gnn24x7

    ആദ്യ യാത്രാനുഭവം

    0
    533
    gnn24x7

    എത്രയെത്ര യാത്രകൾ ഇതിനോടകം ചെയ്തിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ വിവിധ ഇടങ്ങൾ തേടിയുള്ള യാത്രകൾ. യു കെ യിലെ ലണ്ടൻ, ബ്ലാക്‌പൂൾ, ബെർമിങ്ഹാം, കവൻട്രി, സ്പെയിനിലെ ബാഴ്സിലോണ, സെവിൽ, സ്വിറ്റ്സർലൻഡിലെ സൂറിക്, ഇറ്റലിയിലെ റോം, മിലാൻ, പിസ്സ, ഫ്ലോറെൻസ്, വെനീസ്, അസിസ്സി, പാദുവ, വെറോണാ, ലെയ്ക് ഗാർഡ, ജർമ്മനിയിലെ ബെർലിൻ, ഫ്രാൻസിലെ പാരിസ്, പോളണ്ടിലെ ക്രാക്കോവ്, ഓസ്ട്രിയയിലെ വിയെന്ന, പോർച്ചുഗലിലെ ഫാറോ, അൽഗാർവ് അമേരിക്കയിലെ ന്യൂയോർക്, ഫിലാഡെൽഫിയ, കാനഡയിലെ ടൊറൊന്റോ, ഓസ്ട്രേലിയയിലെ സിഡ്‌നി, ന്യൂ കാസിൽ, കെയിൻസ്, മെൽബൺ, പെർത്ത് പിന്നെ സിങ്കപ്പൂർ, വത്തിക്കാൻ, നേപ്പാൾ അങ്ങനെ നീളുന്നു പട്ടിക. ഇനിയും എത്രയോ രാജ്യങ്ങൾ സന്ദർശിക്കണമെന്ന മോഹം ബാക്കി നിൽക്കുന്നു. പക്ഷെ, ഇപ്പോഴും എപ്പോഴും മനസ്സിൽ ക്ലാവ് പിടിക്കാതെ ഒട്ടിച്ചേർന്നു കിടക്കുന്ന ഒരു യാത്രയുടെ ഓർമ്മയുണ്ട്, അതാകട്ടെ, കുഞ്ഞുന്നാളിലെ ഒരു യാത്ര, സ്കൂളിൽ നിന്നൊരു വിനോദയാത്ര.

    വർഷം 1966, ഡിസംബർ മാസം. ഞാൻ ചങ്ങനാശ്ശേരിയിലെ വടക്കേക്കര ഗവണ്മെന്റ് യു പി സ്‌കൂളിൽ(ഇന്നത് ഹയർ സെക്കണ്ടറി സ്‌കൂൾ) നാലാം ക്ളാസിൽ പഠിക്കുന്നു. കമലമ്മ സാർ ക്ലാസ്സിൽ പറഞ്ഞു: സ്‌കൂളിൽ നിന്ന് തിരുവനന്തപുരം കന്യാകുമാരി സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകുന്നു. ആർക്കെങ്കിലും പോകണമെന്നുണ്ടെങ്കിൽ വീട്ടിൽ നിന്ന് അനുവാദം വാങ്ങിക്കൊണ്ടു വരണം. പത്തു രൂപയാണ് യാത്രയ്ക്കുള്ള ഫീസ്. ശേഷം ഒരു യാത്രാവിവരണവും. കടലു കാണാം, തിരമാല കാണാം, വിമാനം കാണാം, കാഴ്ചബംഗ്ലാവ് കാണാം, അമ്മച്ചി പ്ലാവു കാണാം, മേത്തമ്മിണിയെ കാണാം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കാണാം, രണ്ടു നിലയുള്ള ബസ്സ് കാണാം… അങ്ങനെ കുരുന്നു മനസ്സുകളിൽ ആകാംക്ഷയുടെ കുളിരു കോരിയിട്ട ഒരു നീണ്ട യാത്രാവിവരണം. എന്തിനാ കമലമ്മ സാറേ ഇങ്ങനെ കൊച്ചു പിള്ളേരെ മോഹിപ്പിക്കുന്നത് എന്നു ചോദിക്കാനുള്ള പ്രായമല്ലല്ലോ അത്. വെറുതെ മോഹങ്ങൾക്കു പിറകെ പായുക എന്നതല്ലാതെ. പിടിതരാതെ കബളിപ്പിച്ചു കടന്നു കളയുന്ന പൂമ്പാറ്റയുടെ പിറകെ പായും പോലെ. പക്ഷെ, പുതിയ ലോകവും, പുതിയ ആകാശവും, പുതിയ കാഴ്‌ചകളും കാണാനുള്ള കൗതുകവും കൊതിയും എത്ര മാത്രം ഉള്ളിൽ ഉണ്ടായിരുന്നിരിക്കാമെന്ന് ഞാനിന്ന് ഊഹിച്ചെടുക്കുന്നു.

    വീട്ടിൽ പത്തു രൂപ എടുക്കാനുള്ള പാങ്ങില്ലാത്തതു കൊണ്ട് അമ്മയോടു പറഞ്ഞാൽ കാര്യം നടക്കില്ലെന്നു ബോധ്യമുണ്ടായിരുന്നു. എന്നിട്ടും അമ്മയോടു കാര്യം പറഞ്ഞു. മറുപടി പ്രതീക്ഷിച്ചതു തന്നെ.

    “പൊക്കോണം എന്റെ മുന്നീന്ന്, അഞ്ചാറെണ്ണത്തിൻ്റെ വയറു നിറക്കാൻ പെടുന്ന പാട് നമ്മക്കല്ലേ അറിയത്തൊള്ളൂ, പിന്നെയാ ചെറുക്കൻ ഒരു കോളുമായി വന്നിരിക്കുന്നത്”. ഇനിയുള്ള പോംവഴി ചേച്ചി മുഖേന വിഷയം അപ്പനു മുന്നിൽ അവതരിപ്പിക്കുക, അത്ര തന്നെ. ചേച്ചി കേസ് ഏറ്റെടുത്തു കൊണ്ട് എനിക്കു വേണ്ടി അപ്പനു മുമ്പാകെ ഹർജി ഫയൽ ചെയ്തു. മക്കളോട് അതിരറ്റ സ്നേഹം പ്രകടിപ്പിക്കുന്ന അപ്പൻ അനുഭാവപൂർവ്വം ഹർജി സ്വീകരിച്ചു.

    പിറ്റെ ദിവസം അപ്പൻ പത്തു രൂപ തന്നു. അത് എങ്ങനെ ഉണ്ടാക്കിയതാണെന്ന് ഇപ്പോഴും എനിക്കറിയില്ല. ഇത്തിരിപ്പോന്ന കൃഷിയിൽ നിന്നുള്ള വരുമാനമാകാം, പശുവിൻ്റെ പാലു വിറ്റു കിട്ടിയതാകാം, അറിയില്ല. പിന്നീടുള്ള രാവുകളിൽ കണ്ട സ്വ‌പ്നങ്ങളിലൊക്കെയും കമലമ്മ സാർ പറഞ്ഞ കാഴ്ചകൾ വിരുന്നു വന്നു. എനിക്കു മാത്രമായി പിറന്നൊരു സ്വ‌പ്നലോകം. ഒടുവിൽ ആ ദിവസം വന്നു ചേർന്നു. സ്വപ്‌നം യഥാർഥ്യമാകുന്ന ദിവസം. തലേ ദിവസം കമലമ്മ സാർ ചില നിർദേശങ്ങൾ തന്നു. വെളുപ്പിന് 5 മണിക്ക് ബസ്സ് വിടും. അതിനുമുൻപായി യാത്ര പോകുന്നവർ സ്‌കൂളിൽ എത്തിച്ചേരണം.

