യാത്ര എനിക്കൊരു ലഹരിയാണ്. അയർലണ്ടിലെത്തിയപ്പോൾ ആ ലഹരിക്കു വീര്യം വർദ്ധിച്ചു. ഒരു യൂറോപ്യൻ പ്രവാസം ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്വപ്നത്തിൽപ്പോലും കടന്നു വന്നിട്ടില്ല. പക്ഷെ, ഇന്നിപ്പോൾ കാണാത്ത സ്വപ്‌നങ്ങൾ ഓരോന്നായി യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. കണ്ടും അനുഭവിച്ചും ആസ്വാദനത്തിന്റെ ഉത്തുംഗ ശ്രേണിയിലേക്ക് എത്തിപ്പെടാവുന്ന എത്രയോ നഗരങ്ങളാണ് യൂറോപ്പിലുള്ളത്. ഡബ്ലിനിൽ നിന്ന് യൂറോപ്പിലെ ഏതു നഗരത്തിലേക്കും രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് പറന്നെത്താം. നന്നായി മുന്നൊരുക്കം ചെയ്താൽ അധികച്ചെലവില്ലാതെ പലയിടങ്ങളും സന്ദർശിച്ചു മടങ്ങാം. ഇഷ്ടമുള്ള ഒരു നൂറിടങ്ങളെങ്കിലും എന്റെ ലിസ്റ്റിലുണ്ട്. ശിഷ്ട ജീവിതത്തിൽ എല്ലാം സാധ്യമാകുമോ എന്നറിയില്ല. ഇതിനോടകം പത്തിരുപതിടങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. സന്ദർശിച്ച ഓരോ ഇടവും യാത്രകൾ ഇഷ്ടപ്പെടുന്നവർക്കു വേണ്ടി പരിചയപ്പെടുത്തുന്നു.

ആംസ്റ്റർഡാം (Amsterdam)
നെതെർലാൻഡ്സ് എന്ന ഡച്ച് രാജ്യത്തിന്റെ തലസ്ഥാനമാണ് ആംസ്റ്റർഡാം. നെതർലാൻഡ്‌സിന് താഴ്ന്നതും നിരപ്പുള്ളതുമായ ഭൂപ്രകൃതി എന്ന അർത്ഥമുണ്ട്. നെതർലാൻഡ്‌സിന്റെ മൂന്നിലൊന്നു ഭൂപ്രദേശവും സമുദ്രനിരപ്പിൽ നിന്നു താഴെയാണ്. അതുകൊണ്ടു തന്നെ ഈ രാജ്യം വടക്കിന്റെ വെനീസ് എന്നറിയപ്പെടുന്നു. നമ്മുടെ ആലപ്പുഴയും സമുദ്രനിരപ്പിൽ നിന്നു താഴെയാണ്. അതുകൊണ്ടാണ് ആലപ്പുഴയെ, പ്രത്യേകിച്ചു കുട്ടനാടിനെ കിഴക്കിന്റെ വെനീസ് എന്നു വിളിക്കുന്നത്.
നെതർലാൻഡ്‌സിന്റെ ഔദ്യോഗിക ഭാഷ ഡച്ച് ആണ്. പോർച്ചുഗീസുകാർക്കു ശേഷം ഡച്ച് ഈസ്റ്റ് ഇൻഡ്യ കമ്പനിയിലൂടെ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ച ഡച്ചുകാരുടെ കൊള്ളയും, കൊള്ളിവെപ്പും, കൊലകളും, അടിമക്കച്ചവടവും പഴയ ചരിത്രമായി അവശേഷിക്കുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ വരവോടെ ഡച്ചുകാർക്ക് പിന്തിരിയേണ്ടി വന്നു. എല്ലാവർക്കും വേണ്ടിയിരുന്നത് നമ്മുടെ സുഗന്ധദ്രവ്യങ്ങളും, ധാതുസമ്പത്തും ധാന്യ സമ്പത്തുമായിരുന്നു.
നെതർലാൻഡ്‌സ്, ഹോളണ്ട് എന്ന പേരിലും അറിയപ്പെടുന്നു. പക്ഷെ, തെക്കൻ ഹോളണ്ടും വടക്കൻ ഹോളണ്ടും നെതർലാൻഡ്‌സിന്റെ പന്ത്രണ്ടു പ്രവിശ്യകളിൽ രണ്ടെണ്ണം മാത്രമാണ്. നെതർലാൻഡ്‌സിന്റെ ദേശീയ പതാകയുടെ നിറം ചുവപ്പും വെള്ളയും നീലയും കലർന്നതാണെങ്കിലും, ദേശീയ നിറം ഓറഞ്ച് ആണ്. അതവരുടെ രാജകുടുംബത്തോടുള്ള (House of Orange – Nassau) ആദരവ് കൊണ്ടാണെന്നു പറയപ്പെടുന്നു. വില്യം അലക്സാണ്ടർ രാജാവിന്റെ പിറന്നാൾ ദിവസമായ ഏപ്രിൽ 27, നെതർലാൻഡ്‌സിന്റെ ദേശീയ ദിനമായി ആചരിക്കപ്പെടുന്നു. അന്നേ ദിവസം ജനം ഓറഞ്ച് നിറത്തിലുള്ള വേഷം ധരിക്കുകയും, നഗരങ്ങൾ ഓറഞ്ച് നിറം കൊണ്ട് അലങ്കരിക്കപ്പെടുകയും ചെയ്യുന്നു.
ലോക കപ്പ് ഫുട്ബോളിൽ നെതർലാൻഡ്‌സിന്റെ ഓറഞ്ച്പട മൂന്നു തവണ ഫൈനൽ കളിച്ചെങ്കിലും ജയിക്കാനായില്ല. ജോഹാൻ ക്രൈഫ്, മാർക്കോ വാൻ ബാസ്റ്റൻ, റൂഡ് ഗുള്ളിറ്റ്, ഡെന്നിസ് ബെർഗ്ക്യാമ്പ്, ഫ്രാങ്ക് റൈക്കാർഡ് തുടങ്ങിയ നെതർലാൻഡ്‌സിന്റെ ലോകോത്തര കളിക്കാരെ ഫുട്ബോൾ പ്രേമികൾക്കു മറക്കാനാവില്ല.
ഡബ്ലിനിൽ നിന്ന് ഫ്ലൈറ്റിൽ ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ആംസ്റ്റർഡാമിലെ സ്‌കിഫോൾ എയർപോർട്ടിലെത്താം. ഔദ്യോഗിക ഭാഷ ഡച്ച് ആണെങ്കിലും ആംസ്റ്റർഡാമിലെ മിക്ക ആളുകളും ഇംഗ്ലീഷ് നന്നായി സംസാരിക്കും. ഏപ്രിൽ മാസത്തിലായിരുന്നു എന്റെയും ഭാര്യ മോനിയുടെയും ആംസ്റ്റർഡാം യാത്ര. ഞങ്ങൾ ഉച്ചയോടുകൂടി ആംസ്റ്റർഡാമിലെത്തി. വളരെ വിശാലമായ എയർപോർട്ടാണ് സ്‌കിഫോൾ. റെയിൽവേ സ്റ്റേഷനും ഇവിടെത്തന്നെയാണ്. ഒരു വശത്ത് എയർപോർട്ടും, മറ്റൊരു വശത്ത് റെയിൽവേ സ്റ്റേഷനും.
എയർപോർട്ടിനു പുറത്തു കടന്ന് ഒരു കടയിൽ നിന്നും മൂന്നു ദിവസത്തേക്കു വേണ്ട ട്രെയിനിലും ബസ്സിലും ഉപയോഗിക്കാവുന്ന ടിക്കറ്റ് വാങ്ങി. ടിക്കറ്റിന്റെ കാലാവധി ഒരു ദിവസം എന്നാൽ 24 മണിക്കൂറല്ല, എപ്പോൾ വാങ്ങിയാലും രാത്രി 12 മണിക്ക് ഒരു ദിവസം തീരും. ഇതു മനസ്സിലാക്കാതെയാണ് ഞങ്ങൾ ടിക്കറ്റ് വാങ്ങിയത്. നാലാം ദിവസം രാവിലെ ട്രെയിനിൽ വെച്ച് ടിക്കറ്റ് പരിശോധകൻ പിടിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. അടുത്ത സ്റ്റേഷനിലിറങ്ങി വേറെ ടിക്കറ്റ് വാങ്ങേണ്ടി വന്നു. അബദ്ധം മനസ്സിലാക്കിയ പരിശോധകൻ പെനാൽറ്റി ഒഴിവാക്കി. അയർലണ്ടിലെപ്പോലെ യൂറോ തന്നെയാണ് ഇവിടുത്തെയും കറൻസി. നേരത്തെ ബുക്ക് ചെയ്തിരുന്ന ഹോട്ടൽ ഹയാത്തിലേക്ക് അവരുടെ തന്നെ ബസ്സിൽ പോയി. 15 മിനിറ്റ് ദൂരം. എയർപോർട്ട് പിക് അപ്പ് സൗജന്യം. ചെക്ക് ഇൻ ചെയ്തതിനു ശേഷം ആംസ്റ്റർഡാം കാഴ്ചകളിലേക്ക് തുടക്കം കുറിച്ചു. എയർപോർട്ട് ബസ്സിൽത്തന്നെ വീണ്ടും സ്‌കിഫോളിലേക്ക്. മെട്രോ ട്രെയിനിൽ ഹെയ്‌നെക്കിൻ (Heineken) ബിയർ ബ്രുവറി ലക്ഷ്യമാക്കി സിറ്റി സെന്ററിലേക്കൊരു യാത്ര. അര മണിക്കൂർ ദൂരം.
തെളിഞ്ഞ ആകാശം. ശിശിരം വസന്തത്തിനു വഴിമാറിക്കൊടുത്തു. മരങ്ങളെല്ലാം പൂത്തു തളിർത്തു നിൽക്കുന്നു. പൂക്കളെ സ്നേഹിക്കുന്ന ലോകമെമ്പാടുമുള്ള സന്ദർശകർക്കായി ആംസ്റ്റർഡാം ഒരുങ്ങിക്കഴിഞ്ഞു.
ആംസ്റ്റർഡാമിനെ എങ്ങനെയൊക്കെ വിശേഷിപ്പിക്കാം?
കനാലുകളുടെ നാട്, കാറ്റാടി യന്ത്രങ്ങളുടെ (Windmill)നാട്, ലോകത്ത് ഏറ്റവും കൂടുതൽ സൈക്കിളുകളുള്ള നാട്, ദേശീയ പുഷ്പമായ ടുലിപ്പിന്റെ നാട്, കഞ്ചാവിന്റെ ഉപയോഗവും ലൈംഗികത്തൊഴിലും നിയമപരമായി സാധുവാക്കിയ നാട്, അതുല്യ ചിത്രകാരൻ വാൻഗോഗിന്റെ നാട്, ഹെയ്നെക്കിൻ ബിയറിന്റെ ഉൽപ്പാദന ഉറവിടമായ നാട്, അങ്ങനെ പലതും. ആംസ്റ്റൽ നദിയുടെയും ഐജി എന്ന തടാകത്തിന്റെയും സംഗമ സ്ഥാനമാണ് ആംസ്റ്റർഡാം. ആംസ്റ്റൽ നദിക്കു കുറുകെ ഡാം പണിതിരിക്കുന്നതു കൊണ്ട് ഈ തുറമുഖ നഗരത്തിന് ആംസ്റ്റർഡാം എന്ന പേര് കിട്ടി. സെൻട്രൽ റെയിൽവേ സ്റ്റേഷനും, ഡാം സ്‌ക്വയറും (Dam square) ആംസ്റ്റൽ നദി നികത്തിയെടുത്ത സ്ഥലത്തു നിലക്കൊള്ളുന്നു. ഡാം സ്ക്വയറിൽ സന്ദർശകർ കൊടുക്കുന്ന ധാന്യമണികൾക്കായി നൂറുകണക്കിനു പ്രാവുകൾ കുറുകി നടക്കുന്നു, മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ കാണും പോലെ.
ഹെയ്നെക്കിൻ ബ്രുവറി (Heineken Brewery)
ചെറുകിട കുടുംബ വ്യവസായം എന്ന നിലയിൽ ജെറാർഡ് ഹെയ്നെക്കിൻ 1873-ൽ ആംസ്റ്റർഡാം സിറ്റി സെന്ററിൽ തുടക്കമാരംഭിച്ചതാണ് ഹെയ്നെക്കിൻ ബ്രുവറി. ആംസ്റ്റർഡാം വളർന്നതിനൊപ്പം ജെറാർഡ് ഹെയ്നെക്കിൻ എന്ന വ്യവസായിയും വളർന്നു. ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ച ഇല്ലാത്തതായിരുന്നു വളർച്ചക്കു പ്രധാന കാരണം. തലമുറ തലമുറകളായി ആ വളർച്ച ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്ന് ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളിലായി നൂറു കണക്കിന് ഹെയ്നെക്കിൻ ബ്രുവറികൾ പ്രവർത്തിക്കുന്നു. അടുത്തയിടെ 902 മില്യൺ ഡോളറിനു തുല്യമായ ഹെയ്നെക്കിൻ ഓഹരികൾ ബിൽ ഗേറ്റ്സ് എന്ന വ്യവസായ ഭീമൻ വാങ്ങിക്കൂട്ടി എന്നറിയുമ്പോൾ ഈ കമ്പനിയുടെ വളർച്ച എവിടെവരെ എത്തി നിൽക്കുന്നു എന്നൂഹിക്കാം.

