സോഷ്യൽ മീഡിയയിൽ ഞാനത്ര സജീവമായിരുന്നില്ല. പുതിയ തലമുറയ്ക്ക് വായിക്കാനും എഴുതാനും ധാരാളം സാധ്യതകളുള്ള ഇടങ്ങളെന്ന നിലയിൽ ഞാനവയെ തള്ളിപ്പറയുന്നില്ല. പക്ഷെ, ഉള്ളുതുറന്ന് അവയുമായി പൊരുത്തപ്പെടാൻ എനിക്കിപ്പോഴും സാധിച്ചിട്ടില്ല. വല്ലപ്പോഴുമൊക്കെ പ്രത്യക്ഷപ്പെടും, തിരികെപ്പോകും. അത്രമാത്രം. എന്നിട്ടും അവളെന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. ഫേസ്ബുക്കിൽ അവളെ സുഹൃത്താക്കാനുള്ള സന്ദേശം ലഭിച്ചപ്പോൾ ആദ്യം ഞാനൊന്നു പകച്ചു. ഇതവൾ തന്നെ ആയിരിക്കുമോ എന്നു സംശയിച്ചു. ഏയ്, ആയിരിക്കില്ല. മൂന്നരപ്പതിറ്റാണ്ടു മുമ്പ് അവൾക്കുണ്ടായിരുന്ന ദിവ്യമായ പ്രണയം തകർത്തെറിഞ്ഞ എന്നെ വീണ്ടും സുഹൃത്താക്കാൻ തയ്യാറാവില്ല. പക്ഷെ, ഫേസ് ബുക്കിലെ കൂടുതൽ പേജുകളും, ചിത്രങ്ങളും ചികഞ്ഞപ്പോൾ അതവൾ തന്നെയെന്നു വെളിവായി.
അന്നു രാത്രിയിൽ ഞാൻ അസ്വസ്ഥനായിരുന്നു. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഭാര്യയുടെ ഉറക്കത്തിനു തടസ്സമുണ്ടാകുന്നതറിഞ്ഞു. മെല്ലെയെണീറ്റു ഹാളിൽ ചെന്നപ്പോൾ കൂടുതൽ തണുപ്പനുഭവപ്പെട്ടു. കർട്ടൻ വകഞ്ഞു മാറ്റി നേർത്ത മഞ്ഞിൻ കണങ്ങൾ പറ്റിപ്പിടിച്ചിരുന്ന ചില്ലുപാളിയിലൂടെ പുറത്തേക്കു നോക്കിയപ്പോൾ പുൽത്തകിടിയും, ഇലകളില്ലാതെ ശോഷിച്ചു നിന്ന മരങ്ങളും, പുറത്തു പാർക്ക് ചെയ്തിരുന്ന കാറുകളും രാത്രിയിലെപ്പഴോ പെയ്ത മഞ്ഞിൽ മൂടിപ്പുതച്ചു കിടക്കുന്നതു കണ്ടു.
ഭൂതകാലത്തിന്റെ കുളിരും കനലും അയവിറക്കണമെങ്കിൽ ഇത്തിരി മദ്യം അകത്തു ചെല്ലണം. റെമി മാർട്ടിൻ കോണ്യാക് ബ്രാണ്ടിയുടെ പച്ചക്കുപ്പിയിൽ നിന്ന് ഒന്നര പെഗ്ഗോളം സ്ഫടിക ഗ്ലാസ്സിലേക്ക് അളക്കാതെ ഒഴിച്ച്, വെള്ളം ചേർത്തു മലിനപ്പെടുത്താതെ ഒറ്റ വലി വലിച്ചു. അയർലണ്ടിലെ തണുപ്പിനെ പ്രതിരോധിക്കാൻ ഞാൻ കണ്ടുപിടിച്ച മദ്യനയത്തെ ഭാര്യ മൗനവൃതത്തിലൂടെ പ്രതികരിച്ചു കൊണ്ടിരുന്നു. ഞാൻ കതകു തുറന്ന് ബാൽക്കണിയിൽ ഇറങ്ങി നിന്നു. പുറത്തെ ഊഷ്മാവ് തീർച്ചയായും പൂജ്യത്തിനു താഴെ ആയിരിക്കണം. എന്നാൽ ഉള്ളിലേക്കു വലിച്ചെടുത്ത കോണ്യാക്കിന്റെ ലഹരിയിൽ എന്റെ ശരീരത്തിന്റെ ഊഷ്മാവ് മുകളിലേക്കു കയറി. ഒപ്പം സാവകാശം കൊടുക്കാതെ ഒന്നിനു പുറകെ ഒരു സിഗരറ്റ് കൂടി വലിച്ചു നിർവൃതി കൊണ്ടപ്പോൾ എന്റെ ചുണ്ടുകളും കരിഞ്ഞു തുടങ്ങി.
തിരികെ വന്നു സോഫയിൽ തനിയെ കിടക്കുമ്പോൾ അവളെക്കുറിച്ചുള്ള ഓർമ്മകൾ എനിക്കു മുന്നിൽ കെട്ടഴിഞ്ഞു വീണു. ബോംബെ നരിമൻ പോയൻ്റിൽ ഉയർന്നു നിൽക്കുന്ന എയർ ഇൻഡ്യ ബിൽഡിങ്ങിലെ പത്തൊൻപതാം നിലയിലുള്ള പെട്രോ കെമിക്കൽ കമ്പനിയുടെ വിശാലമായ ഓഫീസിൽ ആദ്യമായി ജോലിക്കു പോകുന്ന ദിവസമാണ് അവളെ ഞാൻ ആദ്യമായി കണ്ടു മുട്ടുന്നത്. ലിഫ്റ്റിനായി ക്യൂ നിൽക്കുമ്പോൾ ഒരു പെൺകുട്ടി ധൃതിയിൽ ഓടിവന്നു ക്യൂവിൽ ചേർന്നു. സ്വർണ്ണ നിറത്തിലുള്ള ഫ്രോക്കിന്റെ മധ്യഭാഗം വീതികുറഞ്ഞ തിളങ്ങുന്ന ബെൽറ്റുകൊണ്ടു ബന്ധിപ്പിച്ചിരുന്നു. കാലിൽ സ്വർണ്ണക്കൊലുസും, ഇടതു കൈയ്യിൽ സ്വർണ്ണനിറത്തിലുള്ള വാച്ചും കെട്ടിയിരുന്നു. മുഖത്തുള്ള മേക്കപ്പിൽ കണ്ണുകൾ വിടരുകയും ചുണ്ടുകൾ ചുവക്കുകയും ചെയ്‌തിരുന്നു. മേക്കപ്പില്ലായിരുന്നെങ്കിൽ ഇവൾ കൂടുതൽ സുന്ദരി ആയേനെ എന്ന് എന്നിലെ സൗന്ദര്യാരാധകൻ സ്വയം എഴുതിച്ചേർത്തു. എണ്ണമയമില്ലാത്ത മുടിയിഴകൾ ഇളകി മറിഞ്ഞു. ഒറ്റനോട്ടത്തിൽ ഒരു ഗോവക്കാരിയെന്നു തോന്നാം. പക്ഷെ, മുഖശ്രീ കൊണ്ടൊരു മലയാളിത്തം മിന്നിനിൽക്കുന്നതായും തോന്നി. പത്തൊൻപതാം നിലയിൽ ഞാനിറങ്ങുമ്പോഴും അവൾ ലിഫ്റ്റിൽത്തന്നെയുണ്ടായിരുന്നു. അതിനു മുകളിലുള്ള ഏതെങ്കിലും ഓഫീസിൽ അവൾ ജോലി ചെയ്യുന്നതാകാം എന്നുറപ്പിച്ചു.
അടുത്ത ദിവസങ്ങളിലും നിറപ്പകിട്ടുള്ള പല വേഷങ്ങളിൽ അവളെ കണ്ടു. ദിവസങ്ങൾ ആഴ്ചകളായപ്പോൾ അവളുടെ കണ്ണുകൾ എന്നെയും തിരക്കുന്നതു പോലെ തോന്നി. പതിവുപോലെ വി ടി (വിക്ടോറിയ ടെർമിനസ്) സ്റ്റേഷനിലിറങ്ങി കൂപ്പർ മൈതാനം മുറിച്ചു കടന്ന് ചർച്ച്ഗേറ്റ് വഴി നരിമൻ പോയന്റ്റിലേക്കു നടക്കുമ്പോൾ എനിക്കു മുമ്പിലായി അവളെ കണ്ടു. നടപ്പിനു വേഗം കൂട്ടി അവളോടൊപ്പമെത്തിയിട്ട് പരിചയപ്പെടാൻ മനസ്സു പറഞ്ഞു. ഒപ്പമെത്തിയപ്പോൾ ധൈര്യം ചോർന്നു പോയതു പോലെ. കിട്ടിയ അവസരം പാഴാക്കരുതെന്ന് മനസ്സു വീണ്ടും മന്ത്രിച്ചപ്പോൾ ധൈര്യം സംഭരിച്ചു ഞാൻ അവളോടു സംസാരിക്കാൻ തുടങ്ങി.
ഗുഡ് മോർണിംഗ് പറഞ്ഞപ്പോൾ മോർണിംഗ് എന്നവൾ തിരിച്ചു പറഞ്ഞു.
“You are from”? പതറിയ സ്വരത്തിൽ ഞാൻ വീണ്ടും ചോദിച്ചു. “From India” എന്നാണു മറുപടി കിട്ടിയത്. എനിക്കുണ്ടായ ജാള്യത മറച്ചു വെച്ചു ഞാൻ വീണ്ടും സംസാരിച്ചു.
“I mean which part of India”?
“I don’t know. I am born and brought up in Bombay. My Dad is from Mangalore and Mom from Kerala. Now you can guess where I belong to”. അവൾ അത്രയും പറഞ്ഞു നിർത്തി. “ഇനി കൂടുതൽ എന്തെങ്കിലും അറിയേണ്ടതുണ്ടോ”?
മലയാളത്തിൽ പെട്ടെന്നുള്ള ചോദ്യമെനിക്കിഷ്ടപ്പെട്ടു. “അപ്പോൾ മലയാളം അറിയാം, അല്ലേ”? “അറിയാം”, അവളുടെ മറുപടി.
“തർക്കുത്തരം പറയാനും അറിയാം, അല്ലേ”? എന്റെ ചോദ്യം അവളെ ശുണ്ഠി പിടിപ്പിച്ചു. “അതുമറിയാം. എന്താ, ശിക്ഷ വല്ലതും തരാൻ ഉദ്ദേശമുണ്ടോ? ഓഫീസടുത്തു, സൗകര്യപ്പെട്ടാൽ നമുക്കു വീണ്ടും കാണാം.
അവൾ തന്നെ സംസാരത്തിനു തത്കാലം വിരാമമിട്ടു. ഞങ്ങൾ വീണ്ടും ലിഫ്റ്റിൽ കയറാനുള്ള ക്യൂവിൽ നിന്നു.
ഓഫീസിലിരിക്കുമ്പോൾ ചില്ലുപാത്രം വീണുടയും പോലെയുള്ള അവളുടെ സ്വരം എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. വൈകുന്നേരം ഓഫീസ് വിട്ടിറങ്ങുമ്പോൾ അവൾ ആരെയോ കാത്തു താഴെ നിൽക്കുന്നതു കണ്ടു. “എന്താ, എന്നെ കാത്തു നിൽക്കുകയായിരുന്നോ”? ഒരു കുറുമ്പു ചോദ്യം തൊടുത്തു വിടാൻ കിട്ടിയ അവസരം ഞാൻ പാഴാക്കിയില്ല. “വേണമെങ്കിൽ അങ്ങനെ കരുതിക്കൊള്ളൂ. ഒരുമിച്ചു നടന്നാൽ ആകാശം ഇടിഞ്ഞു വീഴുമെന്ന പേടിയൊന്നും”. ഞങ്ങൾ വി ടി സ്റ്റേഷനിലേക്ക് ഒരുമിച്ചു നടന്നു.
“ഇതുവരെ പേരു പറഞ്ഞില്ല”, പേരറിയാനുള്ള ആഗ്രഹം ഞാൻ പ്രകടിപ്പിച്ചു.
“പേരു ചോദിച്ചാലല്ലേ പറയാൻ പറ്റൂ” അവൾ പരിഭവിച്ചു.
“ഞാൻ കാൻഡി”
“ഇതെന്തു പേരാണ്, ഇങ്ങനെയൊരു പേര് ഇതുവരെ ഞാൻ കേട്ടിട്ടില്ല”.
“കേട്ടിട്ടില്ലെങ്കിൽ വീട്ടിൽ പോയി ഡിക്ഷണറി നോക്കിയാൽ മതി”.
“Parents”? എൻ്റെ അന്വേഷണം തുടർന്നു.
“Dad, Vincent Perera, a Catholic and Mom,
Letha Menon, a Hindu.
അങ്ങനെ ഞാൻ കാൻഡി വിൻസെൻ്റ് മേനോൻ ആയി. ഒരു മാതിരിയുള്ള മതസൗഹാർദ്ദം. പക്ഷെ, എനിക്കു പ്രത്യേകിച്ചു മതമോ ജാതിയോ ഇല്ല.
പള്ളിയും അമ്പലവും എനിക്കൊരുപോലെ”.
ഇദ്ദേഹത്തിന്റെ പേരു പറഞ്ഞില്ലല്ലോ എന്നോർമ്മിപ്പിച്ചപ്പോൾ, ചോദിക്കാതെ എങ്ങനെ പറയും എന്നു ഞാനും മറുപടി കൊടുത്തു.
“ഞാൻ സണ്ണി, സണ്ണി ജോസ്. മദ്ധ്യ തിരുവിതാംകൂറിലെ ഒരു സുറിയാനി കത്തോലിക്കാ കുടുംബം. അപ്പൻ ഒരു തോട്ടമുടമ ആണ്. തോട്ടത്തിന്റെ ഒരേയൊരു അവകാശി ഞാനായതുകൊണ്ട് അവിടെ തളച്ചിടാനുള്ള അപ്പന്റെയും അമ്മയുടെയും ശ്രമം പാഴായി. എന്റെ ഇഷ്ടത്തിനു ഞാനിങ്ങോട്ടു പോന്നു”.
വർത്തമാനം പറഞ്ഞും പറയാതെയും ഞങ്ങൾ വി ടി സ്റ്റേഷനിലെത്തി. സ്റ്റേഷനിലെ ആൾക്കൂട്ടത്തിൽ ഇരുവരും അലിഞ്ഞു ചേർന്നു. പിറ്റേന്നു രാവിലെ വി ടി സ്റ്റേഷനിൽ ഞാൻ അവൾക്കായി കാത്തു നിന്നു. ഷൂ പോളിഷ് ചെയ്യാനായി പെട്ടിയിൽ കൊട്ടി വിളിക്കുന്ന പയ്യൻ്റെ നിലവിളിക്ക് ഞാൻ ചെവി കൊടുത്തില്ല. ഹാർബർ ലൈനിൽ ചൂളം വിളിച്ചു പാഞ്ഞടുക്കുന്ന ട്രെയിൻ നിൽക്കുന്നതിനു മുമ്പു തന്നെ ജീവൻ പണയം വെച്ച് ആളുകൾ ചാടിയിറങ്ങി ഓടിത്തുടങ്ങി. സമയത്തു ജോലിസ്ഥലത്തെത്താനുള്ള തത്രപ്പാടിൽ സ്വന്തം ജീവൻ്റെ സുരക്ഷ പലരും ശ്രദ്ധിക്കാറില്ല. അതാണു ബോംബെ. ലേഡീസ് കമ്പാർട്ടുമെന്റിൽ നിന്നു ചാടിയിറങ്ങി ആൾക്കൂട്ടത്തിനിടയിൽ തലയെടുപ്പോടെ വേഗത്തിൽ അവൾ നടന്നടുക്കുന്നതു ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ കാണത്തക്ക വിധത്തിൽ ഞാൻ പ്രധാന വാതിലിനരികിൽ നിലകൊണ്ടു. ഞങ്ങളൊരുമിച്ചു വീണ്ടും കൂപ്പർ മൈതാനം മുറിച്ചു കടന്ന് ചർച്ച്ഗേറ്റ് വഴി ഓഫീസിലേക്കു നടന്നു.
“ഇന്നലെ വീട്ടിൽ ചെന്നു ഡിക്ഷണറി നോക്കി” ഞാൻ സംസാരത്തിനു തുടക്കമിട്ടു. “Candy means sweet, and you are sweet, എന്താ മതിയോ”.
അവളുടെ കണ്ണുകൾ വിടരുന്നതും മുഖത്തു തിളക്കം വർധിക്കുന്നതും ഞാൻ കണ്ടു. You are my sweet heart എന്നു പറയാനുള്ള ധൈര്യമുണ്ടായില്ല.
രാവിലെയും വൈകുന്നേരവും ഒരാൾ മറ്റൊരാൾക്കു വേണ്ടി കാത്തു നിൽക്കുന്നതു പതിവായി. ഞങ്ങൾ ഒരുമിച്ചു നടന്നു, വിശേഷങ്ങൾ പങ്കുവെച്ചു. ഒരു ദിവസം അവൾ പറഞ്ഞു, “നാളെ രാവിലെ നേരത്തെ വരണം, നമുക്കൊരുമിച്ചു ഹോട്ടലിൽ നിന്നു ബ്രേക്ഫാസ്റ്റ് കഴിക്കാം”.
“എന്തെങ്കിലും പ്രത്യേകിച്ചു വിശേഷം”? “ഏയ്, ഒന്നുമില്ല, വെറുതെ”. “ശരി”, ഞാൻ സമ്മതം കൊടുത്തു. പിറ്റെ ദിവസം ഞാൻ സ്റ്റേഷനിലെത്തുമ്പോൾ അവൾ എന്നെക്കാത്തു നിൽക്കുകയായിരുന്നു. പതിവിനു വിപരീതമായി പട്ടുസാരിയുടുത്ത്, മുല്ലപ്പൂ ചൂടി, ചന്ദനക്കുറി തൊട്ട് ശാലീനയായ മലയാളിപ്പെൺകുട്ടിയെപ്പോലെ. പണ്ടെങ്ങോ വായിച്ച ചങ്ങമ്പുഴക്കവിതയിലെ, “മഞ്ഞത്തെച്ചി പൂങ്കുല പോലെ മഞ്ജിമ വിടരും പുലർകാലേ നിന്നൂ ലളിതേ നീയെൻ മുന്നിൽ നിർവൃതിതൻ പൊൻകതിർ പോലെ”
ആദ്യ ദർശനത്തിൽത്തന്നെ നീയെന്റെ ഉള്ളിൽ കുടിയേറിയതാണ്. ഇന്നിപ്പോൾ ഈ നിമിഷം നിന്നെ സ്വന്തമാക്കാൻ ഞാനാഗ്രഹിക്കുന്നുവെന്നു പറയണമെന്നു തോന്നി.
“ഇന്നെന്താ പതിവില്ലാത്തൊരു വേഷപ്പകർച്ച”, ഞാൻ ചോദിച്ചു. “ഇന്നെന്റെ ബർത്ത്ഡേ ആണ്. ഈ ദിവസം ഇങ്ങനെ വേണമെന്നത് അമ്മയുടെ നിർബന്ധമാണ്. രാവിലെ ക്ഷേത്രത്തിൽപ്പോയി ഇഷ്‌ടദേവനോടു പ്രാർത്ഥിച്ചു”.
“എന്ത്”?
“എന്റെ ഇഷ്ടങ്ങൾ സാധിച്ചു തരണേയെന്ന്”. അവൾ നവവധുവിനെപ്പോലെ നിന്നു നാണം കുണുങ്ങി.
“ഇതെന്തേ നേരത്തെ നീ എന്നോടു പറഞ്ഞില്ല? ഒരു സമ്മാനം കരുതാനുള്ള സാവകാശം നീ തന്നില്ല”
“Many many happy returns of the day” ഞാനാദ്യമായി അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പിറന്നാളാശംസകൾ അറിയിച്ചു. അവളുടെ മൃദുലമായ കൈയ്യിലെ തണുപ്പ് ഏറ്റുവാങ്ങുമ്പോൾ അവളോടുള്ള പ്രണയമെങ്ങനെ അറിയിക്കണമെന്ന ചിന്തയിലായിരുന്നു ഞാൻ.
ചർച്ച്ഗേറ്റിലെ ഹോട്ടൽ അംബാസ്സഡറിൻ്റെ Salt and Pepper കോഫി ഷോപ്പിൽ മുഖത്തോടു മുഖം നോക്കി കാപ്പി കുടിക്കുമ്പോൾ ഞാനെന്റെ പ്രണയം ആദ്യമായി അവളോടു തുറന്നു പറഞ്ഞു. ആ നിമിഷത്തിനായി അവളും കാത്തിരിക്കുകയായിരുന്നുവെന്ന് എനിക്കു ബോധ്യപ്പെട്ടു. “ഈ ഹോട്ടലിൻ്റെ ഏറ്റവും മുകളിലായി ഒരു റിവോൾവിങ് റെസ്റ്റോറന്റ് ഉണ്ട്. ഒരു രാത്രിയിൽ ഡിന്നറിനായി നമുക്കവിടെ പോകണം”, അവൾ പറഞ്ഞു തുടങ്ങി. “അവിടെയിരിക്കുമ്പോൾ ഈ മഹാനഗരം നമുക്കു ചുറ്റും മെല്ലെ കറങ്ങിക്കൊണ്ടിരിക്കും. മേലാപ്പ് ചാർത്തി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളിലെ വർണ്ണ വെളിച്ചം നമുക്കു ചുറ്റും വലയം തീർക്കും. ക്വീൻസ് നെക്ലസ് എന്നറിയപ്പെടുന്ന മറൈൻ ഡ്രൈവിലെ നിയോൺ ബൾബുകൾ രാജ്ഞിയുടെ നെക് ലസിലെ പവിഴമുത്തുകൾ പോലെ വെട്ടിത്തിളങ്ങുന്നതു കാണാം. അങ്ങകലെ വാങ്കഡെ സ്റ്റേഡിയത്തിലെ വെള്ളിവെളിച്ചം ക്രിക്കറ്റ് പ്രേമിയായ നിന്നെ അവിടേക്കാകർഷിക്കും. പേടിക്കണ്ട, ഒരു ഡിന്നറിനുള്ള ചെലവ് എനിക്കു താങ്ങാനാകും” അവൾ പറഞ്ഞു നിർത്തി.
ഞങ്ങളുടെ പ്രണയം വളരുകയും പടരുകയും ചെയ്‌തു. മാട്ടുങ്കയിലെ കൊച്ചുഗുരുവായൂർ ക്ഷേത്രത്തിലും ബാന്ദ്രയിലെ മാതാവിൻ്റെ പള്ളിയിലും ഞങ്ങൾ പ്രാർത്ഥനകളർപ്പിച്ചു. പിറ്റെ ദിവസം പതിവു ട്രെയിൻ ഇല്ലാതിരുന്നതുകൊണ്ട് പ്ലാറ്റ്ഫോമിൽ തിരക്കു കൂടി. വി ടി സ്റ്റേഷനിൽ കാൻഡി എന്നെ കാത്തുനിൽക്കുമെന്നതു കൊണ്ട് തിരക്കേറെയുണ്ടായിട്ടും പിന്നെ വന്ന ട്രെയിനിൽ ഞാൻ തള്ളിക്കയറി. പലരും വാതിലിനു വെളിയിലായി തൂങ്ങി നിൽക്കുന്നുണ്ടായിരുന്നു. കണ്ടും കൊണ്ടും പരിചയമുണ്ടായിരുന്നതു കൊണ്ട് എനിക്കതിൽ അത്ഭുതമോ പേടിയോ തോന്നിയില്ല. ബോംബെയിലെ ഇലക്ട്രിക് ട്രെയിനിൽ സഞ്ചരിച്ചിട്ടുള്ള ഏതൊരാൾക്കും ഇതിൽ പുതുമ തോന്നില്ല. വണ്ടി ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും കുറെയാളുകളെ പ്ലാറ്റ്ഫോമിലേക്കു ചവച്ചു തുപ്പുകയും, അതിലേറെ ആളുകളെ ആ നീണ്ട വായിലേക്കു വലിച്ചെടുക്കുകയും ചെയ്യുന്നു. ട്രെയിൻ വി ടി സ്റ്റേഷനിലെത്തുമ്പോഴും കമ്പാർട്ട്മെന്റിൽ നിറയെ ആളുകളുണ്ടായിരുന്നു. ഓരോ കമ്പാർട്ട്മെന്റിൽ നിന്നും ഓരോ ആൾക്കൂട്ടത്തെ പ്ലാറ്റ്ഫോമിലേക്കു കുടഞ്ഞിട്ടു. അവിടെ വീണവരും വീഴാത്തവരും ഓടിത്തുടങ്ങി. എല്ലാവരും ഈ മഹാനഗരത്തിലെ മാനം മുട്ടെ നിൽക്കുന്ന കോൺക്രീറ്റ് കാടുകളിൽ ചെറുതും വലുതുമായ ഏതെങ്കിലും ജോലിയിടങ്ങളിൽ അതിജീവനത്തിനായി ജീവിതം പണയപ്പെടുത്തിയവർ.
സ്റ്റേഷനിൽ കാൻഡിയെ കണ്ടില്ല. ടെലിഫോൺ ബൂത്തിൽ നിന്ന് അവളുടെ ഓഫീസിലേക്കു വിളിച്ചപ്പോൾ അവിടെ എത്തിയിട്ടുണ്ടെന്നറിഞ്ഞു. വൈകുന്നേരം അവളെന്നെ കാത്തു നിന്നു. പക്ഷെ, ഒന്നും മിണ്ടിയില്ല. ഞാൻ നടന്നു തുടങ്ങിയപ്പോൾ എനിക്കു പിന്നിലായി അവളും നടന്നു. ഒബെറോയ് ഹോട്ടലിനു മുന്നിലെ ട്രാഫിക് സിഗ്നലിൽ കാൽനടക്കാർക്കു പോകാനുള്ള പച്ചമനുഷ്യൻ്റെ അടയാളം തെളിഞ്ഞപ്പോൾ അവളെൻ്റെ ഓരം ചേർന്നു നിന്നു. അനുവാദത്തിനായി കാത്തു നിൽക്കാതെ എൻ്റെ കൈ പിടിച്ചു കൊണ്ടു റോഡ് മുറിച്ചു കടന്നു. ഞങ്ങൾ കടൽഭിത്തിയോടു ചേർന്നു നിന്ന് മുഖത്തോടു മുഖം നോക്കിയപ്പോൾ അവളുടെ പിണക്കം മായുകയും, മുഖം സൂര്യകാന്തിപ്പൂ പോലെ വിടരുകയും ചെയ്തു.
ചെമ്പട്ടു പുതച്ചു പടിഞ്ഞാറെ ചക്രവാളത്തിൽ ഒളിക്കാൻ തയ്യാറെടുക്കുന്ന സൂര്യഭഗവാന്റെ അഗ്നിപ്രഭയിൽ തിരമാലകൾക്കു രാക്ഷസഭാവം. തീരം പുൽകാൻ ആർത്തിയോടെ പാഞ്ഞടുക്കുന്ന തിരമാലകൾ കടൽഭിത്തിയിൽ തട്ടി ജീവനൊടുക്കി.
“Do you really love me”?
അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം.
ഞാനവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. വിയർപ്പുകണങ്ങൾ പൊടിഞ്ഞു നിന്ന തുടുത്ത കവിളിൽ കുറുനിരകൾ ഒട്ടിപ്പിടിച്ചിരുന്നു. അന്നാദ്യമായി ഞാനവളുടെ കവിളിൽ ഉമ്മ വെച്ചിട്ടു ചോദിച്ചു, “ഈ മഹാസമുദ്രത്തിൽ എത്രമാത്രം ജലം ഉണ്ടാകുമെന്ന് നിനക്കു പറയാമോ”?
ഇല്ലെന്ന ഭാവത്തിൽ അവൾ തലയാട്ടി.
“അത്രയേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു”.
നീ പറഞ്ഞതു സത്യമാണെങ്കിൽ ഞാൻ മറ്റൊരു കാര്യം തിരിച്ചു പറയുന്നു, “എനിക്കു നിന്നോടുള്ള പ്രണയാഗ്നിയെ കെടുത്താൻ ഈ ജലമത്രയും മതിയാവില്ല”.
അവളുടെ ഈ പ്രസ്‌താവനയിൽ ഞാൻ ശൂന്യനായതുപോലെ തോന്നി. ഹൃദയശുദ്ധിയുടെ അടയാളങ്ങൾ പ്രസരിച്ചു നിന്ന ആ കവിളിൽ ഞാൻ വീണ്ടും ഉമ്മ കൊടുത്തു. എന്റെ പ്രണയ പാരവശ്യം മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്നത് ഞാൻ പരിഗണിച്ചില്ല. പക്ഷിക്കൂട്ടം അന്തിയുറങ്ങാൻ ചില്ലകൾ തേടി അർദ്ധവൃത്താകൃതിയിൽ പറന്നകന്നു. നിരത്തിൽ വഴിവിളക്കുകൾ പ്രകാശം പരത്തി. വീട്ടിലെത്താൻ അവൾ തിരക്കു കൂട്ടിയപ്പോൾ ഞങ്ങൾ നടപ്പിനു വേഗത കൂട്ടി.
ഞങ്ങളുടെ പ്രണയം വളർന്നു, കൊടുമുടിയോളം. ജൂഹു ബീച്ചും, ചൗപ്പാട്ടി ബീച്ചും, മലബാർ ഹില്ലും, എലഫന്റാ കേവ്സും, ഗേറ്റ് വേ ഓഫ് ഇൻഡ്യയും അതിനു സാക്ഷികളായി. ജൂഹു ബീച്ചിലെ നനഞ്ഞ മണലിൽ അവൾ കാൽവിരൽ കൊണ്ട് പ്രേമസൂക്തങ്ങൾ രചിക്കുകയും, എഴുതിത്തീരും മുമ്പേ കടൽത്തിരകൾ അതു നക്കിയെടുക്കുകയും ചെയ്തു. ചൗപ്പാട്ടി ബീച്ചിലെ ഭയ്യായുടെ ഭേൽപുരി കഴിച്ചുകൊണ്ട് മുട്ടിയുരുമ്മിയിരിക്കുമ്പോൾ അവൾ പങ്കജ് ഉധാസിൻ്റെ പ്രേമം സ്‌ഫുരിക്കുന്ന ഗസലിലെ വരികൾ മൂളിക്കൊണ്ടിരുന്നു. ഗേറ്റ് വേ ഓഫ് ഇൻഡ്യയിലെ കുറുകുന്ന പ്രാവിൻകൂട്ടം ഞങ്ങളുടെ പ്രണയത്തിന്റെ അസുലഭ നിമിഷങ്ങൾക്ക് അകമ്പടി സേവിച്ചു.
ഒരു ദിവസം എനിക്കവളോടതു പറയേണ്ടി വന്നു, “എനിക്കുടനെ നാട്ടിൽ പോകണം, വീട്ടിൽ നിന്നുള്ള കല്പനയാണ്. പോകാതിരിക്കാൻ നിവൃത്തിയില്ല. എത്രയും വേഗം തിരിച്ചു വരാം”.
നാട്ടിലേക്കു പോകുന്നതിൻ്റെ തലേ ദിവസം അവളെന്നെ വീട്ടിലേക്കു ക്ഷണിച്ചു. വീട്ടിൽ ചെല്ലുമ്പോൾ അവൾ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളൊരുമിച്ചു ഭക്ഷണം കഴിച്ചു. സോഫയിൽ മുട്ടിയുരുമ്മി ഇരുന്നു. അവളെന്റെ മടിയിൽ തലവെച്ചു കിടന്നിട്ടു ചോദിച്ചു, “നീ എന്നെങ്കിലും തിരിച്ചു വരുമോ”?
