gnn24x7

    ഒരു തുള്ളി മാത്രം ! (എന്റെ അമ്മ) 

    0
    124
    gnn24x7

    ചിലർ അങ്ങനെയാണ്, നമ്മുടെ ഓർമ്മകളിൽ നിന്നും ചിന്തകളിൽ നിന്നും ഹൃദയത്തിൽ നിന്നും തിരിച്ചുപോകാത്തവർ. അവർ വാക്കായി, ചൈതന്യമായി നമുക്ക് ചുറ്റുമുണ്ടാകും.

    അമ്മ… എന്റെ അമ്മ

    എല്ലാവർക്കും ‘അമ്മ’ വിലപ്പെട്ട ഓർമ്മകൾ തന്നെ, അമ്മ കൂടെയുള്ളവർക്കും പിരിഞ്ഞു പോയവർക്കും. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ച്.

    എന്റെ അമ്മ, സിനിമയിലെ കവിയൂർ പൊന്നമ്മയെപോലെ വളരെ മൃദുലയായിരുന്നില്ല. പുരോഗമന ചിന്തകളും ശക്തമായ അഭിപ്രായങ്ങളും ഉള്ള തന്റേടമുള്ള സ്ത്രീയായിരുന്നു. ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ അമ്മയുടെ പല ചിന്താധാരകളും അഭിപ്രായപ്രകടനങ്ങളും പലരുടേയും നെറ്റി ചുളിപ്പിച്ചിട്ടുണ്ട്. അതിന്റെ പേരിൽ അമ്മക്ക് കുറെ കല്ലേറ് കിട്ടിയിട്ടുമുണ്ട്.

    അതിനോടൊപ്പം കരുണയുള്ള മനസ്സിനുടമയായിരുന്നു. ഞങ്ങൾ മക്കളുടെ ചെറിയ പ്രയാസങ്ങൾപ്പോലും താങ്ങാനാവാതെ,  മെഴുകുപ്പോലെ ഉരുകിയൊലിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ ശക്തയുടെ തേങ്ങൽ എന്നെ പലപ്പോഴും അമ്പരിപ്പിച്ചിട്ടുണ്ട്. അമ്മ എന്ന വികാരം എത്രയും ആഴമുള്ളതെന്ന് ഇപ്പോൾ ഞാനറിയുന്നു.

    പുസ്തകങ്ങളുടെ കൂട്ടുകാരിയായിരുന്നു അമ്മ. അന്നത്തെ വർത്തമാനപത്രത്തിൽ തുടങ്ങി ആനുകാലികങ്ങളിലൂടെ വളർന്നു ഒരു നോവലിന്റെ കുറച്ചു അധ്യായങ്ങൾ വായിച്ചു തീരുന്നതായിരുന്നു അമ്മയുടെ വായനയുടെ ദിനചര്യ. വലിയ കുടുംബവും കൃഷിയും പണിക്കാരും പശുവും കോഴിയും നായയും പൂച്ചയുമായി ശ്വാസം വിടാൻ സമയമില്ലാതെ നെട്ടോട്ടമോടുമ്പോൾ കൂടി വെയിൽ ചാഞ്ഞിരിക്കുന്ന ചുരുക്കം ഒരു മണിക്കൂർ അമ്മ വായനക്കു വേണ്ടി മാറ്റിവെക്കുമായിരുന്നു. ധാരാളം പേജുകളുള്ള  അവകാശികൾ, ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ തുടങ്ങിയ തടിയൻ പുസ്തകങ്ങൾ കൈയിൽ താങ്ങിയിരുന്നു വായിച്ച്, വേദനിക്കുന്ന കൈത്തണ്ട തിരുമ്മുന്ന  അമ്മയുടെ ചിത്രം ഇന്നും നറുചിരിയോടെ മാത്രമെ ഓർമ്മിക്കാൻ സാധിക്കൂ.

     ആ പരന്ന വായനയായിരിക്കണം പുരോഗമന ചിന്തകളുയുടെ വിത്ത് അമ്മയുടെ തലച്ചോറിൽ പാകിയത്.

    കുസൃതിയും വാശിയും ചില്ലറ കുരുത്തക്കേടുകളുമായി അമ്മയുടെ നിഴലായി നടന്നിരുന്ന ഒരു നാലുവയസ്സുകാരിയിൽ നിന്നും എന്റെ ഓർമ്മകളും അമ്മയോടുള്ള യോജിപ്പും വിയോജിപ്പും തുടങ്ങുന്നു. വിയോജിപ്പ് എന്തായിരുന്നു എന്നല്ലേ?

    അമ്മയെ ഒരു ‘പാവം അമ്മ’ എന്ന് വിളിച്ചു കാണാനായിരുന്നു, എന്നിലെ കൗമാരകാരിക്ക് ഇഷ്ടം. നമുക്ക് യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങളിൽ എന്തിന് ഇടപെടണം?, ഞാൻ കരുതും.

    പക്ഷെ ഇമേജ് നോക്കാതെ ന്യായം പറയുന്ന അമ്മ വളരെ വ്യത്യസ്തയായിരുന്നു.

    അമ്മക്ക് നല്ലൊരു കഥ പറയൽ  ശൈലിയുണ്ടായിരുന്നു. കള്ളകർക്കിടകത്തിലെ കനത്ത മഴയിൽ കറന്റ്‌ പോയി, പഠിത്തം നിർത്തി പുസ്തകമടച്ചു, ഇത്തിരി വെട്ടത്തിൽ അമ്മക്ക് ചുറ്റുമിരുന്നു കേട്ട കഥകളിൽ, സ്വാതന്ത്ര്യസമരസേനാനിയായ അപ്പൂപ്പനും അമ്മ കേട്ടറിഞ്ഞ രണ്ടാം ലോകമഹായുദ്ധവും കേരളത്തിൽ വീശിയ കൊടുങ്കാറ്റും ശ്രീ നെഹ്‌റുവിന്റെ പ്രസംഗവും ഒരിക്കലും മങ്ങാത്ത ഫ്രെയിമുകളായി ഓർമ്മയിൽ നിൽക്കുന്നു.

    കരുതുന്നത് എന്നാരായുകയും ചെയ്യുമായിരുന്നു. അഭിപ്രായങ്ങൾ കേൾക്കണമെന്നും ( അത് പ്രായത്തിൽ ചെറുപ്പമുള്ളവർ ആയാലും) അതിനു ശേഷം വിവേകത്തോടെ സ്വന്തം തീരുമാനത്തിൽ എത്തണം എന്ന് അമ്മ പറയും. പലരെ കേൾക്കുമ്പോൾ മാത്രമേ അതിനെ കുറിച്ച് എല്ലാ ആംഗിളും നമ്മൾ ചിന്തിക്കൂ, എന്നാണ് കക്ഷിയുടെ പഠനം.

    ഇതെല്ലാം കേട്ടു, നിങ്ങൾ എന്റെ അമ്മ ഒരു പുണ്യവതിയാണെന്ന് ധരിക്കരുത്. നല്ല മുൻകോപവും സങ്കടവും പരാതിയും മക്കളെ കുറിച്ച് അനാവശ്യ ആവലാതിയും അധികസംസാരവും ഒക്കെയുള്ള ഒരു സാധാരണ സ്ത്രീ.

    പഠനം കഴിഞ്ഞയുടനെ എന്റെ വിവാഹവും തികച്ചും അപരിചിതമായ ചുറ്റുപാടുകളിൽ മറ്റൊരു രാജ്യത്തെ പ്രവാസജീവിതം അമ്മയെ എന്നിൽ നിന്നും അടർത്തിമാറ്റിയപ്പോൾ അമ്മയുടെ സാന്നിധ്യം എനിക്ക് എന്തായിരുന്നെന്നു ഞാൻ അറിഞ്ഞു.