ആംസ്റ്റർഡാമിൽ പോകുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് ഹെയ്നെക്കിൻ ബ്രുവറി. ഈ വ്യവസായ സംരംഭത്തിന്റെ തുടക്കം മുതലുള്ള നാൾവഴികൾ കണ്ടും കേട്ടും ബിയർ രുചിച്ചുമുള്ള സന്ദർശനം അവസാനിക്കുമ്പോൾ ഒരു കുടുംബത്തിന്റെ ഒത്തൊരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും അടയാളങ്ങൾ നമുക്കു കാണാൻ കഴിയും.

ക്യൂകെൻഹോഫ് (Keukenhof) – ടുലിപ് പൂക്കളുടെ പറുദീസ
ലോകത്തെ ഏറ്റവും മനോഹരമായ ഉദ്യാനമാണ് ക്യുകെൻഹോഫ്. ദശലക്ഷ കണക്കിനാളുകൾ ഓരോ വർഷവും വിവിധ രാജ്യങ്ങളിൽ നിന്നായി ഈ ഉദ്യാനം സന്ദർശിക്കുന്നു. മാർച്ച് പകുതി മുതൽ മെയ് പകുതി വരെയുള്ള എട്ട് ആഴ്ചക്കാലമാണ് ക്യുകെൻഹോഫ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നത്. സ്‌കിഫോളിൽ നിന്ന് നേരത്തേ ബുക്ക് ചെയ്തിരുന്ന ബസ്സിൽ അര മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ ക്യുകെൻഹോഫിലെത്തി. തെക്കൻ ഹോളണ്ട് പ്രവിശ്യയിലെ ലിസ്സി മുനിസിപ്പൽ പ്രദേശത്താണ് ക്യുകെൻഹോഫ് സ്ഥിതി ചെയ്യുന്നത്.

ക്യുകെൻഹോഫ് എന്നാൽ അടുക്കളത്തോട്ടം എന്നാണർത്ഥം. 200 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിന്റെ അടുക്കളത്തോട്ടത്തിൽ നിന്ന് ഇന്നു കാണുന്ന മനോഹര ഉദ്യാനമായി രൂപാന്തരം പ്രാപിച്ചത് 1950-ലാണ്. ടുലിപ് ബൾബുകൾ കൃഷി ചെയ്യുകയും കയറ്റുമതിയിലേർപ്പെടുകയും ചെയ്തിരുന്ന കുറെ കർഷകരുടെ കൂട്ടായ്മയാണ് ഈ രൂപാന്തരത്തിനു പിന്നിൽ. 79 ഏക്കറിലാണ് ഈ ഉദ്യാനം ഒരുക്കിയിരിക്കുന്നത്.

3000-ത്തിൽപ്പരം ഇനങ്ങളിലുള്ള 70 ലക്ഷത്തിലധികം ടുലിപ് ബൾബുകൾ ഓരോ വർഷവും നടുന്നു. മെയ് പകുതിയോടുകൂടി സന്ദർശനം അവസാനിക്കും. ജൂലൈ മാസത്തോടുകൂടി ആ വർഷം പ്രദർശനത്തിനുണ്ടായിരുന്ന ബൾബുകൾ മുഴുവൻ കിളച്ചു പുറത്തെടുക്കും. ഒക്ടോബർ മുതൽ മണ്ണൊരുക്കി, പുതിയ മുന്തിയ ഇനം ബൾബുകൾ നടാൻ തുടങ്ങും. ഒരു കുഴിയിൽ മൂന്നു ബൾബുകൾ വീതമാണ് നടുന്നത്. ഓരോ ബൾബും വ്യത്യസ്ത താഴ്ചയിലാണ് നടുന്നത്. ഏറ്റവും താഴ്ച കുറഞ്ഞത് മാർച്ച് പകുതിയോടുകൂടി ആദ്യം പുഷ്പിക്കും. മൂന്നാഴ്ചയ്ക്കു ശേഷം അടുത്തതു പുഷ്പിക്കും. ഏറ്റവും താഴ്ചയിലുള്ളത് വീണ്ടും മൂന്നാഴ്ചയ്ക്കു ശേഷം പുഷ്പിക്കും. ക്യുകെൻഹോഫ് പുഷ്പോത്സവം ആരംഭിക്കുന്ന മാർച്ച് പകുതി മുതൽ അവസാനിക്കുന്ന മെയ് പകുതി വരെ സന്ദർശകരെ ആകർഷിക്കുന്നതിനു വേണ്ടി പുഷ്പങ്ങൾ വിടർന്നു നിൽക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ബൾബുകൾ നടുന്നത്.

ഹയാസിന്ത് (Hyacinth), ക്രോക്കസ് (crocus), ഡാഫൊഡിൽസ് (Daffodils), ലില്ലി, റോസ്, കാർനേഷൻസ് (Carnations) തുടങ്ങിയ മറ്റു പൂക്കളും ക്യുകെൻഹോഫിലുണ്ട്. കൂടാതെ പൂക്കൾ കൊണ്ടു വളരെ മനോഹരമായി അലങ്കരിച്ചു വെച്ചിരിക്കുന്ന നാലു പവിലിയനുകളും ഇവിടെയുണ്ട്.

ജൂലിയാന പവിലിയൻ (Juliana Pavilion) – ഇവിടെ ടുലിപ് പൂക്കളുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.
ബിയാട്രിക്സ് പവിലിയൻ (Beatrix Pavilion) – ഇവിടെ ഓർക്കിഡ്, ആന്തൂറിയം പൂക്കളുടെ പ്രദർശനം.
ഓറഞ്ച് – നാസോ പവിലിയൻ (Orange -Nassau Pavilion) – ഇവിടെ റോസ്, കാർനേഷൻ പൂക്കളുടെ പ്രദർശനം.
വില്യം അലക്സാണ്ടർ പവിലിയൻ (Willem Alexander Pavilion) – വിവിധയിനം ടുലിപ് പൂക്കളുടെ പ്രദർശനം.

ഒരു ദിവസം മുഴുവൻ വേണമെങ്കിലും നമുക്ക് ക്യുകെൻഹോഫിൽ ചെലവഴിക്കാം. പൂക്കളുടെ മനോഹാരിത ആസ്വദിച്ചു കാണണമെങ്കിൽ നാലഞ്ചു മണിക്കൂറെങ്കിലും എടുക്കും. ഒരു മനോഹര ദൃശ്യം കണ്ടു കഴിയുന്നതിനു മുമ്പേ അതിമനോഹരമായ മറ്റൊരു ദൃശ്യത്തിലേക്കു നമ്മുടെ കണ്ണുകളെ കൂട്ടിക്കൊണ്ടു പോകും. പൂക്കളുടെ ഒരു വലിയ പറുദീസ, അവർണ്ണനീയമായ ഒരു മായാലോകം.

