gnn24x7

നരിവേട്ടക്ക് തുടക്കമായി

0
183
gnn24x7

മലയാള സിനിമയിലേക്ക് കടന്നു വരുന്ന ഒരു നിർമ്മാണ സ്ഥാപനത്തിൻ്റേയും അവരുടെ ആദ്യ ചിത്രത്തിൻ്റെയും ലോഞ്ചിംഗ് കൊച്ചിയിൽ അരങ്ങേറി. ജൂലൈ ഇരുപത്തി ഒന്ന് ഞായറാഴ്ച്ച കലൂർ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിലൂടെയായിരുന്നു തുടക്കം കുറിച്ചത്.

ഇൻഡ്യൻ സിനിമാക്കമ്പനി

ഇൻഡ്യൻ സിനിമാ കമ്പനി എന്നാണ് ഈ സ്ഥാപനത്തിൻ്റെ പേര്. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള താണ് ഈ സ്ഥാപനം. എൻ. എം. ബാദുഷയാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

നരിവേട്ട ആദ്യ ചിത്രം

ഇൻഡ്യൻ സിനിമാക്കമ്പനി നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് നരിവേട്ട. അനുരാജ് മനോഹർ ഈ ചിത്രം സംവിധാനം ചെയ്യുന്നു. ഏറെ ശ്രദ്ധേയമാക്കുകയും, മികച്ച വിജയം നേടുകയും ചെയ്ത ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടൊവിനോ തോമസ്സാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചേരൻ മലയാളത്തിൽ

തമിഴ് സിനിമയിൽ സംവിധായകനായും, അഭിനേതാവായും തിളങ്ങുന്ന ചേരൻ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സുരാജ് വെഞ്ഞാറമൂടാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണനാണ് നായിക. അഭിനേതാക്കളും അണിയറ പ്രവർത്തകരും ചലച്ചിത്ര പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ഈ ചടങ്ങിൽ ടൊവിനോ തോമസ് ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ലോഞ്ചിംഗ് നിർവ്വഹിക്കുകയുണ്ടായി. ചേരൻ നരിവേട്ട എന്ന ടൈറ്റിൽ ലോഞ്ചും നിർവ്വഹിച്ചു.

ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം ഈ ചിത്രത്തിലേക്ക് എത്തപ്പെടാൻ രണ്ടര വർഷത്തോളം സമയം വേണ്ടി വന്നുവെന്ന് സംവിധായകനായ അനുരാജ് പറഞ്ഞു. ഇഷ്ക് എന്ന ചിത്രം ചെറിയ ക്യാൻവാസ്സിൽ ചിത്രീകരിച്ച സിനിമയായിരുന്നു. എന്നാൽ നരിവേട്ട വിശാലമായ ക്യാൻവാസ്സിൽ ചിത്രീകരിക്കേണ്ട സിനിമയാണ്. ടൊവിനോ എന്ന സുഹൃത്ത് ആണ് അതിനു നിമിത്തമായെന്നും ചടങ്ങിൽ അനുരാജ് അനുസ്മരിച്ചു. ഇതിലെ ഒരു കഥാപാത്രത്തിൻ്റെ ഘടന ചേരൻ സാറിലാണ് എത്തിച്ചേർന്നത്. അദ്ദേഹത്തോട് കഥ പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ അതുൾക്കൊണ്ടു ഈ കഥാപാത്രത്തെ അങ്ങനെ ചേരൻ സാറിലെത്തി. ഒപ്പം അദ്ദേഹത്തെ ആദ്യമായി മലയാളത്തിൽ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൻ്റെ സന്തോഷവും സംവിധായകൻ പങ്കുവച്ചു.

മലയാളത്തിൽ അഭിനയിക്കുന്നതിനായി ഏറെക്കാലമായി പലരും സമീപിച്ചിരുന്നു. തമിഴ് സിനിമയിലെ ജോലിത്തിരക്കുമൂലം അതിനു സാധിക്കാതെ വന്നു. ഈ ചിത്രത്തിലൂടെ അതിന് സാഹചര്യം ഒത്തുവന്നിരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടന്ന് ചേരൻ തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലങ്കിലും ഓട്ടോഗ്രാഫ് എന്ന ചിത്രത്തിൽ താൻ മലയാളി കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നതും അദ്ദേഹം ഇവിടെ അനുസ്മരിച്ചു. അനുരാജുമായി ഏറെക്കാലത്തെ ബന്ധമാണ് തൻ്റെതെന്ന് ടൊവിനോയും പറഞ്ഞു. ചേരൻ്റെ കടന്നു വരവിൻ്റെ സന്തോഷവും ടൊവിനോ പങ്കുവച്ചു. ഇത്തരമൊരു ചിത്രത്തിലൂടെ മലയാള സിനിമയി ലേക്ക് ആദ്യമായി കടന്നുവരാൻ കഴിഞ്ഞതിൻ്റെ സന്തോഷം നിർമ്മാതാക്കളായ ടിപ്പു ഷാനും, ഷിയാസ് ഹസ്സനും പങ്കുവച്ചു.

വിജയ് ബാബു, മേജർ രവി, ജിനു.വി. ഏബ്രഹാം, അഭിലാഷ് പിള്ള, നായിക പ്രിയംവദാ കൃഷ്ണൻ എന്നിവരും ആശംസകൾ നേർന്നു. ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്, നിർമ്മാതാവ് അനൂപ് മോഹൻ എന്നിവരും സന്നിഹിതരായിരുന്നു. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ എൻ. എം. ബാദുഷ നന്ദി പ്രകാശിപ്പിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിൻ്റെ രചയിതാവായ അബിൻ ജോസഫാണ് ഈ ചിത്രത്തിജ്ൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ഷൻ തില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. കേരളത്തിലെ ചില വർഗസമരങ്ങളും പരോക്ഷമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.

സാമൂഹ്യ പ്രതിബദ്ധത ഏറെയുള്ള ഒരു ചെറുപ്പക്കാരനും സുഹൃത്തിനും തൻ്റെ ഉദ്യമങ്ങൾക്കിടയിൽ അരങ്ങേറുന്ന സംഭവങ്ങൾ ഈ ചിത്രത്തെ ഏറെ സംഘർഷമാക്കുന്നു. ഏതാനും പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിൽ.

സംഗീതം – ജേയ്ക്ക് ബിജോയ്സ്.

ഛായാഗ്രഹണം – വിജയ്.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.

കലാസംവിധാനം – ബാവ.

മേക്കപ്പ് – അമൽ.

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് കുമാർ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷക്കീർ ഹുസൈൻ.

പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ.

ജൂലൈ ഇരുപത്തിയാറിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിലും വയനാട്ടിലുമായി പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ – ശ്രീ രാജ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7