മലയാളത്തിൻ്റെ നരസിംഹത്തിന് ഇന്നേയ്ക്ക് 25 വയസ്സ്; ആരായിരുന്നു തിരശ്ശീലയിൽ മറഞ്ഞിരുന്ന നരസിംഹത്തിലെ ആ ശക്തനായ കഥാപാത്രം?
ശക്തമായ കഥാപാത്രങ്ങളിലൂടെയും, ചടുലമായ സംഭാഷങ്ങളിലൂടെയും, കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളിലൂടെയും എക്കാലത്തെയും മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ നരസിംഹത്തിൽ, അഭ്രപാളികൾക്ക് ഇടയിൽ മറഞ്ഞിരുന്നതും, എന്നാൽ സിനിമയിലെ കഥയിൽ കൃത്യമായ ഇടവേളകളിൽ സാന്നിധ്യം അറിയിച്ചു കൊണ്ട് ഇടയ്ക്കിടെ മറ്റുള്ളവരുടെ വാക്കുകളിൽ പ്രത്യക്ഷപ്പെട്ടതും, കഥയുടെ നിർണ്ണായക സന്ദർഭങ്ങളിൽ തൻ്റെ പ്രിയപ്പെട്ട സുഹൃത്തും, സഹപാഠിയുമായിരുന്ന ഇന്ദുചൂഡന് എല്ലാവിധ സഹായങ്ങളും, നൽകിയിരുന്ന, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി ‘രവി’ ആരായിരുന്നു.. ?
സിനിമയുടെ തുടക്കത്തിൽ, കേരള രാഷ്ട്രീയത്തിലെ ഭീക്ഷ്മാചര്യൻ മണ്ണപ്പള്ളി മാധവൻ നമ്പ്യാരുടെ സംസ്കാരചടങ്ങിലാണ്, ആദ്യമായി ഭരണസിരാകേന്ദ്രത്തിൽ അത്രയം ശക്തനായൊരു ‘രവി’യുടെ സൂചന മാധവൻ നമ്പ്യാരുടെ P.A. ദിവാകരൻ പ്രേക്ഷകരോട് പറയുന്നത്.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മൂപ്പിൽ നായർ തികഞ്ഞ ജിജ്ഞാസയോടെ മാധവൻ നമ്പ്യാരുടെ മകൻ പവിത്രനോട് ചോദിക്കുന്നു,
“മന്ത്രിമാർ ആരൊക്കെ വരും ..? “
പവിത്രൻ മറുപടി പറയുന്നു;
“ഭരണം നമ്മുടെ കയ്യിൽ അല്ലല്ലോ, എന്നാലും അച്ഛൻ വളർത്തി വലുതാക്കിയ ചിലരൊക്കെ ഘടക കക്ഷികളിൽ ഉണ്ട്.
ഏതായാലും വനംവകുപ്പിൻ്റെ കുറുപ്പ് എത്തും..!”
ഉടനെ ദിവാകരൻ ഓടി വന്ന് പറയുന്നു,
” പവിത്രാ, മിനിസ്റ്റർ ഇല്ലാ, കോഴിക്കോട് ഒരു അർജൻ്റ് പാർട്ടി മീറ്റിംഗ്..!”
പവിത്രൻ:
” നന്ദി കെട്ടവൻ, ഛെ ..!
കളക്ടറോ..?”
ദിവാകരൻ:
” കളക്റ്റർ, തിരുവനന്തപുരത്താ ഇന്നലെ വൈകിട്ട് പോയി..!”
സംസാരം കേട്ട് നിന്നിരുന്ന സുധീരൻ കണ്ണൂർ SP ( സായികുമാർ) :
“പിന്നെ ഏത് എരപ്പാളി ഉണ്ട് ഇവിടെ..? ഇവിടുത്തെ റൂറൽ എസ്പിയെ വിളിച്ചപ്പോൾ ലോങ് ലീവ്, സി ഐ യും കൂട്ടരും എത്താമെന്ന്..”
ദിവാകരൻ:
“ആരോ കേറി കളിക്കുന്നുണ്ട്, ഒരു ഒതുക്ക് നടക്കുന്നുണ്ട്..!”
കേരള രാഷ്ട്രീയത്തിലെ അതികായനായ ഒരു മുൻ ഹോം മിനിസ്റ്ററുടെ മരണാനന്തര കർമ്മങ്ങളിൽ പങ്കെടുക്കാൻ മന്ത്രിയെയും, കലക്ടറെയും,എസ്പിയെയും അനുവദിക്കാതെ, പൊളിറ്റിക്കൽ ലെവലിൽ നിന്ന് കൊണ്ട്, അവരെ ‘ഒതുക്കുവാൻ’ തക്കവണ്ണം മർമ്മം അറിഞ്ഞ് കളിക്കുന്ന, പൊളിറ്റിക്കൽ- ഉദ്യോഗസ്ഥമേധാവിത്വ തന്ത്രം പയറ്റി, സിനിമയുടെ തുടക്കത്തിലെ, അണിയറയിൽ നിന്ന് കൊണ്ട് രവി കരുത്ത് തെളിയിക്കുന്നു.
പീന്നീട് അങ്ങോട്ട് സിനിമയുടെ പലവിധ സന്ദർഭങ്ങളിലും രവിയുടെ സാന്നിധ്യം മനസിലാക്കുവാൻ പറ്റുന്നുണ്ടെങ്കിലും, അദ്ദേഹത്തിൻ്റെ കൃത്യമായ ഒരു റഫറൻസ് പീന്നീട് കൊണ്ടു വരുന്നത് ഡിവൈഎസ്പി ശങ്കർ നാരായണൻ ആണ്.
‘ഇങ്ങോട്ടുള്ള സ്ഥലം മാറ്റം ഇപ്പോൾ ഇതെങ്ങനെ ഒപ്പിച്ചു’ എന്ന് കല്ലട്ടി വാസുദേവൻ ചോദിക്കുമ്പോൾ ഡിവൈഎസ്പി ശങ്കരനാരായണൻ പറയുന്നു,
” ഓ.. അതോ, കഴിഞ്ഞ ആഴ്ച്ച ത്രിശൂർ രാമനിലയത്തിൽ വെച്ച് CMൻ്റെ കൂടെ
ഞാൻ അവനെ കണ്ടിരുന്നു, CMൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി രവി, അവനാണല്ലോ CMനെ മുൻനിർത്തി ഹോം ഡിപ്പാർട്ട്മെൻ്റ് ഭരിക്കുന്നത്. അവൻ എന്നോട് ഒരു ചോദ്യം. എന്താ മിസ്റ്റർ ശങ്കരനാരായണൻ നിങ്ങളുടെ ഒരു ട്രാൻസ്ഫർ റിക്വസ്റ് കണ്ടല്ലോ, അതിന് ഓർഡർ ഇടണ്ടേയെന്ന്..?
ഈ പരപൂ.. മോനെ പണ്ട് ഞാൻ പാലക്കാട് വിക്റ്റോറിയ കോളജിൻ്റെ നട തൊട്ട്, കോട്ട മൈതാനം വരെ ഓടിച്ചിട്ട് തല്ലിയട്ടുള്ളതാ..!
ഹ..ഹ.. നമ്മൾക്ക് ഉടനെ അത് ശരിയാക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തു അവൻ എന്നെ ഒന്ന് ആക്കിയത് ആണെന്ന്…”
രവിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് ഡിവൈഎസ്പി ശങ്കരനാരായണൻ തൻ്റെ പഴയ തട്ടകത്തിലേക്ക് ട്രാൻസ്ഫർ മാറി വന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നു.
എന്നാൽ പിന്നീട് രംഗപ്രവേശം ചെയ്യുന്ന സി ഐ ഹബീബ് എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമായി വിവരിക്കുന്നു.
” സാർ, ഈ അവൻ എന്ന് പറഞ്ഞാൽ
ഇന്ദു ചൂഡനെയാണ് ഉദ്ദേശിച്ചത് എങ്കിൽ അയാൾ സാറിൻ്റെ വരവും കാത്ത് ഇരിക്കുകയാണ്. അയാൾ ആണ് സാർ, സാറിനെ ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്യിച്ചത്.”
ഡിവൈഎസ്പി ശങ്കരനാരായണൻ:
” മനസ്സിലായില്ല..!”
CI ഹബീബ്: ഹോം ഡിപ്പാർട്ട്മെൻ്റിൽ ഞാനും, സാറും, ഇനിയും ഉള്ളിലേക്ക് പോയാൽ അങ്ങ് കൊമ്പത്ത് ഇരിക്കുന്നവർ വരെ എവിടെയിരുന്ന് ജോലി ചെയ്യണമെന്ന് തീരുമാനിക്കുന്ന CMൻ്റെ വിശ്വസ്തനായ പൊളിറ്റിക്കൽ സെക്രട്ടറി രവി, ഇന്ദുചൂഡൻ്റെ ചുരുക്കം ചില സുഹൃത്തുക്കളിൽ ഒരാളാണ്. അവർക്ക് രണ്ട് പേർക്കും ഒപ്പം പാലക്കാട് വിക്റ്റോറിയയിൽ ഒരേ ക്ലാസ്സിൽ ഇരുന്ന് പഠിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്….!”
പോൾ ആസാദിൻ്റെ ദുരൂഹ കൊലപാതകത്തിൽ, ഒരു കള്ളക്കേസ് ചമച്ച് ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനാണ്, സുഹൃത്തുക്കളുടെ എല്ലാം പൊതുശത്രുവായ ശങ്കരനാരായണൻ. മാത്രമല്ലാ, ആ കേസ് മനോഹരമായി ഫ്രെയിം ചെയ്ത്, ഇന്ദുചൂഡനെന്നാ സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥിയെ, കോടതിയിൽ നിന്ന് ആറ് വർഷത്തെ കഠിനതടവ് വാങ്ങിച്ച് കൊടുക്കുവാനും ചുക്കാൻ പിടിച്ചതും പ്രസ്തുത ഉദ്യോഗസ്ഥൻ തന്നെ. തൻ്റെ ആ പഴയ ശത്രുവായ ശങ്കരനാരായണൻ എന്നാ പൊലീസ്കാരനെ വീണ്ടും ഇന്ദുചൂഡൻ്റെ കൈകളിലേക്ക് സമർത്ഥമായി ഇട്ട് കൊടുത്ത്, പണ്ട് തന്നെ പാലക്കാട് നഗരത്തിലൂടെ ഓടിച്ചിട്ട് തല്ലിയതിനുള്ള മധുരമായ ഒരു പ്രതികാരം കൂടി, വർഷങ്ങൾക്ക് ശേഷം നടപ്പിലാക്കിയതും, തന്ത്രജ്ഞനായ പൊളിറ്റിക്കൽ സെക്രട്ടറി രവിയുടെ മറ്റൊരു ബ്യൂറോക്രാറ്റിക് കൗശലതന്ത്രം.
©️ അനിൽ രാമപുരം

GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb