ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയാ കമ്പനിയായ ട്വിറ്ററിനെ കനത്ത സമ്മര്‍ദത്തിന് ഒടുവില്‍ ഇലോണ്‍ മസ്‌ക് വാങ്ങി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മസ്‌കിന് ട്വിറ്റര്‍ സന്തമാകുന്നതോടെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് സി.ഇ.ഒ ആയ പരാഗ് അഗ്രവാള്‍ തുടരുമോ അതോ അദ്ദേഹത്തെ മാറ്റുമോ എന്നതാണ്.
ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വംശജനായ പരാഗ് അഗ്രവാളിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ അദ്ദേഹത്തിന് നഷ്ടപരിഹാരമായി ഏകദേശം 4.2 കോടി ഡോളര്‍ (321.20 കോടി രൂപ) ലഭിക്കുമെന്നാണ് ഇക്വിലാര്‍ എന്ന ഗവേഷണ സ്ഥാപനത്തിന്റെ നിഗമനം
ട്വിറ്ററിന്റെ മുഴുവന്‍ ഓഹരിയും 4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്‌ക് ഒറ്റയ്ക്ക് ഏറ്റെടുത്തത്.ഏപ്രില്‍ 14 ന് നല്‍കിയ എസ്ഇസി രേഖയില്‍ ട്വിറ്ററിന്റെ മാനേജ്‌മെന്റില്‍ തനിക്ക് വിശ്വാസം ഇല്ലെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു.
അഗ്രവാളിന്റെ ഒരു വര്‍ഷത്തെ അടിസ്ഥാന ശമ്പളവും എല്ലാ ഇക്വിറ്റി ആനുകൂല്യങ്ങളും മറ്റും കണക്കിലെടുത്താണ് ഇക്വിലാറിന്റെ റിപ്പോര്‍ട്ട്. ഓഹരി ഒന്നിന് 54.20 ഡോളറാണ് മസ്‌ക് ഓഹരിയുടമകള്‍ക്ക് നല്‍കുക. ഇക്വിലാറിന്റെ കണക്ക് എത്രത്തോളം കൃത്യമാണെന്ന് വ്യക്തമല്ല.
ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന പരാഗ് അഗ്രവാള്‍ കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിന്റെ സിഇഒ ആവുന്നത്. 2021 ല്‍ അദ്ദേഹത്തിന് ആകെ ലഭിച്ചത് 3.04 കോടി ഡോളറാണ്.





































