ക്രിസ്ത്യാനികളുടെ വലിയ നോയമ്പിന്റെ നാലാമത്തെ ഞായറാഴ്ച്ചയാണ് അയർലണ്ടിൽ Mother’s Day ആഘോഷിക്കപ്പെടുന്നത്. ഈ വർഷം മാർച്ച് 30. ഭക്ഷണശാലകളിലും പബ്ബുകളിലും വലിയ തിരക്ക് അനുഭവപ്പെടും. മക്കൾ പ്രിയപ്പെട്ട അമ്മമാർക്കു നൽകുന്ന വലിയൊരു സൽക്കാരം. അഞ്ചു വർഷം മുമ്പ് മൺമറഞ്ഞു പോയ എൻ്റെ അമ്മയ്ക്കും വലിയൊരു സൽക്കാരം ഞാനൊരുക്കുന്നു, വാക്കുകളിലൂടെ.
ആറേഴു വർഷം മുമ്പുള്ള അമ്മയുടെ ആശുപത്രി വാസത്തിൽ ഞാനും ഭാര്യയും മൂത്ത ചേച്ചിയും ഭർത്താവും അമ്മയ്ക്കു കൂട്ടിരിക്കുന്ന സമയം. എൺപത്തിയഞ്ചു വയസുള്ളപ്പോഴും അമ്മയ്ക്ക് അപാരമായ ഓർമ്മശക്തി ഉണ്ടായിരുന്നു. രസകരമായ പഴയകാല വിശേഷങ്ങൾ ചികഞ്ഞെടുത്തു ഞങ്ങൾ അമ്മയോടു ചോദിച്ചു കൊണ്ടിരുന്നു. അക്കൂട്ടത്തിൽ ചേച്ചി അമ്മയോടു ചോദിച്ചു, “മക്കളിൽ ആരെയാണ് അമ്മ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ തല്ലിയിട്ടുള്ളത്”? ഉടനെ ഉത്തരം വന്നു, “അതു രാജനെ”. ഒരു വാചകം കൂടി കൂട്ടിച്ചേർത്തു, “അതൊന്നും നിങ്ങളിനി ഓർക്കരുത്”. ഒരമ്മയുടെ നിഷ്കളങ്കമായ കുറ്റസമ്മതം. ഞങ്ങൾ അതൊന്നും ഓർക്കാറില്ലെന്നു പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ നിന്നും ഞങ്ങളുടെ കണ്ണിൽ നിന്നും ഇറ്റിറ്റു വീണ കണ്ണീരിനെ എന്തു പേരിട്ടു വിളിക്കണം ഞാൻ.
ചെറിയ കുട്ടികളായിരിക്കുമ്പോൾ സാധാരണ കിട്ടേണ്ട ലാളനയും വാത്സല്യവും അമ്മയിൽ നിന്നു ഞങ്ങൾക്കു കിട്ടിയിട്ടില്ല. സ്നേഹവും കിട്ടിയിട്ടില്ല. ഒരു അമ്മ പ്രകടിപ്പിക്കേണ്ട ഈ വക മൃദു വികാരങ്ങളൊക്കെ ഞങ്ങൾക്ക് അന്യമായിരുന്നെന്നു മാത്രമല്ല, വളരെ നിസാരമായ കാര്യങ്ങൾക്കു പോലും കടുത്ത ശകാരവും ശാരീരിക ഉപദ്രവങ്ങളും ഏൽക്കേണ്ടി വന്നാലോ? കൈ കൊണ്ടോ, കൈയ്യിൽ കിട്ടുന്ന എന്തു സാധനം കൊണ്ടോ ഏതു സാഹചര്യത്തിലും സ്ഥലകാലബോധമില്ലാതെ പെരുമാറിക്കളയും. സ്‌കൂളിൽ നിന്നു വരാൻ പത്തു മിനിറ്റ് വൈകിയാൽ അടി, അഞ്ചു കിലോമീറ്റർ അകലെയുള്ള സ്കൂളിൽ നിന്ന് നടന്നു വേണം വീട്ടിലെത്താൻ എന്നോർക്കണം, ഓടി എവിടെയെങ്കിലും വീണു കൈയ്യോ കാലോ പൊട്ടിയാൽ അതിനും അടി, ആശ്വാസ വാക്കുകളില്ലായെന്നോർക്കണം, കന്നുകാലിക്ക് തീറ്റയുണ്ടാക്കിയില്ലേൽ അടി, അടുക്കളയിൽ സഹായിച്ചില്ലെങ്കിൽ അടി, അങ്ങനെ ഒരു നൂറു കാരണങ്ങൾ, ഒരു നൂറു ശിക്ഷാരീതികൾ. ശിക്ഷയുടെ ഭാഗമായി മഴ നനഞ്ഞ് മണിക്കൂറുകളോളം എനിക്ക് ഇരുട്ടിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. പത്തു പതിനാറു വർഷം വരെ അമ്മയുടെ ഈ പ്രഹരം ഏൽക്കേണ്ടി വന്ന ആളാണു ഞാൻ. കുട്ടികളായിരിക്കുമ്പോഴുള്ള കുസൃതിത്തരങ്ങൾ ഞാനും കാട്ടിയിട്ടുണ്ട് എന്നതു വാസ്‌തവം. എന്നിട്ടും ഒരിക്കൽപ്പോലും ഞാൻ അമ്മയോടു പരിഭവിച്ചിട്ടില്ല, കയർത്തിട്ടില്ല. ഒരിക്കൽപ്പോലും അമ്മയെ ധിക്കരിച്ചിട്ടില്ല, വെറുത്തിട്ടില്ല.