ക്യുകെൻഹോഫിലെ ബോട്ട് യാത്ര
ഉദ്യാനത്തിന്റെ ഒരു വശത്തായി ഭീമാകാരമായ ഒരു കാറ്റാടിയന്ത്രം (Windmill ) സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് അതിൽക്കയറി അതിന്റെ പ്രവർത്തനം കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇത്തരത്തിലുള്ള അനേകായിരം വിൻഡ്മില്ലുകളുള്ള രാജ്യമാണ് നെതെർലാൻഡ്സ്. മൂന്നിലൊന്നു ഭൂപ്രദേശവും സമുദ്ര നിരപ്പിൽനിന്നു താഴെയായതു കൊണ്ട് നദിയിൽനിന്നു പാടത്തേക്കു കയറുന്ന വെള്ളത്തെ വിൻഡ്‌മിൽ ഉപയോഗിച്ചാണ് പണ്ടു കാലത്ത് തിരികെ നദിയിലേക്ക് ഒഴുക്കി വിട്ടിരുന്നതും പാടത്തു കൃഷി ഇറക്കിയിരുന്നതും.
ക്യുകെൻഹോഫിലെ വിൻഡ്‌മിൽ സ്ഥാപിച്ചിരിക്കുന്നതിന് അടുത്തു നിന്നാണ് കനാലിലൂടെയുള്ള ബോട്ട് യാത്ര ആരംഭിക്കുന്നത്. കനാലിന്റെ ഇരുവശങ്ങളിലും വിവിധ വർണ്ണങ്ങളിലുള്ള ടുലിപ് പൂക്കൾ കൊണ്ടു നിറഞ്ഞു നിൽക്കുന്ന അതിവിശാലമായ പാടം കാണാം. ഒരു മഹാസമുദ്രത്തിൽ പല നിറങ്ങൾ ചാലിച്ചു ചേർത്ത് പരന്നു കിടക്കും പോലെ തോന്നിപ്പിക്കുന്ന മനോഹരക്കാഴ്ച നമ്മെ വിസ്മയിപ്പിക്കും. ക്യുകെൻഹോഫിൽ എത്തുന്ന ആരും ഈ സ്വപ്നയാത്ര ഒഴിവാക്കരുത്. അരമണിക്കൂർ നേരത്തേക്കുള്ള ഈ ബോട്ട് യാത്രയ്ക്ക് പത്തു യൂറോയാണ് ചാർജ്ജ്.

ക്യുകെൻഹോഫിൽ വേണ്ടത്ര ഭക്ഷണശാലകൾ ഒരുക്കിയിട്ടുണ്ട്. ടുലിപ് പൂക്കളുടെ വിവിധ ഇനത്തിലുള്ള ബാൾബുകളും നമുക്കു വാങ്ങാവുന്നതാണ്.
2025-ൽ ക്യുകെൻഹോഫ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നത് മാർച്ച് 20 മുതൽ മെയ് 11 വരെയാണ്. രാവിലെ 8 മുതൽ വൈകുന്നേരം 7.30 വരെ.
Flower Parade ഏപ്രിൽ 12 ശനിയാഴ്ച നടക്കും.
വാൻ ഗോഗ് മ്യൂസിയം (Van Gogh Museum)
ആംസ്റ്റർ ഡാമിലേക്കു പോകുന്നതിനു മുമ്പു തന്നെ അവിടെ ഫീസ് കൊടുത്തു സന്ദർശിക്കേണ്ട ഇടങ്ങൾ ഞങ്ങൾ ഓൺലൈനിൽ മുൻകൂറായി ബുക്ക് ചെയ്തിരുന്നു. അക്കൂട്ടത്തിൽപ്പെടുന്നതാണ് വാൻ ഗോഗ് മ്യൂസിയം. കാറ്റും മഴയും ഉള്ള ദിവസമായിരുന്നെങ്കിലും ഞങ്ങളുടെ അഭിനിവേശത്തെ തടുക്കാൻ അവയ്ക്കായില്ല. ബസ്സിലും ട്രെയിനിലും മാറിക്കയറി ഞങ്ങൾ അവിടെയെത്തി. കൈയ്യിലുള്ള സാമഗ്രികൾ ലോക്കറിൽ വെച്ചിട്ട് വെറും കൈയ്യോടെ വേണം മ്യൂസിയത്തിലേക്കു പ്രവേശിക്കുവാൻ. വിൻസെന്റ് വാൻ ഗോഗ് എന്ന ചിത്രകാരനെയും അദ്ദേഹത്തിന്റെ പെയിന്റിംഗുകളെയും കുറിച്ച് വായിക്കുകയും അറിയുകയും ചെയ്തിട്ടുള്ളതു കൊണ്ട് നേരിട്ടു കാണാനുള്ള ആവേശം ഉള്ളിൽ തിളച്ചു മറിഞ്ഞു.


ആരാണ് വിൻസെന്റ് വാൻ ഗോഗ്?
1853 മാർച്ച് 30ന് നെതർ ലാൻഡ്‌സിലെ സിൻഡെർട്ടിൽ ജനിച്ച് 1890 ജൂലൈ 29ന് ഫ്രാൻസിലെ ഓവേർസുർവായിസിൽവെച്ച് നെഞ്ചിലേക്കു സ്വയം വെടി വെച്ചു നിറങ്ങളുടെ അനിർവചനീയമായ മറ്റൊരു ലോകത്തേക്കു മറയുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 37 വയസ്സ്. സ്വയം വെടി വെച്ചു മരിച്ചതാണെന്നതിന് വ്യക്തമായ സ്ഥിരീകരണമൊന്നുമില്ല. തന്റെ ഇടത്തെ ചെവി സ്വയം മുറിച്ചെടുത്ത് കടലാസിൽ പൊതിഞ്ഞു വേശ്യാലയത്തിലെ പ്രണയിനിക്കു കൊടുത്തതിലും ദുരൂഹതയേറെ. സമകാലികനും സുഹൃത്തുമായിരുന്ന പോൾ ഗോഗിനുമായുണ്ടായ കയ്യാങ്കളിയിൽ അബദ്ധത്തിൽ കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ടു ചെവി മുറിഞ്ഞു പോയതാണെന്ന് മറ്റൊരു പറച്ചിൽ. മുറഞ്ഞ ചെവി പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്ന നിലയിലുള്ള സ്വന്തം ചിത്രം കണ്ണാടിയിൽ നോക്കി അദ്ദേഹം വരച്ചു. കണ്ണാടിയിൽ നോക്കി വരച്ചതുകൊണ്ട് ചിത്രം കാണുമ്പോൾ വലതു ചെവി പൊതിഞ്ഞു വെച്ചിരിക്കുന്നതായി നമുക്കു തോന്നും.