    ഞാൻ അവധിക്കു എത്തും മുൻപ് മേടമാസത്തിലെ വെയിലിൽ ഉണക്കിയെടുത്ത മുളക്, പാവക്ക കൊണ്ടാട്ടവും കുരുമുളകും കായുപ്പേരിയും ചക്കവറുത്തതും ചക്ക വരട്ടിയതും കശുവണ്ടിപരിപ്പും അവലോസ്സുണ്ടയും പലയിനം പൊടികളും അച്ചാർ കുപ്പികളും എന്റെ ഭീമൻ പെട്ടികൾ നിറക്കുമ്പോൾ അതിനു പുറകിലുള്ള അമ്മയുടെ ശ്രമവും കരുതലും ഞാൻ രുചിച്ചറിഞ്ഞു. ഇന്നും എന്റെ എല്ലാ പാചകപാടവവും പുറത്തെടുത്തിട്ടും അമ്മയുടെ  അടുക്കള നിറയുന്ന രസത്തിന്റെയും  ചെറുനാരാങ്ങ അച്ചാറിന്റെയും മണവും സ്വാദും അതുക്കും മേലേ എന്ന് പറഞ്ഞ് എന്നെ തോല്പിച്ചു നാണിപ്പിക്കുന്നു.

    കാറിക്കൂവി കരയുന്ന കൈക്കുഞ്ഞായ എന്റെ മകനെ നെഞ്ചിലിട്ടു കാതിൽ മെല്ലെ മൂളി, നിമിഷങ്ങൾക്കുള്ളിൽ ഉറക്കുന്ന അമ്മയുടെ മാന്ത്രികവിദ്യ കണ്ടു അമ്പരന്ന എന്നെ നോക്കി അമ്മ പുഞ്ചിരിച്ചു.

    അമ്മയുടെ സ്വരവും നെഞ്ചിന്റെ ചൂടും ഹൃദയത്തിന്റെ ചലനതാളവുമാണ് കുഞ്ഞിന് ഏറ്റവും പരിചിതമെന്നും അതിനോളം സുരക്ഷ അവനു മറ്റൊന്നും നൽകില്ല എന്നും അമ്മ പറഞ്ഞത് എത്രയോ ശരിയെന്ന് പിന്നീട് കടന്നുപോയ വർഷങ്ങളിലൂടെ ഞാൻ മനസ്സിലാക്കി.

    പ്രായവും അസുഖങ്ങളും അമ്മയെ തളർത്താൻ തുടങ്ങിയപ്പോൾ ഏതൊരു പ്രവാസിയെപ്പോലെ നെഞ്ചിനകത്തെ നെരിപ്പോടായിരുന്നു എനിക്കും എന്റെ അമ്മ. അതെ സമയത്തായിരുന്നു എന്റെ അച്ഛൻ കുറച്ചു മാസങ്ങൾ കിടപ്പു രോഗിയായത്. ഒരു ഹോം നേഴ്സ് ഉണ്ടായിട്ടും അച്ഛന്റെ എല്ലാ ശുശ്രൂഷയും ഏറെ ബുദ്ധിമുട്ടി അമ്മ തന്നെ ചെയ്യുമായിരുന്നു.

    “അമ്മ എന്തിനാ ഇങ്ങിനെ കഷ്ടപ്പെടുന്നത്, അപ്പോൾ പിന്നെ ഈ ഹോം നേഴ്സ്  എന്തിനാണ്?” ഞാൻ ചോദിച്ചു.

    “അതോ… അവർ ചെയ്യുന്നത് പണത്തിനൊരു ജോലി. എനിക്കിതു കടമയും സ്നേഹവും”, അമ്മ മെല്ലെ അച്ഛന്റെ കൈവിരലുകൾ മെല്ലെ നിവർത്തി തുടച്ചു, ഡയപ്പറുകൾ മാറ്റി വൃത്തിയാക്കി, പൗഡർ തൂവി.