അവളുടെ ആ ചോദ്യം എന്നെ വേദനിപ്പിച്ചു. അഴിഞ്ഞു കിടന്ന മുടിയിഴകൾ തഴുകിക്കൊണ്ടിരുന്ന എന്റെ കൈകൾ അവളുടെ മുഖം പിടിച്ചുയർത്തി. ചുവന്ന കവിളിലൂടെ കണ്ണീർച്ചാലുകൾ ഒഴുകുന്നതും, വിതുമ്പുന്ന ചുണ്ടുകളും എന്നെ തളർത്തി. ആ കണ്ണീരിൻ്റെ ഉപ്പുരസവും, വിതുമ്പുന്ന ചുണ്ടുകളും, തുടിക്കുന്ന മാറിന്റെ മാർദ്ദവവും ഞാനെന്റെ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തു. മുറുകെ കെട്ടിപ്പിടിച്ചു ചുംബനങ്ങൾ കൊണ്ടു മൂടി. പ്രണയം കാമത്തിനു വഴി മാറുന്നതു ഞാൻ തിരിച്ചറിഞ്ഞെങ്കിലും നിയന്ത്രിക്കാനായില്ല. ഉടയാടകൾ ഓരോന്നായി അഴിഞ്ഞു വീഴുമ്പോൾ അവളെന്റെ കാമത്തിനു മുന്നിൽ കീഴടങ്ങുന്നതു പോലെ തോന്നി. അപ്രതീക്ഷിതമായി കുതറി മാറിക്കൊണ്ട് അവൾ പറഞ്ഞു, “എന്റെ ഈ ശരീരത്തിന് മറ്റാരും അവകാശി ആവില്ലെന്ന് ഉറപ്പു നൽകിയാൽ നിനക്കെന്നെ ഇപ്പോൾ എന്തുവേണമെങ്കിലും ചെയ്യാം, ഞാൻ പൂർണമായി സഹകരിക്കുകയും ചെയ്യാം”.
പക്ഷെ, എന്തുകൊണ്ടോ ഞാനങ്ങനെ പറഞ്ഞില്ല. എവിടെയോ ഒരു സംശയം ബാക്കി നിൽക്കുന്നതു പോലെ. എന്റെ കാമാർത്തിയിൽ നിന്നു ഞാൻ സ്വയം പിൻവാങ്ങി. അഴിഞ്ഞു കിടന്ന ഷർട്ടിന്റെ ബട്ടണുകൾ നേരെയാക്കിയിട്ടിട്ടു ഞാനവളുടെ കൈ പിടിച്ചു പറഞ്ഞു, “എൻ്റെ പെണ്ണിനെ കൂട്ടിക്കൊണ്ടു പോകാൻ എനിക്കാവണേ എന്നു ഞാനിപ്പോൾ പ്രാർത്ഥിക്കുന്നു”.
ഞാൻ തിരികെപ്പോന്നു. പിന്നീടൊരിക്കലും ഞാനവളെ കണ്ടിട്ടില്ല. സ്വരം കേട്ടിട്ടില്ല. ഒന്നിനും ശ്രമിച്ചിട്ടില്ല എന്നതാണു ശരി. കമ്പ്യുട്ടറിന്റെ സ്ക്രീനിൽ ഇന്നു ഞാനവളെ കണ്ടു, സ്വരവും കേട്ടു. മുഖം വിളറിയിരുന്നു. പ്രായത്തിനപ്പുറം ചുളിവുകളും കാണപ്പെട്ടു. കണ്ണുകളിലെ നക്ഷത്രത്തിളക്കം മാഞ്ഞിരുന്നു. ചില്ലുപാത്രം വീണുടയും പോലെയുള്ള സ്വരം അന്യമായതുപോലെ.
മൂന്നരപ്പതിറ്റാണ്ടു നീളുന്ന അവളുടെ ജീവിതം മൂന്നു മണിക്കൂർ കൊണ്ടു പറഞ്ഞു തീർത്തു. പ്രണയത്തിന്റെ, തിരസ്കരണത്തിൻ്റെ, ഒറ്റപ്പെടലിന്റെ, ഒടുവിൽ ജീവിതവിജയത്തിന്റെ. ഡാഡിയുടെ നിർബന്ധത്തിനു വഴങ്ങി മാംഗളൂരിയെ വിവാഹം കഴിച്ചതിന്റെ, അവളുടെ സ്വത്തിനെച്ചൊല്ലിയുള്ള അയാളുടെ വഴക്കിനെക്കുറിച്ച്, അയാളിൽ ഇരട്ടക്കുട്ടികൾ പിറന്നത്, കുട്ടികൾക്ക് ഓട്ടിസം ആണെന്നു തിരിച്ചറിഞ്ഞ നിമിഷം ബന്ധം ഉപേക്ഷിച്ചു പോയത്,…… എല്ലാം.
