ പറഞ്ഞു. ഈ മാസം 26ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സെൻസർഷിപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മുഫീദ. ഹർജി മാർച്ച് 9ന് പരിഗണിക്കും.
സിനിമ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ മുതല്‍ വിതരണക്കാരായ മാക്സ് ലാബ് സിനിമാസ് വരെയുള്ള 11 പേരാണ് എതിര്‍കക്ഷികള്‍. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി പ്രിയദര്‍ശനുമടക്കമുള്ള വന്‍ താരനിര ചിത്രത്തിലുണ്ട്.





































