gnn24x7

ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയായി വിമാന നിരക്കുകൾ; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ

0
213
gnn24x7

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധന.

കുതിച്ചുയരുന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുന്ന സാഹചര്യം വന്നിരിക്കുന്നു. അതിനാൽ ഈ വിഷയത്തിലടിയന്തിരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഓഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഉത്സവ, അവധിക്കാല സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് വിമാന കമ്പനികൾ പലപ്പോഴും അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രശ്നത്തില്‍ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതു സംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉന്നതതല അവലോകനയോഗം  ചേർന്നിരുന്നു. ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു.

ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകനയോഗം ചേർന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7