gnn24x7

‘എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല’; അമേരിക്കയുടെ വാ​ഗ്ദാനം യുക്രൈൻ പ്രസിഡന്റ് നിരസിച്ചു

0
983
gnn24x7

ലണ്ടൻ: കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാ​ഗ്ദാനം യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി നിരസിച്ചതായി റിപ്പോർട്ട്. ‘എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല’ എന്ന് സെലെൻസ്കി പ്രതികരിച്ചതായി അമേരിക്കൻ‌ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിലെ യുക്രൈൻ എംബസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമ റിപ്പോർട്ട്. ‘യുദ്ധം ഇവിടെയാണ്, എനിക്ക് ആയുധങ്ങളാണ് വേണ്ടത്, ഒളിച്ചോടേണ്ട’ എന്ന് സെലൻസ്കി പറഞ്ഞതായി യുക്രൈൻ എംബസി ട്വീറ്റ് ചെയ്യുകയായിരുന്നു. യുക്രൈൻ ജനത തങ്ങളുടെ പ്രസിഡന്റിനെ ഓർത്ത് അഭിമാനിക്കുന്നു എന്നും എംബസി ട്വീറ്റ് ചെയ്തു.

അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. ‘രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും’ വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.

യുദ്ധം തുടങ്ങി മൂന്നാം ദിനവും റഷ്യ രൂക്ഷമായ ആക്രമണമാണ് യുക്രൈനില്‍ നടത്തുന്നത്. തലസ്ഥാനമായ കീവ് പിടിച്ചടക്കാനുള്ള നീക്കത്തിലാണ് റഷ്യ. അഞ്ച് സ്ഫോടനങ്ങളാണ് ഇന്ന് നടന്നത്. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡേസ തുറമുഖത്തെ മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്. മെട്രോ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ സ്റ്റേഷന്‍ തകര്‍ന്നു. യുക്രൈന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വ്യോമപാത നിരോധിച്ചു. യുക്രൈന്‍ തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here