    പള്ളിയോടു ചേർന്ന മാതാവിന്റെ കപ്പേളയിൽ ഒരു കൂട് മെഴുകുതിരി തെളിച്ചു പ്രാർത്ഥിക്കുന്ന അമ്മയെ ഞാൻ പഠിച്ചെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. വാർദ്ധക്യത്തിൽ, ഡിമെൻഷ്യയിൽ മറവിയുടെ  കയങ്ങളിലേക്ക് മുങ്ങിപ്പോയ അച്ഛനെ ഓർമ്മകളിലേക്ക് തിരിച്ചു കയറ്റാൻ ഒരു ചികിത്സക്കും കഴിയില്ല എന്നറിഞ്ഞിട്ടും അമ്മ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് എന്റെ നോട്ടത്തിൽ നിന്നും അമ്മ ഊഹിച്ചെടുത്തിരിക്കണം.

    “സങ്കടങ്ങളിൽ ആശ്രയിക്കാൻ ഒരിടം എന്ന സമാധാനം വലുതാണ് “, ആ ആത്മവിശ്വാസത്തിനു മുമ്പിൽ മറ്റൊന്നും ചോദിക്കാൻ ഞാൻ മുതിർന്നില്ല.

    ഓരോ അവധിക്കാലത്തും അമ്മക്കിഷ്ടമുള്ള എന്താണ് കൊണ്ടുവരേണ്ടത് എന്നയെന്റെ ചോദ്യത്തിന് പതിവായി കേട്ടിരുന്ന ഒറ്റ ഉത്തരം,

    “എനിക്ക് എല്ലാം ഉണ്ടിവിടെ, നിന്നെ ഒന്ന് കണ്ടാൽ മാത്രം മതി “, എന്ന് മാത്രമായിരുന്നു.

    എങ്കിലും അമ്മക്ക് ഉപയോഗിക്കാവുന്നവ സമ്മാനമായി കൊടുത്തും അമ്മക്കിഷ്ടമുള്ള സ്ഥലങ്ങളിൽ കൊണ്ടുപോയും ചെറിയ ആഗ്രഹങ്ങൾക്ക് കൂട്ടുനിന്നും എന്റെ മനസ്സിന്റെ ഭാരം ഞാൻ ഇറക്കി വെച്ചു. അമ്മയുടെ എഴുപത്തിയൊമ്പതാം വയസ്സിലും ഞങ്ങൾ തിയേറ്ററിൽ ഒരുമിച്ചിരുന്നു സിനിമ കണ്ടു. സീറ്റിൽ നിന്നും എഴുന്നേൽക്കാൻ കഷ്ടപ്പെടുന്ന നരച്ച വെള്ളമുടിക്കാരി അമ്മൂമ്മയെ ആളുകൾ അത്ഭുതത്തോടെ നോക്കി. അമ്മക്ക് ഏറെ ഇഷ്ടപ്പെട്ട വായനക്കായി പുസ്തകങ്ങൾ സംഘടിപ്പിച്ചു കൊടുത്തു. വീട്ടിൽ എന്റെ മക്കളുടെ മലയാളം പരിഭാഷയിലൂടെ ഇംഗ്ലീഷ് സിനിമകൾ കണ്ടു അമ്മ കമന്റടിച്ചു,

    “ഹായ്… ഇതല്ലേ പടം, നല്ല ജോർ പടം.” അപ്പോൾ എന്റെ മക്കളുടെ പ്രായത്തിലേക്കു ചുരുങ്ങി കൂടിയിരുന്ന അമ്മ.

    “ഇനി എന്നാ വര്യാ, ഇനി എന്നാ ഒന്ന് കാണാ…?”

    ഓരോ യാത്രമൊഴികളിലും അമ്മയുടെ തലോടലോടെയുള്ള ചോദ്യത്തിന് ഉത്തരം പറയാൻ എന്നെ അനുവദിക്കാതെ അമ്മയുടെ വിതുമ്പൽ കാണാതിരിക്കാൻ, ഞാൻ കാറിൽ കയറും മുൻപ്, മുറിക്കുള്ളിൽ കയറിപ്പോയിരുന്ന അമ്മ.

