gnn24x7

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികനെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയില്‍

0
811
gnn24x7

ന്യൂഡല്‍ഹി: മുന്‍ വൈദികനും കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയുമായ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിൽ. കൊട്ടിയൂര്‍ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണം എന്നതാണ് ഹര്‍ജിയിലെ മറ്റൊരു ആവശ്യം. ഈ ഹർജി ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.

ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്ന് പെൺകുട്ടി നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഫാ. റോബിന്‍ വടക്കുംചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തനിക്കും കുഞ്ഞിനും റോബിന്‍ വടക്കുംചേരിക്ക് ഒപ്പം താമസിക്കാന്‍ അവസരം ഒരുക്കണമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. . അഭിഭാഷകന്‍ അലക്‌സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി 2016ൽ പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇയാൾക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്നുശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി.

gnn24x7