തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറച്ചില്ലെങ്കിൽ കോണ്‍ഗ്രസ് സമരം തുടങ്ങുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. എക്സൈസ് തീരുവ കുറച്ച് എണ്ണ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടർന്നാണെന്നും രാജ്യത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ പരാജയവും ഈ നീക്കത്തിന് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം സംസ്ഥാനം തള്ളിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെ തുടർന്ന് കേരളവും ആനുപാതികമായി കുറച്ചെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിരുന്നു.





