    ‘അമ്മക്ക് സുഖമില്ല’, കാനഡയിൽ ഈ സന്ദേശം ലഭിക്കുമ്പോൾ, ആ സമയം നാട്ടിൽ പാതിരാവാണ്, എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് എന്റെ മനസ്സു പറഞ്ഞിരുന്നു.

    ” She is sinking”  എന്നും “നമ്മുടെ അമ്മ നമ്മളെ വിട്ടുപോയി “എന്നും ഇടവിട്ടുള്ള ഫോൺ വിളികളിലൂടെ സഹോദരൻ എന്നെ അറിയിച്ചപ്പോൾ മരണം ഊഹം എന്നതിൽ നിന്നും തെളിഞ്ഞ സത്യമായി എന്റെ മുന്നിൽ എത്തി.

    സിനിമ ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മ അന്നും രാത്രിയും വളരെ വൈകിയും സിനിമ കണ്ടു ആസ്വദിച്ചു ചിരിച്ചു. പെട്ടെന്നു അസ്വസ്ഥത തോന്നുകയും വെറും പതിനഞ്ചു മിനിറ്റിനുള്ളിൽ  സ്ട്രോക്ക്‌ സംഭവിച്ചു. ഉടനെ മറുവാക്കിന് കാത്തു നിൽക്കാതെ അമ്മയിൽ നിന്നും ജീവന്റെ തുടിപ്പുകൾ പടിയിറങ്ങി പോയിരുന്നു.

    അമ്മ ഇനിയില്ല എന്ന സത്യം അംഗീകരിക്കാൻ  എളുപ്പം എന്റെ മനസ്സു കൂട്ടാക്കിയില്ല. ഞാൻ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നത് എപ്പോഴും ഒരേ സമയത്തായിരുന്നു. ആ സമയം എന്നിലൂടെ വലിയ ശൂന്യത സൃഷ്ടിച്ചു കടന്നുപോയി. സാവധാനം എന്റെ മനസ്സിൽ, ഒറ്റ ചിന്തയിൽ കൂടി ശാന്തത കൈവന്നു. എന്റെ അമ്മക്ക് വേണ്ടി ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്തു. ഞാൻ ഒന്നും ബാക്കിവെച്ചിട്ടില്ല. ആ ആശ്വാസത്തിന്റെ തുരുത്തിൽ ഞാൻ കൃതാർത്ഥയാകുന്നു.

    ഇന്നും ഞങ്ങൾ സഹോദരങ്ങൾ സംസാരിക്കുമ്പോൾ കറങ്ങിത്തിരിഞ്ഞു എത്തുന്ന ഒരു വാചകമുണ്ട്, ‘ നമ്മുടെ അമ്മ പറയാറുള്ളതുപ്പോലെ’.

    അതെ… അമ്മയിലെ വലിയ ശരികൾ ഞങ്ങൾ ഇപ്പോൾ കൂടുതൽ അറിയുന്നു, അവയുടെ അർത്ഥവ്യാപ്തി ഏറുന്നു.

    ഞാൻ ആദ്യമായി അറിഞ്ഞ, എനിക്ക് സുരക്ഷ നൽകിയ ഹൃദയതാളം നിലച്ചുവെങ്കിലും പൊക്കിൾക്കൊടിയിലൂടെ എന്നിലേക്ക്‌ ഒഴുകിയെത്തിയ വികാരവായ്‌പ് , ചൈതന്യമായ എനിക്ക് ചുറ്റിലും നിറയുന്നു. ഒരു പിടി പൂക്കൾ മാത്രം ഇന്നു ഞാൻ എന്റെയമ്മക്ക് മാറ്റിവെക്കുന്നു.

    ‘അമ്മ എനിക്കു നൽകിയത് കടലോളം സ്നേഹം. ഞാൻ തിരിച്ചുനൽകിയത് അതിലൊരു തുള്ളി മാത്രം ‘

    എഴുത്ത് – ജോയ്‌സ് വർഗീസ്, കാനഡ

    GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

    https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

    gnn24x7