എല്ലാം കേട്ടതിനു ശേഷം ഞാനവളോടു യാചിച്ചു, “അവിടെ വന്നു നിന്നെ ഞാനൊന്നു കണ്ടോട്ടെ “? യഥാർത്ഥത്തിൽ എന്താണു സംഭവിച്ചതെന്നു നിന്നെ ബോധ്യപ്പെടുത്താൻ വേണ്ടിയെങ്കിലും. അല്പനേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു, “വേണ്ട, നിന്നെക്കാണാൻ കാത്തിരുന്ന നിമിഷങ്ങളുണ്ട്, ദിവസങ്ങളും, മാസങ്ങളും, വർഷങ്ങളുമുണ്ട്. നീ വന്നില്ല. ഇനിയും എനിക്കു നിന്നെ കാണണ്ട. നിന്റെ സഹതാപവും സാന്ത്വനവും എനിക്കു വേണ്ട. ഇതെന്റെ നിയോഗമാണ്, എൻ്റെ മാത്രം. ഞാൻ എന്തായിത്തീരണമെന്നും, എങ്ങനെ ആയിത്തീരണമെന്നും എഴുതപ്പെട്ടിരുന്നു. ഓരോ നെന്മണിയും ആരുടെ വിശപ്പു മാറ്റണമെന്ന് എഴുതപ്പെട്ടിട്ടുണ്ട്. ഞാൻ അതു തിരിച്ചറിയുന്നു”.
“നീ കൂടുതൽ ഫിലോസഫിക്കലാവുന്നു” ഞാൻ ഓർമ്മപ്പെടുത്തി.
“ഇതു ഫിലോസഫിയല്ല. Reality, absolute reality. എനിക്ക് സർവൈവ് ചെയ്യണം, വളർന്നു വലുതായ എന്റെ കുഞ്ഞുങ്ങൾക്കും. അവർക്കു വേണ്ടിയും, അവരെപ്പോലെയുള്ള മറ്റു കുട്ടികൾക്കും വേണ്ടിയാണ് ഡാഡി നീക്കിവെച്ച വലിയ സമ്പത്തുകൊണ്ട് ഓട്ടിസത്തെ ചെറുത്തു തോൽപ്പിക്കാനുള്ള സ്കൂൾ തുടങ്ങിയത്. ഞാനാണവരുടെ അമ്മയും അച്ഛനും ഗുരുവും. പിന്നെ, എന്തിനുവേണ്ടി നിന്നെ തിരഞ്ഞു കണ്ടുപിടിച്ചുവെന്നു ചോദിച്ചേക്കാം. മൂന്നു നാലു കാര്യങ്ങൾ നിനക്കു ബോധ്യപ്പെടുത്തിത്തരാൻ. ഫലം കാണുമെന്നു കരുതിയതല്ല.വിഞാനിന്നും ജീവിച്ചിരിക്കുന്നുവെന്ന് അറിയിക്കാൻ, നിരാലംബയായ ഒരു സ്ത്രീയുടെ ശക്തിയെക്കുറിച്ചു പറഞ്ഞു നിന്നെ നാണം കെടുത്താൻ, നീയെന്നെ സ്നേഹിച്ചിരുന്നില്ല എന്ന കാര്യം ഓർമ്മപ്പെടുത്താൻ. എന്റെ ശരീരത്തെപ്പോലും നീ സ്നേഹിച്ചിരുന്നില്ല. അവസാനമായി നമ്മൾ കണ്ട ദിവസം ഒറ്റ വ്യവസ്ഥയുടെ പേരിൽ എനിക്കുള്ളതെല്ലാം തരാൻ ഞാൻ തയ്യാറായപ്പോഴും നീയതു വാങ്ങാതെ കടന്നു പോയി. നീ ഒഴിഞ്ഞു പോയതിനു നന്ദി പറയാൻ. അതുകൊണ്ടാണ് എനിക്കിങ്ങനെ രണ്ടു കുട്ടികളെ കിട്ടിയതും, അവരോടൊപ്പം മറ്റു കുട്ടികളെ പരിപാലിക്കുന്നതും. ഈ പുണ്യപ്രവൃത്തി ചെയ്യുന്ന ഓരോ നിമിഷവും ഞാൻ നിന്നോടു കടപ്പെട്ടിരിക്കുന്നു. എല്ലാത്തിനും നന്ദി. ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. ബോംബെയുടെ പേരു മാറ്റി മുംബൈ എന്നും, വി ടി സ്റ്റേഷന്റേത് ഛത്രപതി ശിവാജി ടെർമിനസ് എന്നും ആക്കിയത് നീ അറിഞ്ഞു കാണുമല്ലോ. ഞാനും നീയും മാറി. മാറ്റങ്ങൾ പലപ്പോഴും മറക്കാൻ പഠിപ്പിക്കുന്നു. തീർച്ചയായും എൻ്റെ പ്രണയകാലം സുരഭിലമായിരുന്നു. നിറമുള്ള സ്വപ്‌നങ്ങൾ കാണുകയും, അവയെ താലോലിക്കുകയും ചെയ്‌തിരുന്നു.
പുത്തൻ പുസ്തകത്തിൻ്റെ മണമുള്ള താളുകൾക്കിടയിൽ കുട്ടികൾ മയിൽപ്പീലിത്തുണ്ടുകൾ സൂക്ഷിക്കുന്നതുപോലെ ഞാനും എൻ്റെ സ്വപ്‌പ്നങ്ങൾ സൂക്ഷിച്ചു വെച്ചു. സ്വപ്നങ്ങൾക്ക് നിറം കെട്ടപ്പോൾ പല കാലങ്ങളിലായി മിക്കതും മായിച്ചു കളഞ്ഞു. ശേഷിച്ചവ ഇപ്പോൾ മായ്ക്കുന്നു”. മറുവാക്കിനു കാത്തു നിൽക്കാതെ കമ്പ്യുട്ടർ സ്ക്രീനിൽനിന്നും അവൾ മിന്നി മറയുന്നതു നോക്കി നിൽക്കുമ്പോൾ ഞാൻ എന്നെത്തന്നെ ശപിച്ചു.
രാജൻ ദേവസ്യ വയലുങ്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb