തിരുവനന്തപുരം : എകെജി സെന്റർ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്താനാണ് ശ്രമം. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വലിയ വിമർശനമാണ് ഉയരുന്നത്.
സിസിടിവിയും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ഇതിനോടകം പ്രദേശത്തെ അമ്പതിലേറെ സിസിടിവികൾ പരിശോധിച്ചു. മൂന്നു ടവറുകളിലായി ആയിത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധിപ്പേരെ ചോദ്യം ചെയ്തു. അക്രമിയെത്തിയ ഡീഗോ സ്കൂട്ടിറിലായതിനാൽ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടന്നു. എന്നാൽ അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. എകെജി സെൻററിൽ നിന്നുള്ള ദൃശ്യങ്ങളിൽ പോലും വാഹന നമ്പർ വ്യക്തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്.




































