gnn24x7

നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍ നിന്ന വീട്ടുടമ പിടികൂടി

0
481
gnn24x7

ഹൈദരാബാദ്: നാട്ടില്‍ പൂട്ടിയിട്ട വീട്ടില്‍ കയറിയ മോഷ്ടാവിനെ അമേരിക്കയില്‍നിന്ന് വീട്ടുടമ മൊബൈലില്‍ കണ്ടു, മിനിറ്റുകള്‍ക്കുള്ളില്‍ കള്ളനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ബുധനാഴ്ച പുലര്‍ച്ച ഹൈദരാബാദിലെ കുക്കാട്ടുപള്ളിയിലാണ് അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെ മോഷ്ടാവിനെ പിടികൂടിയത്.

ടി.രാമകൃഷ്ണ എന്ന അഭിരാമാണ് ബുധനാഴ്ച പുലര്‍ച്ചെ കുക്കാട്ടുപള്ളി ഹൗസിങ് ബോര്‍ഡ് കോളനിയിലെ പൂട്ടിയിട്ട വീട്ടില്‍ മോഷണത്തിന് കയറിയത്. എന്നാല്‍ മോഷ്ടാവ് വീട്ടിനകത്ത് കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലുള്ള വീട്ടുടമ തന്റെ മൊബൈല്‍ ഫോണില്‍ തത്സമയം കണ്ടിരുന്നു. ഉടന്‍തന്നെ ഇദ്ദേഹം നാട്ടിലുള്ള അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും വീട്ടിനുള്ളില്‍നിന്ന് മോഷ്ടാവായ അഭിരാമിനെ കൈയോടെ പിടികൂടുകയുമായിരുന്നു.

ആയുധങ്ങള്‍ ഉപയോഗിച്ച് പ്രധാന വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയത്. ഈ ദൃശ്യങ്ങള്‍ വീട്ടുടമ മൊബൈലില്‍ കണ്ടതിന് പിന്നാലെയാണ് നാട്ടിലുള്ള അയല്‍ക്കാരെ വിവരം അറിയിച്ചത്. മിനിറ്റുകള്‍ക്കകം പോലീസും നാട്ടുകാരും സ്ഥലത്തെത്തി. ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ട് പോലീസുകാര്‍ തോക്കും നാട്ടുകാര്‍ വടികളും കൈയില്‍ കരുതിയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും വീടിനകത്ത് കയറി ഓരോ മുറികളും പരിശോധിക്കുകയും ഒളിച്ചിരുന്ന കള്ളനെ കൈയോടെ പിടികൂടുകയുമായിരുന്നു. ഇയാള്‍ വീട്ടില്‍നിന്ന് മോഷ്ടിച്ച സാധനങ്ങളും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

gnn24x7