gnn24x7

സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല; അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി പ്രഖ്യാപിക്കുമെന്ന് വാസവൻ

0
192
gnn24x7

തൃശൂർ: സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം സമാഹരിച്ച് കരുവന്നൂർ ബാങ്കിൽ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി   പ്രഖ്യാപിക്കുമെന്നും വാസവൻ പറഞ്ഞു. കരുവന്നൂർ പ്രതിസന്ധി വിഷയത്തിൽ ഒരു സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

‘കരുവന്നൂരിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായി ഏതാണ്ട് 73 കോടിയിലധികം രൂപ നിക്ഷേപകർക്ക് തിരിച്ചു കൊടുത്തു. 110 കോടി രൂപയോളം പുനക്രമീകരിച്ചിട്ടുണ്ട്. പലിശ കൊടുത്തും, നിക്ഷേപത്തിന്റെ ഒരു ഭാ​ഗം കൊടുത്തുമാണ് പുനക്രമീകരിച്ചത്. ഏതാണ്ട് 36 കോടി രൂപയോളം അവിടെ തിരിച്ചുവരവുണ്ടായിരുന്നു. അതിനെ സഹായിക്കാൻ വേണ്ടി വിവിധ സംഘങ്ങളിൽ നിന്നുള്ള നിക്ഷേപവും ഒപ്പം ക്ഷേമബോർഡിൽ നിന്നും പണവും കൊടുത്തിരുന്നു. അതുപോലെ ഷെയർ ക്യാപിറ്റൽ പണവും കൊടുത്തിരുന്നു. ഇതെല്ലാം കൂട്ടിച്ചേർത്താണ് നേരത്തെയുണ്ടാക്കിയ പാക്കേജ്. ആ പാക്കേജിൽ ഇനി ചില സംഘങ്ങൾക്ക് കൂടി പണം കൊടുക്കാനുണ്ട്. അത് കൊടുക്കും. കൂടാതെ ഇപ്പോൾ മച്വറായി വരുന്ന നിക്ഷേപങ്ങൾ മടക്കി കൊടുക്കാനാവശ്യമായ സഹായം കൂടി കേരള ബാങ്കും സഹകരണ വകുപ്പിന്റെ വിവിധ പ്രൈമറി സംഘങ്ങളും എല്ലാം കൂടി ചേർന്ന് അവരെ സഹായിക്കും. സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് അവർക്ക് ഫണ്ട് കൊടുക്കും. അവരെ സഹായിക്കുന്നതിലേക്ക് ആലോചിച്ചിച്ചുണ്ട്. സഹകരണ പുനരുദ്ധാരണ നിധിക്ക് ആർബിഐ നിയന്ത്രണമില്ല. സംസ്ഥാന സഹകരണ വകുപ്പ് കൂടി തീരുമാനിച്ചാൽ മതി. അത് മൂന്നാം തീയതി തീരുമാനിക്കും. അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി പ്രഖ്യാപിക്കും’ വി എൻ വാസവൻ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7