അന്ന ബെൻ നായികയായ പുതിയ ചിത്രം ‘കപ്പേള’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം, സുധി കോപ്പ എന്നിവർ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
പൂവാർമല എന്ന മലയോര ഗ്രാമത്തിൽ നിന്നും കോഴിക്കോട് സിറ്റിയിൽ എത്തുന്ന സാധാരണക്കാരിയായ പെൺകുട്ടിയുടെ വേഷമാണ് അന്ന അവതരിപ്പിക്കുന്നത്. വയനാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
സുധീഷ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, നിഷ സാരംഗ് എന്നിവരാണ് മറ്റു താരങ്ങൾ.
കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിഖിൽ വാഹിദ്, സദസ് എന്നിവരും സംവിധായകനും ചേർന്നാണ് രചിച്ചിരിക്കുന്നത്. ക്യാമറ: ജിംഷി ഖാലിദ്, സംഗീതം: സുഷിൻ ശ്യാം, വരികൾ: വിഷ്ണു ശോഭന. ചിത്രം ഫെബ്രുവരി 28ന് റിലീസാവും.