    ആ രാത്രിയിൽ ഞാൻ ഉറങ്ങിക്കാണില്ല. അഞ്ചു മണിക്കു മുമ്പായി സ്‌കൂളിൽ എത്തണമെങ്കിൽ മൂന്നു മണിക്കെങ്കിലും ഉണരണം. സമയം തിട്ടപ്പെടുത്തി അലാറം വെക്കാൻ വീട്ടിൽ വാച്ചോ, ക്ലോക്കോ ഒന്നും ഉണ്ടായിരുന്നില്ല. കോഴി കൂവുന്നതിനനുസരിച്ചോ, പള്ളിമണി കേട്ടോ, വാങ്കുവിളി കേട്ടോ, അമ്പലഗീതം കേട്ടോ ഒക്കെ സമയം കണക്കാക്കിയിരുന്ന കാലം. അമ്മ കാലേ കൂട്ടി എഴുന്നേറ്റ് എന്നെ യാത്രയാക്കാനുള്ള ഒരുക്കങ്ങൾ നടത്തി. ഉള്ളതിൽ നല്ല നിക്കറും ഉടുപ്പും ഇടീച്ച് ചേച്ചി ഒരുക്കി നിർത്തി. വഴിച്ചെലവിനായി അമ്മ തന്ന നാലണ (25 പൈസ) നിക്കറിന്റെ കീശയിൽ സൂക്ഷിച്ചു വെച്ചു. അന്ന് അണ പ്രാബല്യത്തിലില്ലെങ്കിലും കണക്കു പറയുമ്പോൾ അണ ചേർത്തു പറയുമായിരുന്നു. 8 അണ = 50 പൈസ, 12 അണ = 75 പൈസ, 16 അണ = ഒരു രൂപ. സ്കൂളിൽ കൊണ്ടു വിടാനായി ചേട്ടനും ചേച്ചിയും തയ്യാറായി നിന്നു. ഡിസംബർ മാസമായിരുന്നതു കൊണ്ട് തണുപ്പ് ശരീരത്തിലേക്കു തുളച്ചു കയറിയിരുന്നു. പക്ഷെ, കാഴ്ച്‌കൾ കാണാനുള്ള ആവേശത്തിൽ ശരീരം തുളച്ചു കയറുന്ന തണുപ്പിലും സുഖമുള്ളൊരു ചൂട് അനുഭവപ്പെട്ടു. ചൂട്ടു കത്തിച്ചു കൊണ്ട് വഴി കാണിച്ചു ചേട്ടൻ മുമ്പേയും ഞാനും ചേച്ചിയും പുറകെയും നടന്നു. ചിതറി വീണ സ്വർണ്ണവെളിച്ചം മങ്ങിത്തുടങ്ങുമ്പോൾ ചൂട്ടുകറ്റ വീശിക്കൊണ്ട് ചേട്ടൻ വീണ്ടും വഴി കാട്ടി.

    വീട്ടിൽ നിന്ന് രണ്ടു ഫർലോങ്ങ് ദൂരം നടന്നു വേണം സ്‌കൂളിലെത്താൻ. സ്കൂളിൽ കുട്ടികളെല്ലാം എത്തിച്ചേർന്നു. യാത്ര പോകാനുള്ള ഗമയൊന്നും ഇല്ലാത്ത സാദാ ബസ്സും തയ്യാറായി നിന്നു. കുട്ടികളുടെ ഉത്തരവാദിത്തം സാറമ്മാർ ഏറ്റെടുത്തു. ഓർമ്മയിലുള്ള ആദ്യത്തെ ബസ്സ് യാത്ര ഒരു വിനോദ യാത്രയായി മാറിയപ്പോൾ സന്തോഷം ഇരട്ടിയായി. പോകുന്ന വഴിയിൽ എവിടെയോ ബസ്സ് നിർത്തിയിട്ട് എല്ലാവർക്കും പ്രഭാത ഭക്ഷണം നൽകി.

    ഉച്ച ആയപ്പോഴേക്കും തിരുവനന്തപുരത്തെ കാഴ്‌ചകൾ കണ്ടു തീർത്തു. വിസ്തരിച്ചുള്ള കാഴ്ചയൊന്നുമില്ല. ഒരു നീണ്ട ഓട്ട പ്രദക്ഷിണം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, ക്ഷേത്രക്കുളം, മേത്തമ്മിണി (മേത്തൻ മണി എന്നാണ് ശരിയായ പേര്. പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുൻവശത്തുള്ള പുത്തൻമാളിക കൊട്ടാര സമുച്ചയത്തിൻ്റെ ഭാഗമായി സ്വാതി തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്തു സ്ഥാപിച്ചിട്ടുള്ള നാഴികമണിയാണ് മേത്തൻ മണി.

    ഓരോ മണിക്കൂറിലും വായ് തുറക്കുന്ന ഒരു താടിക്കാരൻ്റെ(മേത്തൻ) രൂപവും, അയാളുടെ മുഖത്തേക്ക് ഇരു വശത്തുനിന്നും ആഞ്ഞിടിക്കുന്ന രണ്ടു മുട്ടനാടുകളും ആണ് ഉള്ളത്. മണിശബ്ദം മുഴങ്ങുമ്പോൾ ആട്ടിൻകുട്ടികൾ താടിക്കാരൻ്റെ മുഖത്ത് പരസ്പരം മുട്ടുന്നു), കാഴ്ചബംഗ്ലാവ്, ഇരുനില ബസ്സ്, മിന്നായം പോലെ കുതിച്ചുയർന്ന വിമാനം, ഇരമ്പിപ്പാഞ്ഞു വരുന്ന തിരമാലയും പരന്നു കിടക്കുന്ന കടലും (ശംഖുമുഖം കടൽ – അവിടെ ഇറങ്ങി കടലിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരം തന്നില്ല) ജീവിതത്തിൽ ആദ്യമായി തലസ്ഥാന നഗരിയിൽ കണ്ടു.

    തിരുവനന്തപുരത്തു നിന്നു കന്യാകുമാരിയിലേക്കുള്ള യാത്രയിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവ് ശത്രുക്കളിൽ നിന്നു രക്ഷ നേടാനായി ഒളിച്ചിരുന്ന അമ്മച്ചിപ്ലാവ് കണ്ടു.

    സൂര്യാസ്തമയത്തിനു മുമ്പായി കന്യാകുമാരിയിൽ എത്തിച്ചേർന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു മുനമ്പ്. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നീ മൂന്നു സമുദ്രങ്ങളുടെ സംഗമസ്ഥാനം. മൂന്നു നിറങ്ങളിലുള്ള സമുദ്ര ജലം പോലും നമുക്കു തിരിച്ചറിയാം. മഞ്ഞ, കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള മണലു കൊണ്ടു സമൃദ്ധമാണ് ഈ മുനമ്പ്. വഴിയോര കച്ചവടക്കാർ പെൺകുട്ടികളെ ആകർഷിക്കുന്ന തരത്തിൽ വിൽപ്പനക്കായി വെച്ചിരിക്കുന്ന ശംഖു കൊണ്ടും മുത്തു കൊണ്ടുമുള്ള മാല, വള, മറ്റു അലങ്കാര വസ്തുക്കൾ, കന്യാകുമാരിയിലെ ഒരുതരം കല്ലു പെൻസിലുകൾ (ഇത് പാറയിൽ പറ്റി പിടിച്ചിരിക്കുന്ന കടൽചേന എന്നു പറയുന്ന ഒരു ജീവിയുടെ മുള്ള് ആണ്. ഇതുകൊണ്ട് സ്ലേറ്റിൽ എഴുതാൻ സാധിക്കും. എന്റെ തലമുറയിൽ പെട്ടവരൊക്കെ ഇത് ഉപയോഗിച്ചിട്ടുണ്ടാകും), പ്രത്യേക പാക്കറ്റുകളിലാക്കി വെച്ചിരിക്കുന്ന മൂന്നു നിറങ്ങളിലുള്ള മണൽത്തരികൾ, അങ്ങനെയുള്ള പല പല കന്യാകുമാരി കാഴ്ചകൾ ഇപ്പോഴും മനസ്സിൽ തെളിയുന്നു. കൈയ്യിൽ കാശുള്ളവർക്കു ഇഷ്ടപ്പെട്ടതു വാങ്ങാനുള്ള അനുവാദം സാറമ്മാർ നൽകി. എന്റെ കീശയിൽ നാലണ (25 പൈസ) ഉണ്ട്. അതിനുള്ളതല്ലേ വാങ്ങാൻ പറ്റൂ. അഞ്ചു പൈസക്ക് കന്യാകുമാരിയിലെ കല്ലുപെൻസിൽ, അഞ്ചു പൈസക്ക് മൂന്നു നിറങ്ങളിലുള്ള കന്യാകുമാരി കടലിലെ മണൽ, ബാക്കിയുള്ള പതിനഞ്ചു പൈസക്ക് ചേച്ചിക്ക് പച്ച നിറത്തിൽ മുത്തു കൊണ്ടുള്ള ഒരു മാല എന്നിവ വാങ്ങി. ചേച്ചിയോടുള്ള സ്നേഹക്കൂടുതലോ, വിനോദയാത്രക്കു പോകാൻ അപ്പനോടു ശുപാർശ ചെയ്‌തതു കൊണ്ടോ ആകാം ചേച്ചിക്കുള്ള സമ്മാനം.

    കന്യാകുമാരിയിൽ ഇപ്പോൾ കാണുന്ന സ്വാമി വിവേകാനന്ദ ക്ഷേത്രമോ, തിരുക്കുറൾ എഴുതിയ തിരുവള്ളുവരുടെ പ്രതിമയോ അന്നവിടെ സ്ഥാപിക്കപ്പെട്ടിരുന്നില്ല. സൂര്യാസ്ത‌മയം കാണാനായി കടൽത്തീരത്ത് കുട്ടികളെ സുരക്ഷിതമായി ഒരുമിച്ചു നിർത്തി. ശാന്തമായ തിരമാലകൾ ചിലപ്പോഴൊക്കെ കുട്ടികളുടെ പാദങ്ങൾ ചുംബിച്ചു തിരികെപ്പോയി. സൂര്യൻ അങ്ങകലെ പടിഞ്ഞാറെ ചക്രവാളത്തിൽ മുങ്ങി മറയാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ചുവന്നു തുടുത്ത സൂര്യൻ കടലിൽ ആഴ്ന്നിറങ്ങുന്നതു വരെ ഇമവെട്ടാതെ ഞങ്ങൾ നോക്കി നിന്നു. പിറ്റേന്നു വെളുപ്പിന് കിഴക്കുണരുന്നതു കാണാനുള്ള അവസരം കിട്ടാതെ അന്നു തന്നെ തിരികെ പോരേണ്ടി വന്നു.

    സൂര്യൻ കടലിൽ താഴുന്നു, കടലിൽ നിന്ന് ഉദിച്ചു വരുന്നു. അങ്ങനെയാണ് വിശ്വസിച്ചിരുന്നത്. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന തിരുവനന്തപുരത്തെയും കന്യാകുമാരിയിലെയും കാഴ്‌ചകൾ കണ്ടു തിരികെ ബസ്സിൽ കയറുമ്പോഴേക്കും കുട്ടികൾ ആകെ ക്ഷീണിതരായിരുന്നു. പലരും മയക്കത്തിലാണ്ടു. മടക്ക യാത്രയിൽ എവിടെയോ വണ്ടി നിർത്തി രാത്രി ഭക്ഷണം കഴിച്ചത് ഓർമ്മയിൽ തെളിച്ചമില്ലാതെ കിടപ്പുണ്ട്. തിരിച്ചു സ്കൂളിൽ എത്തിയപ്പോൾ പാതിരാ കഴിഞ്ഞു കാണും. ചേച്ചിയും ചേട്ടനും എന്നെ കാത്തു സ്കൂളിൽ നിൽപ്പുണ്ടായിരുന്നു. ചൂട്ടുകറ്റയുടെ വെളിച്ചത്തിൽ ഉറക്കച്ചടവോടെ വീട്ടിലേക്കു നടക്കുമ്പോൾ ആദ്യമായി കണ്ട കാഴ്ചകളിലെ വിസ്‌മയം കൂടെ കൊണ്ടു പോകുകയായിരുന്നു. പിറ്റെദിവസം സ്ക്‌കൂളിൽ ചെല്ലുമ്പോൾ വിനോദ യാത്രക്കു പോകാൻ കഴിയാതിരുന്ന കുട്ടികളോട് വീമ്പിളക്കാനുള്ള കാര്യങ്ങളൊക്കെ മനസ്സിൽ സൂക്ഷിച്ചു വെച്ചു.

    പിന്നീട് എത്രയോ തവണ തിരുവനന്തപുരത്തും കന്യാകുമാരിയിലും യാത്ര പോയിരിക്കുന്നു. അന്നൊക്കെ കണ്ട കാഴ്ചകൾ വെറും കാഴ്‌ചകൾ മാത്രം. മനസ്സിൽ പതിഞ്ഞു കിടക്കുന്നത് ആദ്യ യാത്രയിലെ മനോഹരമായ കാഴ്ചകളും, അനുഭവങ്ങളും.

    രാജൻ ദേവസ്യ വയലുങ്കൽ

    Follow Us on Instagram!

    GNN24X7 IRELAND :

    🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

    gnn24x7