തിരുവനന്തപുരം∙ വാഹനാപകടത്തിൽ മകൾ മരിച്ചതിനെത്തുടർന്ന് അമ്മ വിഷം കഴിച്ചു. വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആറ്റിങ്ങൽ ആലംകോട് പാലാംകോണം സ്വദേശി അൻസി കബീറിന്റെ മാതാവ് അൻസി കോട്ടേജിൽ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെ കൊച്ചിയിൽ നടന്ന വാഹനാപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീർ മരിച്ചത്. അൻസിയുടെ സുഹൃത്താണ് മരണവിവരം അടുത്തുള്ള വീട്ടിൽ വിളിച്ചറിയിച്ചത്. ഇതിനിടെ മറ്റാരിൽനിന്നോ വിവരം അറിഞ്ഞ റസീന വിഷം കഴിക്കുകയായിരുന്നു. വാതിൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചു. പിന്നീട് റസീന വാതിൽ തുറക്കുകയും ഛർദിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.





































