കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായി. വനാതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായിട്ടുണ്ടോ എന്ന് ആശങ്ക.
കുറ്റ്യാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങൾ വെള്ളത്തിനടിയിലായി. അടിവാരം ടൗണിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. വളരെ ചെറിയ സമയം കൊണ്ട് വലിയ തോതിൽ വെള്ളം പെയ്തിറങ്ങിയതോടെയാണ് ടൗൺ മുങ്ങുന്ന അവസ്ഥയുണ്ടായത്. നഗരത്തിലെ കടകളിൽ പലതിലും വെള്ളം കയറി. മലഞ്ചെരുവിലുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് അടിവാരം ടൗണിലേക്ക് വലിയ തോതിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതെന്നാണ് വിവരം. നിലവിൽ അടിവാരം ടൗണിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്.
അടിവാരം ടൗണിൽ വെള്ളപ്പൊക്കമുണ്ടായതോടെ കോഴിക്കോട് വയനാട് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. കനത്ത മഴയിൽ ഗ്രാമീണ മേഖലകളിലും വെള്ളം ഉയരുന്ന സാഹചര്യണ് നിലവിലുള്ളത്.
 
                