ആ അമ്മയാണ് കോളേജ് പഠന കാലത്തും അതിനു ശേഷവും പൊതു പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും കഴിഞ്ഞ് രാത്രിയിൽ എപ്പോഴെങ്കിലും കയറി വരുന്ന എനിക്കു വേണ്ടി അത്താഴമുണ്ണാതെ കാത്തിരുന്നത്. ആ അമ്മയാണ് വാതിൽ കൊട്ടിയടക്കാതെ, പുറംവാതിൽ ചാരിയിട്ടിട്ട് അത്താഴം വിളമ്പി മേശപ്പുറത്തു ഭദ്രമായി വെച്ചിട്ടു കിടന്നുറങ്ങിയത്. ഒടുവിൽ പൊതു പ്രവർത്തനത്തിൻ്റെ ആവേശത്തിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നപ്പോൾപ്പോലും അമ്മ എന്നോടു പരിതപിച്ചിട്ടില്ല, ശകാരിച്ചിട്ടില്ല. പിന്നീടു നാട്ടിൽ നിൽക്കക്കള്ളിയില്ലാതെ 1980-ൽ ബോംബെയ്ക്കു വണ്ടി കയറുന്നതിനു മുമ്പ് അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് വണ്ടി കയറുമ്പോൾ കൈയ്യിലുണ്ടായിരുന്ന മൂലധനം അമ്മ തന്ന നൂറു രൂപയും, സുഹൃത്തുക്കൾ പിരിവെടുത്തു തന്ന എണ്ണി തിട്ടപ്പെടുത്താത്ത ചില്ലറ നോട്ടുകളും കൂടാതെ ഒരു ഭാണ്ഡക്കെട്ടു നിറയെ സ്വപ്‌പ്നങ്ങളും പ്രതീക്ഷകളും.
വാട്ടിയ വാഴയിലയിൽ അമ്മ പൊതിഞ്ഞു കെട്ടിത്തന്ന കുത്തരിച്ചോറും, ഉണക്കമീൻ വറുത്തതും, തേങ്ങാ ചുട്ടരച്ച ചമ്മന്തിയും, മുട്ട പൊരിച്ചതും ട്രെയിനിലിരുന്നു വാരിക്കഴിക്കുമ്പോൾ അമ്മയുടെ സ്നേഹം മുഴുവൻ ആ പൊതിച്ചോറിൽ ഒളിപ്പിച്ചു വെച്ചിരിക്കയാണെന്നു തോന്നിപ്പോയി.
അമ്മയെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല. കൃത്യമായ ഇടവേളകളില്ലാതെ ഒൻപതു മക്കളെ ഉദരത്തിൽപ്പേറി, കഠിനമായ പേറ്റുനോവിൽ വെന്ത്, വേണ്ടത്ര പ്രസവരക്ഷ പോലുമില്ലാതെ, പുള്ളിനും പരുന്തിനും കൊടുക്കാതെ ഇത്രടം എത്തിച്ചില്ലേ, അതുതന്നെ ധാരാളം. വറുതിയുടെ നാളുകളിൽ കുഞ്ഞുങ്ങളുടെ വിശപ്പിന് അറുതി വരുത്താനുള്ള ബദ്ധപ്പാടിൽ സ്നേഹം വിളമ്പാൻ മറന്നതാകില്ല. വിശക്കുന്ന വയറുകൾക്ക് ഭക്ഷണമല്ലേ വിളമ്പേണ്ടത്, സ്നേഹം വിളമ്പിയിട്ടു കാര്യമില്ലല്ലോ.
അമ്മിഞ്ഞപ്പാലിൻ്റെ മധുരം കിനിയുന്ന നാവുകൊണ്ട് ആദ്യം പറഞ്ഞ പദം അമ്മ എന്നു തന്നെയായിരിക്കും. ആദ്യ ഗുരുവിന്റെ സ്ഥാനത്തു നിന്ന് കൊഞ്ചലിന്റെ ഭാഷയിൽ അമ്മ എന്ന പദം ചൊല്ലി പഠിപ്പിച്ചതും ആ അമ്മ തന്നെയല്ലേ? എന്നിട്ടും എത്രയോ അമ്മമാരുടെ പൊള്ളുന്ന കണ്ണുനീർത്തുള്ളികൾ ക്ഷേത്ര നടയിലും തെരുവോരങ്ങളിലും അഗതി മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും വീണുടയുന്നു. എത്രയോ അമ്മമാർക്ക് രാസലഹരിയുടെ ഉന്മാദത്തിൽ സ്വബോധം നഷ്‌ടപ്പെടുന്ന സ്വന്തം മക്കളുടെ കൈയ്യാൽ ദണ്ഡനമേൽക്കേണ്ടി വരുന്നു. അമ്മമാർക്ക് ആശ്രയമാകേണ്ട, കരുതലാകേണ്ട ഈ മക്കളെ ആരാണ് തിരുത്തേണ്ടത്? അവരോട് അരുതെന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയാനുള്ള ഉത്തരവാദിത്തം നമുക്കൊക്കെയുണ്ട് എന്നു ഞാൻ കരുതുന്നു.
ഈ മാതൃദിനത്തിൽ എൻ്റെ അമ്മയ്ക്കും മറ്റെല്ലാ അമ്മമാർക്കും അലിവോടെ, ആദരവോടെ പ്രണാമം അർപ്പിക്കുന്നു.
രാജൻ ദേവസ്യ വയലുങ്കൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb