വടകര: ലോകായുക്തയെ ചാപിള്ളയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കെ.മുരളീധരന്‍ എംപി. ലോകായുക്തയെ പിണറായി പറയുന്നതുപോലെ റിപ്പോര്‍ട്ട് എഴുതുന്ന സമിതിയാക്കാനാണ് ശ്രമമെന്നും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരില്‍നിന്ന് ഇത്രയും നീചമായ പ്രവര്‍ത്തനം പ്രതീക്ഷിച്ചില്ലെന്നും കെ.ടി.ജലീലിന്റെ രാജിയിലേക്ക് നയിച്ച സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലാണിതെന്നും മുരളീധരന്‍ പറഞ്ഞു.
അധികാരസ്ഥാനങ്ങളിലെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരം ഗണ്യമായി ചുരുക്കുന്നതാണ് ഓര്‍ഡിനന്‍സ്. ലോകായുക്തയുടെ പ്രസക്തിതന്നെ ഇല്ലാതെയാക്കുന്ന നിയമഭേദഗതിയാണ് ഒാര്‍ഡിനന്‍സ് ആയി വരുന്നത്. നിലവില്‍ ലോകായുക്ത വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
മൂന്നുമാസത്തിനകം നടപ്പാക്കിയില്ലെങ്കില്‍ വിധി നടപ്പിലായതായി കണക്കപ്പെടും. ലോകായുക്തയുടെ സവിശേഷമായ അധികാരങ്ങളാണ് അടിയന്തരമായി കൊണ്ടുവരുന്ന ഓര്‍ഡിനന്‍സിലൂടെ മാറ്റിമറിക്കുന്നത്. ഓര്‍ഡിനന്‍സ് നിലവില്‍ വന്നാല്‍ ലോകായുക്തയുടെ വിധിയില്‍ സര്‍ക്കാരിന് ഹിയറിങ് നടത്താനാവും. വിധി തള്ളിക്കളയാനോ നടപ്പാക്കാനോ ഉള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകും.