ഇക്കഴിഞ്ഞ ദിവസം ജോർദാനിലെ ആടുജീവിതം ഷെഡ്യൂൾ പാക്ക്അപ്പ് ആയ വിവരം ഫേസ്ബുക് പോസ്റ്റിലൂടെ പൃഥ്വിരാജ് പ്രിയ പ്രേക്ഷകരെ അറിയിച്ചിരുന്നു. നജീബിനായി മെലിഞ്ഞുണങ്ങിയ ശേഷമാണ് പൃഥ്വി ജോർദാനിലേക്ക് തിരിച്ചത്. എന്നാൽ മരുഭൂമിയിൽ ഷൂട്ടിംഗ് നടക്കുന്ന നാളുകളിലെ ലുക്ക് ഇതുവരെയും പുറത്തിറങ്ങിയിരുന്നില്ല. എന്നാലിപ്പോൾ ഷെഡ്യൂൾ പൂർത്തിയാക്കിയതിന്റെ ആഘോഷ വേളയിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു. ഭാര്യ സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചിത്രം ഉൾപ്പെടെയുണ്ട് ഇക്കൂട്ടത്തിൽ.
ഒട്ടനവധി പ്രതിസന്ധികൾ തരണം ചെയ്താണ് ബ്ലെസി ചിത്രത്തിന്റെ ജോർദാൻ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കരുതിവച്ചിരുന്ന ഭക്ഷണം തീർന്നു പോയേക്കാമെന്ന അവസ്ഥ വരെയുണ്ടായി. ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി.
സംവിധായകൻ ബ്ലെസിയുടെ ഇ-മെയിൽ സന്ദേശത്തെത്തുടർന്ന് കേന്ദ്ര സർക്കാർ ഇടപെട്ട് ഷൂട്ടിംഗ് സംഘത്തിന് സൗകര്യങ്ങൾ ഒരുക്കി നൽകുകയായിരുന്നു.നിലവിൽ, നാട്ടിലേക്ക് മടങ്ങി വരാനുള്ള ചാർട്ടഡ് വിമാനത്തിനുള്ള അനുമതി കാത്ത് നിൽക്കുകയാണ് സംഘം എന്നാണ് ഏറ്റവും ഒടിവിൽ ലഭിച്ച വിവരം.