മാനസിക വിഭ്രാന്തി അദ്ദേഹത്തെ തളർത്തി. കൂടാതെ, അമിതമായ മദ്യപാനവും, പുകവലിയും, ഭക്ഷണക്കുറവും മൂലം പലവട്ടം ആശുപത്രിയിൽ കയറേണ്ട അവസ്ഥയുണ്ടായി. വളരെ ഹൃസ്വമായ ജീവിതത്തിനിടയിൽ നിറങ്ങൾ കൊണ്ടും വരകൾ കൊണ്ടും മനുഷ്യന്റെ കഷ്ടപ്പാടും, വേദനയും, വൈകാരികതയും, പ്രപഞ്ച സൗന്ദര്യവും കാൻവാസിൽ രേഖപ്പെടുത്തി. ആ നിറക്കൂട്ടുകളുടെ സൗന്ദര്യം ചിത്രകാരന്മാരും കലാസ്വാദകരും തിരിച്ചറിഞ്ഞതാകട്ടെ അദ്ദേഹത്തിന്റെ മരണശേഷവും. പത്തു കൊല്ലം മാത്രമേ തന്റെ സർഗ്ഗക്രിയക്കു വേണ്ടി വാൻ ഗോഗ് ചെലവഴിച്ചുള്ളൂ. കലാലോകത്തിനു സമ്മാനിച്ചതാകട്ടെ 900 ചിത്രങ്ങൾ, വരകളിൽ തീർത്ത 1100 സ്കെച്ചുകൾ, തന്റെ സഹോദരനും ആർട്ട് ഡീലറുമായിരുന്ന തിയോ വാൻ ഗോഗിനയച്ച നൂറു കണക്കിനു കത്തുകളും. ആ കത്തുകളിൽ ഒരു ചിത്രകാരന്റെ സ്വതന്ത്ര ചിന്തകളും അഭിപ്രായങ്ങളും നിഴലിച്ചു നിന്നു.



അവസാന കാലത്ത് വാൻ ഗോഗിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാതായി. മാനസിക വിഭ്രാന്തി മൂലം മറ്റുള്ളവർക്കു ശല്യമാകാൻ തുടങ്ങിയപ്പോൾ നാട്ടുകാരും സുഹൃത്തുക്കളും പരാതിപ്പെട്ടു. പരാതികളിൽ കഴമ്പുണ്ടെന്നു മനസ്സിലായപ്പോൾ അവസാനത്തെ ഒരു വർഷം മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. രോഗം ഭേദപ്പെട്ടു തുടങ്ങിയപ്പോൾ അദ്ദേഹം വീണ്ടും നിറങ്ങൾ കൊണ്ടു പുതുജീവിതം കെട്ടിപ്പടുത്തു തുടങ്ങി. 70 ദിവസം കൊണ്ട് 75 ചിത്രങ്ങൾ വരച്ചു തീർത്തു. പക്ഷേ, രോഗം വീണ്ടും മടങ്ങിയെത്തുന്നു എന്നദ്ദേഹത്തിന് ബോധ്യം വന്നപ്പോൾ നക്ഷത്രങ്ങളുടെ ലോകത്തു വിലയം പ്രാപിക്കാനുള്ള വഴി അദ്ദേഹം സ്വയം തെരഞ്ഞെടുത്തു എന്നുവേണം അനുമാനിക്കാൻ. (The starry night – Painting by Van Gogh)
വിൻസെന്റിന്റെ മരണം തിയോയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം നാൾക്കുനാൾ ക്ഷയിച്ചു വന്നു. വാസ്തവത്തിൽ തിയോ ആയിരുന്നു വിൻസെന്റ് വാൻ ഗോഗിനെ പണം കൊണ്ടും ഉപദേശം കൊണ്ടും പ്രോത്സാഹനം കൊണ്ടും സംരക്ഷിച്ചു പോന്നത്. വിൻസെന്റ് മരിച്ച് ആറു മാസത്തിനു ശേഷം തിയോയും മരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരാവശിഷ്ടം വർഷങ്ങൾക്കു ശേഷം തിയോയുടെ ഭാര്യ ജൊഹാനയുടെ ആഗ്രഹപ്രകാരം വിൻസെന്റിനെ അടക്കം ചെയ്തതിനു സമീപത്തായി ഓവെർ സുർ വായിസിൽ അടക്കം ചെയ്തു. ആ സഹോദര സ്നേഹം ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ ആളായിരുന്നു ജൊഹാന.
സൂര്യകാന്തിപ്പൂക്കളെ പ്രണയിച്ച വാൻ ഗോഗിനു പക്ഷെ, സ്വന്തം ജീവിതത്തിലെ ഒരു പ്രണയവും ശാശ്വതമായി നിലനിർത്താനായില്ല. ചില പ്രണയം അദ്ദേഹത്തെ സന്തോഷിപ്പിച്ചെങ്കിൽ മറ്റൊരു പ്രണയനഷ്ടം അദ്ദേഹത്തിന്റെ ഹൃദയത്തിനു മുറിവേൽപ്പിച്ചു. സഹോദരനായ തിയോയ്ക്ക് അദ്ദേഹം ഇങ്ങനെയെഴുതി “it is and will remain a wound which I live above but which is there deep down and cannot heal”.
ആംസ്റ്റർഡാമിലെ വാൻഗോഗ് മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തവും അതിപ്രശസ്തവുമായ 200 എണ്ണച്ചായാചിത്രങ്ങൾ, വരകളിലുള്ള 400 സ്കെച്ചുകൾ, തിയോയ്ക്കയച്ച എഴുന്നൂറോളം കത്തുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. വാൻ ഗോഗിന്റെ post-impressionism പിന്തുടർന്നു വന്ന മറ്റു ചിത്രകാരന്മാരുടെ രചനകളും വാൻ ഗോഗ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
The Potato Eaters
Vincent Van Gogh – Self portrait with a pipe
Skull of a skeleton with burning cigarette
Wheat Field with a lark
Pieta
A pair of shoes
The Harvest
Bedroom in Arles
The Yellow House
Sunflowers
Almond Blossom
Wheat field with crows
The Sower
Irises
എന്നിവ അവയിൽ ചിലതു മാത്രം.
1991-ൽ The Potato Eaters എന്നതടക്കം 20 ചിത്രങ്ങൾ വാൻ ഗോഗ് മ്യൂസിയത്തിൽ നിന്നു മോഷണം പോയി. എന്നാൽ അരമണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ പിടി കൂടുകയും ചിത്രങ്ങൾ കണ്ടെടുക്കുകയും ചെയ്തു. 2002-ൽ വീണ്ടും രണ്ടു ചിത്രങ്ങൾ മോഷണം പോയെങ്കിലും വർഷങ്ങൾക്കു ശേഷം 2016-ൽ അവ കണ്ടെടുത്തു. മോഷ്ടാകൾക്ക് കടുത്ത ശിക്ഷ ലഭിക്കുകയും ചെയ്തു.
The Potato Eaters
ഗ്രാമീണരായ കർഷകരുടെ നിസഹായാവസ്ഥയും കഷ്ടപ്പാടും സങ്കടവും ഒരുമയും ഈ ചിത്രത്തിൽ നമുക്കു ദർശിക്കാൻ കഴിയും. വരണ്ട നിറങ്ങളിൽ ചാലിച്ചെടുത്ത ഈ ചിത്രത്തിലെ മനുഷ്യരുടെ കണ്ണുകളിൽ വിഷാദം നിറഞ്ഞു നിൽക്കുന്നു. അവരുടെ ഹൃദയ വികാരങ്ങൾ ആ കണ്ണുകളിലൂടെ കാഴ്ചക്കാരന് അനുഭവവേദ്യമാകുന്നു. വാൻ ഗോഗ് തന്നെ ഈ പ്രസ്താവനയിലൂടെ അതു സമർത്ഥിക്കുന്നു “I prefer to paint human eyes rather than cathedrals”. കൃഷിയിടങ്ങളിലെ സൂര്യതാപമേറ്റു കരുവാളിച്ച മുഖമുള്ള മനുഷ്യർ. നനഞ്ഞ മണ്ണിൽ നിന്നു പറിച്ചെടുത്ത ഉരുളക്കിഴങ്ങിന്റെ നിറമുള്ള ചുക്കിച്ചുളുങ്ങിയ കൈകൾ. അധ്വാന വർഗ്ഗത്തിന് വാൻ ഗോഗിന്റെ ഐക്യദാർഢ്യം. വാൻ ഗോഗ് പണിയെടുത്തിരുന്ന ഡി ഗ്രൂട്ട് (De-Groot)
കുടുംബത്തിലെ ആളുകളെ ഹൃദയത്തിൽ സൂക്ഷിച്ചാണ് ഈ ചിത്രത്തിന് രൂപവും ഭാവവും നൽകിയത്.

ഈ ചിത്രത്തെ അടിസ്ഥാനമാക്കി മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ‘ഉരുളക്കിഴങ്ങ് തിന്നുന്നവർ’ എന്ന പേരിൽ എഴുതിയ ഒരു കഥ വായിച്ചിട്ടുണ്ട്. പാവപ്പെട്ട മനുഷ്യരുടെ ദൈന്യതയ്ക്കു മേൽ അദ്ദേഹം പുതിയ ചായം തേച്ചു. അവർക്കു പുത്തൻ പേരുകൾ നൽകി.
കിഴവൻ മിറൽ
“കുഴമണ്ണിൽ പുതഞ്ഞ് കനം വെച്ച മരച്ചെരിപ്പുകളോടെ, നരച്ച ഇരുട്ടിൽ നടക്കല്ലുകൾ ബദ്ധപ്പെട്ടു കയറി മിറൽ വാതിലിൽ മുട്ടി”
മിറലിന്റെ മകൾ ജൂലിയാന
“കണ്ടോ അച്ഛാ?” വായിൽ നിന്ന് നീരാവിയുടെ ഒരു ചെറിയ മേഘത്തെ തുറന്നു വിട്ടുകൊണ്ട് ജൂലിയാന ചോദിച്ചു”
ജൂലിയാനയുടെ മകൾ അന്ന
“മുത്തച്ഛാ!” കൊഞ്ചലിൽ നിന്ന് വിടുതൽ കിട്ടാത്ത ശബ്ദത്തിൽ അവൾ ചോദിച്ചു:”മുത്തച്ഛാ, ഈസ്റ്ററിന് ചായം തേച്ച മുട്ടകൾ കൊണ്ടുവരണമെന്ന് എന്റെ അച്ഛനോടു പറഞ്ഞില്ലേ?”
ജൂലിയാനയുടെ അച്ഛൻ, വൃദ്ധനായ സാമൂവൽ റാങ്തോസ്
“വിഷമിക്കേണ്ട മകളേ, ഞങ്ങളെപ്പോലെ കണ്ണു പിടിക്കാത്ത വയസ്സന്മാർക്ക് ചിലപ്പോൾ ഒരു ദിവസം കൊണ്ട് ഖനികളിലെ കാര്യമറിഞ്ഞു വരാൻ കഴിയില്ല. ഏതായാലും നാളെ ഞാൻ അവിടം വരെ പോയിവരും. ഖനിയിലെ അപകടം നിറഞ്ഞ പണിയെക്കാൾ ഉരുളക്കിഴങ്ങുകൃഷി തന്നെയാണ് നല്ലതെന്ന് ഞാനയാളെ പറഞ്ഞു മനസ്സിലാക്കും”.
ജൂലിയാനയുടെ അമ്മയുടെ പേര് എവിടെയും ചേർത്തു കണ്ടില്ല. അവരെക്കുറിച്ച് സുഭാഷ് ചന്ദ്രൻ ഇങ്ങനെ പറയുന്നു.
“അത്രയുമായപ്പോൾ ജൂലിയാനയുടെ അമ്മ, ചടച്ചുനീണ്ട് ഒരു ദുർമന്ത്രവാദിനിയെപ്പോലെ കാണപ്പെട്ട ആ വൃദ്ധ”
ഖനികളിൽ പണിയെടുത്തിരുന്ന തന്റെ ഭർത്താവ് ഒരിക്കലും തിരികെ വരില്ലെന്ന യാഥാർഥ്യം ജൂലിയാന തിരിച്ചറിയുന്ന നിമിഷം കഥാകാരൻ ഇങ്ങനെ വിചാരിക്കുന്നു, “എല്ലാവരുടെയും നിഴലുകളെ പിന്നിലേക്കു വീഴ്ത്തിയ റാന്തലിന്റെ കടുംമഞ്ഞ വെളിച്ചത്തിൽ വൃദ്ധന്റെ കടക്കണ്ണിൽനിന്ന് ചോര പൊടിയുന്നതു കണ്ട ആ നിമിഷം, ഭർത്താവിന്റെ ഇരിപ്പിടത്തിൽ എക്കാലത്തേക്കുമായി താൻ ഉറഞ്ഞു പോകുന്നതായി ജൂലിയാന അറിഞ്ഞു”.
വാൻ ഗോഗിന്റെ Potato Eaters എന്ന ചിത്രത്തിന് എത്രമാത്രം വ്യാപ്തിയിൽ സംസാരിക്കാൻ കഴിയുമെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് സുഭാഷ് ചന്ദ്രൻ ചെയ്യുന്നത്.
ആംസ്റ്റർഡാമിലെ കനാലിലൂടെയുള്ള ബോട്ട് യാത്ര (Canal cruising Amsterdam).
ആദ്യമായി ആംസ്റ്റർഡാമിൽ എത്തുന്ന ഏതൊരാളും തീർച്ചയായും ആസ്വദിക്കേണ്ട ഒന്നാണ് കനാലുകളുടെ നാടായ ആംസ്റ്റർഡാമിലെ ബോട്ട് യാത്ര. കനാലിന്റെ ഇരുകരകളിലും വലിയ വലിയ കെട്ടിടങ്ങൾ. ഇരു കരകളെയും ബന്ധിപ്പിക്കുന്ന നിരവധി പാലങ്ങൾ. ഓരോ കെട്ടിടത്തിന്റെയും പ്രത്യേകതകൾ ക്രൂയ്‌സ് ഗൈഡ് വിവരിച്ചു തന്നുകൊണ്ടിരിക്കും. ഒരു മണിക്കൂർ നേരത്തെ യാത്രക്കിടയിൽ ഭക്ഷണവും കുടിക്കാൻ ബിയർ, വൈൻ മുതലായവയും നമുക്കു വേണമെങ്കിൽ വാങ്ങി കഴിക്കാം.
ആൻ ഫ്രാങ്ക് ഹൌസ് (Anne Frank House)
ഹിറ്റ്ലറുടെ നാസികൾ ജർമ്മനിയിൽ അധികാരത്തിൽ വന്നതോടെ ജൂത വംശജരായ ആൻ ഫ്രാങ്കിന്റെ കുടുംബം പിടിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. മാതാപിതാക്കളായ ഓട്ടോ ഫ്രാങ്കും ഈഡിത്തും രണ്ടു പെൺമക്കളെയും (മാർഗട്ടും ആനും) കൊണ്ട് നെതർലാൻഡ്‌സിലെ ആംസ്റ്റർ ഡാമിലേക്ക് 1942 ജൂലൈയിൽ ഒളിച്ചോടി. ആംസ്റ്റർഡാമിലെ
