തെന്നിന്ത്യൻ സംഗീത ലോകത്ത് പകരം വെക്കാനാകാത്ത ശബ്ദ മാധുര്യത്തിനു ഇന്ന് 81 ആം പിറന്നാൾ.. മലയാളത്തിന്റെ ദത്തു പുത്രി എസ് ജാനകിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സംഗീത ലോകവും ആരാധകരും.
ആറ് പതിറ്റാണ്ടുകൾ നിറഞ്ഞ് നിന്ന സംഗീതയാത്രയിൽ എത്ര കേട്ടാലും മതി വരാത്ത അനേകം ഗാനങ്ങളാണ് ആ സ്വരമാധുര്യത്തിൽ പുറത്തിറങ്ങിയത്. എണ്ണിയാൽ തീരാത്ത ചിത്രങ്ങൾക്ക് വേണ്ടി പിന്നണി പാടിയ ജാനകിയുടെ ആദ്യ മലയാളഗാനം 1964 ഇൽ യേശുദാസിനൊപ്പമായിരുന്നു. ദേവരാജൻ മാസ്റ്റർ ഈണം നൽകിയ യുഗ്മ ഗാനം ആയിരുന്നു ഇത്.
വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങളാണ് ആരാധകരുടെ പ്രിയ ജാനകിയമ്മ പാടിയത്. ഉണരൂ വേഗം നീ…, സ്വർണ്ണമുകില.., ആടി വാ കാറ്റേ.., മലർക്കൊടി പോലെ, തുമ്പീ വാ, സന്ധ്യേ…, നാഥാ നീ വരും, കിളിയേ കിളിയേ, കണ്ണു കണ്ണും..തുടങ്ങി മലയാളികള്‍ ഇപ്പോഴും ഓർക്കുന്ന നിരവധി ഗാനങ്ങൾ..
സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ ഉച്ചാരണ ശുദ്ധി കൊണ്ട് ഭാഷകളെ നിഷ്പ്രഭം ആക്കിയ ജാനകിയെ തേടി നാല് തവണയാണ് ദേശീയ പുരസ്കാരം എത്തുന്നത്. 14 തവണ സംസ്ഥാന പുരസ്‌കാരം… 2013ഇൽ പത്മഭൂഷൻ ലഭിച്ചെങ്കിലും വൈകി വന്ന അംഗീകാരത്തെ സ്വീകരിച്ചില്ല..
2017ഇൽ മൈസൂരിൽ ആയിരങ്ങളെ സാക്ഷിയാക്കി സിനിമയിലും പൊതു വേദിയിലും പാടുന്നത് അവർ അവസാനിപ്പിച്ചു.സിനിമ ലോകത്ത് ഹൃദയ വിശുദ്ധിയും വിനയവും ഒരു പോലെ കാത്തു സൂക്ഷിച്ച ജാനകിയുടെ ഗാനങ്ങൾ വിരഹമായും പ്രണയമായും ഇപ്പോഴും ആരാധകരുടെ മനസിൽ നിറഞ്ഞു നിൽക്കുകയാണ്.





































