നെടുമ്പാശ്ശേരി: കേരളത്തില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനാല്‍ പ്രവാസികള്‍ പലരും കൊളംബോയിലൂടെയാണ് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നത്. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുമെന്നതിനാൽ ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊളംബോയിലെത്തി അവിടെ നിന്ന് കുവൈത്തിലേക്ക് പോകുകയാണ് കേരളത്തിൽ നിന്നുള്ളവർ ചെയ്യുന്നത്. ഈ വിധത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ നിലവിൽ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയായി.
ജസീറ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വേയ്സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികള്‍ കൊച്ചിയില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഈ വിമാനങ്ങളിലെല്ലാം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. ചില ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികമാണ് കൊച്ചി-കുവൈത്ത് നിരക്ക്.
കൊച്ചിയില്‍നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് കൊളംബോയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുണ്ട്. എന്നാല്‍ കൊളംബോയില്‍നിന്ന് കുവൈത്തിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് ഞായറാഴ്ച മാത്രമേ സര്‍വീസുള്ളൂ. അതിനാല്‍ ഈ വിമാനത്തില്‍ അടുത്ത ദിവസങ്ങളിലൊന്നും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.


