ഒളിത്താവളം എവിടെ ആയിരിക്കണമെന്ന് ഓട്ടോയുടെ സുഹൃത്ത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ആംസ്റ്റർഡാം സെൻട്രലിലെ കനാലിനോടു ചേർന്നുള്ള പ്രിൻസെൻഗ്രാറ്റ് എന്ന കെട്ടിടത്തിലെ രഹസ്യ അറയിൽ അവർ നിശബ്ദമായി കഴിഞ്ഞു കൂടി. ഈ അറയിലേക്കുള്ള പ്രവേശനകവാടം പുറത്തു നിന്നു കടക്കാൻ പറ്റാത്ത തരത്തിൽ ബന്തവസ്സ് ചെയ്തു. അവിടെക്കഴിഞ്ഞ രണ്ടു വർഷവും 35 ദിവസവും ആൻ ഫ്രാങ്ക് ആകാശം കണ്ടിട്ടില്ല, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കണ്ടില്ല, മഴയും വെയിലും എന്തെന്ന് അനുഭവിച്ചറിഞ്ഞില്ല. പക്ഷെ, ധാരാളം പുസ്തകങ്ങൾ വായിച്ചു കൊണ്ടിരുന്നു. യൂറോപ്യൻ ചരിത്രവും സാഹിത്യവും വായിച്ചറിഞ്ഞു. അവളുടെ പതിമൂന്നാമത് പിറന്നാളിന് സമ്മാനമായിക്കിട്ടിയ ഡയറിയിൽ ഓരോ ദിവസവും അവൾ കുറിപ്പുകൾ എഴുതിത്തുടങ്ങി. ഒരു ദിവസം താൻ മോചിതയാകുമെന്നും സ്കൂളിൽ പോയി കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നും പ്രതീക്ഷ വെച്ചു പുലർത്തി. ഒരു പത്രപ്രവർത്തകയും എഴുത്തുകാരിയും ആകാനായിരുന്നു ആനിന് ആഗ്രഹം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാസികളുടെ കീഴിൽ ഡച്ച് ജനത അനുഭവിച്ച ക്രൂരതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പലരും നടത്താനിടയുണ്ട് എന്ന അനൗപചാരിക റേഡിയോ സന്ദേശം ആൻ ഫ്രാങ്ക് കേൾക്കാനിടയായി. താനെഴുതിയ ഡയറിക്കുറിപ്പുകൾ “The secret Annex” എന്ന പേരിൽ ആൻ ഫ്രാങ്ക് പ്രസിദ്ധീകരണത്തിനായി തയ്യാറാക്കാൻ തുടങ്ങി. പക്ഷെ, നിർഭാഗ്യകരമെന്നു പറയട്ടെ, രണ്ടു മാസത്തിനു ശേഷം 1944 ആഗസ്റ്റ് 4-ന് ആൻ ഫ്രാങ്കിന്റെ കുടുംബത്തെ മുഴുവൻ ഒളിയിടത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഒളിത്താവളത്തെക്കുറിച്ച് ആരോ പോലീസിന് രഹസ്യ അറിയിപ്പ് കൊടുത്തതാണ്.
ആനിനെയും സഹോദരി മാർഗറ്റിനെയും ആദ്യം നെതർലാൻഡ്‌സിലെ വെസ്റ്റർബോർക്കിലുള്ള താൽക്കാലിക ക്യാമ്പിലേക്കും പിന്നീട് പോളണ്ടിലെ ഓസ് വിറ്റ്സ് ബിർകെനൗ കോൺസെൻട്രേഷൻ ക്യാമ്പിലേക്കും അയച്ചു. അവിടെ വെച്ച് ഭാഗ്യം കൊണ്ട് അവർ കൊല്ലപ്പെട്ടില്ല. രണ്ടു പേരെയും പിന്നീട് ബർഗൻ ബെൽസൻ കോൺസെൻട്രേഷൻ ക്യാമ്പിലേക്കു മാറ്റിയെങ്കിലും രണ്ടുപേരും ടൈഫോയ്ഡ് ബാധിച്ച് അവിടെ വെച്ചു മരിച്ചു. അവരുടെ യഥാർത്ഥ മരണത്തീയതി എന്നാണെന്ന് എങ്ങും രേഖപ്പെടുത്തിയിട്ടില്ല.
ഓട്ടോ ഫ്രാങ്കിനും കുടുംബത്തിനും ഒളിയിടം ഒരുക്കിക്കൊടുത്ത അദ്ദേഹത്തിന്റെ സെക്രട്ടറി പിന്നീട് അവിടെ നിന്നും ആൻ ഫ്രാങ്കിന്റെ ഡയറി കണ്ടെത്തുകയും ഓട്ടോ ഫ്രാങ്കിനെ ഏല്പിക്കുകയും ചെയ്തു. ഒളിയിടത്തുണ്ടായിരുന്ന എട്ടുപേരിൽ ഓട്ടോ ഫ്രാങ്ക് മാത്രമാണ് കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്നു കൊല്ലപ്പെടാതെ രക്ഷപ്പെട്ടത്. അദ്ദേഹമാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ “Anne Frank – The Diary of a young Girl” എന്ന പേരിൽ 1947 ഓഗസ്റ്റ് 25 ന് നെതർലാൻഡ്‌സിൽ വെച്ച് ആദ്യം പുറത്തിറക്കിയത്.
ആംസ്റ്റർഡാമിലെ Anne Frank House സന്ദർശിക്കണമെങ്കിൽ മാസങ്ങൾക്കു മുമ്പേ ബുക്ക് ചെയ്യണം. ഫോട്ടോയും വിഡിയോയും അവിടെ അനുവദനീയമല്ല.

കഞ്ചാവും ചുവന്ന വെളിച്ചമുള്ള തെരുവും
ആംസ്റ്റർഡാമിൽ 18 വയസ്സിൽ കൂടുതലുള്ളവർക്ക് കഞ്ചാവിന്റെ ഉപയോഗം നിയമപരമായി അനുവദനീയമാണ്. തെരുവോരത്തെ കടകളിൽ ഇവ ലഭ്യമാണ്. കടകളിൽ നിന്ന് പല അളവിൽ കഞ്ചാവ് കലർന്ന ബ്രൗണീസ്, കുക്കീസ്, കേക്ക്, മിഠായികൾ തുടങ്ങിയവ നമുക്കു വാങ്ങാൻ സാധിക്കും. ചുവന്ന ബൾബുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കോഫി ഷോപ്പുകൾ ധാരാളമുണ്ട്. കഞ്ചാവടങ്ങിയ പല തരത്തിലുള്ള കോഫിയും, സ്വീറ്റ്സും നമുക്കവിടെ കിട്ടും.

ഡി വാല്ലെൻ ചുവന്ന വെളിച്ചത്തിന്റെ തെരുവ് (De Wallen Red Light District)
തുറമുഖ പട്ടണമായ ആംസ്റ്റർഡാമിൽ വളരെ പണ്ടു കാലത്ത് കപ്പലടുത്തു കഴിയുമ്പോൾ ജോലിക്കാർ തങ്ങളുടെ ലൈംഗികാസക്തി തീർക്കുന്നതിനായി നഗരത്തിലെ വേശ്യകളെ സമീപിക്കുന്നതു പതിവായിരുന്നു. കനാലിന്റെ കരയിൽ തുറന്ന സ്ഥലത്ത് ആവശ്യക്കാരെ കാത്തു നിൽക്കുന്ന ഇവർ ശല്യക്കാരായിത്തീരുകയും ഭരണാധികാരികൾക്ക് തലവേദന സൃഷ്ടിക്കുകയും ചെയ്തു. വർഷങ്ങളേറെക്കഴിഞ്ഞപ്പോൾ ലൈംഗികത്തൊഴിൽ മറ്റേതൊരു തൊഴിലിനെയും പോലെ നിയമവിധേയമാക്കുകയും അവർക്കായി പ്രത്യേക സ്ഥലവും കെട്ടിടങ്ങളും സർക്കാർ കണ്ടെത്തുകയും ചെയ്തു.
അതാണ് ആംസ്റ്റർഡാമിലെ ഇപ്പോഴത്തെ Red Light District. ഇവിടെയുള്ള കെട്ടിടങ്ങളിൽ എപ്പോഴും ചുവന്ന വെളിച്ചമാണ്, ജനാലകളിൽ ചുവന്ന കർട്ടനുകളും. ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പല പ്രായത്തിലുള്ള സ്ത്രീകൾ കെട്ടിടത്തിനുള്ളിലും. അവർക്ക് കെട്ടിടത്തിനു പുറത്തു വന്നു നിന്ന് കസ്റ്റമേഴ്‌സിനെ സ്വീകരിക്കാനുള്ള അനുവാദമില്ല. അർദ്ധ നഗ്നകളായ ചില സ്ത്രീകൾ ജനാലയ്ക്കൽ വന്നു നിൽക്കുന്നതു കാണാം. അവർ ആരെയും ശല്യപ്പെടുത്താറില്ല. ആവശ്യക്കാർക്ക് അവരുടെ അടുത്തേക്ക് ധൈര്യമായി കയറിച്ചെല്ലാം. ഈ പ്രദേശത്ത് ഫോട്ടോയും വീഡിയോയും എടുക്കാനുള്ള അനുവാദമില്ല. സെക്സ് ടോയ്‌സ് വിൽക്കുന്ന കടകൾ, സെക്സ് മ്യൂസിയം, പബ്ബുകൾ ഇവയൊക്കെയും ഈ തെരുവിൽ പ്രവർത്തിക്കുന്നു.
ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്കും തൊഴിലവകാശങ്ങൾ ബാധകമാണെന്നും അവിടെയെത്തുന്നവർ അവരുടെ അവകാശങ്ങളെ മാനിക്കണമെന്നും ആ തെരുവിൽ എഴുതിവെച്ചിട്ടുണ്ട്.

ആംസ്റ്റർഡാമിലെ സൈക്കിൾ സവാരിക്കാർ
ലോകത്ത് ഏറ്റവും കൂടുതൽ സൈക്കിൾ ഉപയോഗിക്കുന്നവർ ആംസ്റ്റർഡാമിലാണ്. അവർക്കായി പ്രത്യേകം സൈക്കിൾ ട്രാക്ക് ഉണ്ട്. കാൽനടയാത്രക്കാർ ആ ട്രാക്കിൽ പ്രവേശിക്കാൻ പാടില്ല. അവിടെക്കയറി നടന്നിട്ട് ആരെങ്കിലും സൈക്കിൾ കൊണ്ടിടിപ്പിച്ചാൽ അതു നമ്മുടെ കുറ്റമായി മാറും. സൈക്കിൾ യാത്രക്കാരന് എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തവും നഷ്ടപരിഹാരവും നമ്മൾ ഏൽക്കേണ്ടി വരും.
ആംസ്റ്റർ ഡാമിലെ സ്‌കിഫോൾ എയർപോർട്ട് വളരെ വിശാലമാണ്. ഒരറ്റത്തുനിന്ന് അങ്ങേയറ്റത്തേക്ക് എത്തിച്ചേരാൻ കുറച്ചധികം സമയമെടുക്കും. ചെക്ക് ഇൻ ചെയ്യാനും എമിഗ്രേഷനും വേണ്ടി വളരെ നീണ്ട ക്യു എല്ലാ സീസണിലും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കുറഞ്ഞത് മൂന്നര മണിക്കൂറെങ്കിലും നേരത്തെ എയർപോർട്ടിൽ എത്താൻ ശ്രമിക്കണം.

ആംസ്റ്റർഡാമിലെ ഗ്രാമ പ്രദേശം സന്ദർശിക്കാനുള്ള സമയം ഞങ്ങൾക്കു കിട്ടിയില്ല. റിക്സ് മ്യൂസിയം കാണാനുള്ള സമയവും കിട്ടിയില്ല. പണ്ടുകാലത്ത് പാടത്തു പണിയെടുത്തിരുന്ന കൃഷിക്കാർ തടികൊണ്ടുള്ള ഷൂസാണ് ധരിച്ചിരുന്നത്. ഇതിന്റെ ചെറുതും വലുതുമായ മാതൃകകൾ ഏതു സുവനീർ ഷോപ്പുകളിലും ലഭ്യമാണ്.
ആംസ്റ്റർഡാമിൽ കിട്ടുന്ന വിവിധ ചേരുവകളിലുള്ള പാൻകേക്കുകൾ, ചുറോസ് എന്ന മധുര പലഹാരം, MANNEKENPIS fries, പലതരം ചീസുകൾ ഇവയൊക്കെ വളരെ പ്രശസ്തമാണ്, രുചിക്കേണ്ടതുമാണ്.
– രാജൻ ദേവസ്യ വയലുങ്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb