വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചു. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്‍ച്ചയായി ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. സിഗ്നല്‍ കിട്ടിയ കെട്ടിടത്തിൽ നിന്ന് മൂന്ന് പേരെ കാണാതായിട്ടുണ്ട്. സ്ഥലത്ത് കോണ്‍ക്രീറ്റും മണ്ണും തടിയും നീക്കി പരിശോധന തുടരുകയാണ്.
മൂന്ന് മീറ്റര്‍ താഴ്ചയില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഇത് മനുഷ്യന്‍റേതെന്ന് തന്നെയാണെന്ന് ഉറപ്പിക്കാനാകില്ല. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുകയാണ്. കടയും വീടും ചേർന്ന കെട്ടിടം നിന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം, മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 86 പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb