gnn24x7

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ പൊടിച്ച് ആർഭാടത്തോടെ ട്രാവന്‍കൂര്‍ പാലസിന്‍റെ ഉദ്ഘാടനം; ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കും

0
216
gnn24x7

ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങൾ പൊടിച്ച് ആർഭാടത്തോടെ നടത്തുന്ന ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്‍റെ  ഉദ്ഘാടന ചടങ്ങ് കോൺഗ്രസ് ബഹിഷ്കരിക്കുമെന്ന് കെപിസിസി  പ്രസിഡന്‍റ്  കെ. സുധാകരൻ എം പി.പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണത്തിനായി സർക്കാർ ചെലവിട്ടത്.സർക്കാരിന്‍റെ  നിത്യനിദാന ചെലവുകൾക്ക് പോലും കാശില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്ചെലവ്. വിലക്കയറ്റം സമസ്ത മേഖലകളെയും ബാധിച്ചു. അത് നിയന്ത്രിക്കാൻ സർക്കാരിന്‍റെ  ഒരു ഇടപെടലും ഉണ്ടാകുന്നില്ല.മൂന്നുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാണ്. സർക്കാരിന്‍റെ  കെടുകാര്യസ്ഥത കൊണ്ട് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പദ്ധതികളുടെ പ്രവർത്തനം പോലും അവതാളത്തിലായി.ഈ മാസം ശമ്പളവും പെൻഷനും വിതരണം ചെയ്തു കഴിയുമ്പോൾ ഖജനാവ് കാലിയാകുന്ന അവസ്ഥയാണ്.

നെല്ല് സംഭരിച്ച വകയിലും കോടികൾ കർഷകർക്ക് നൽകാനുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സപ്ലൈകോ വിപണി ഇടപെടലിലൂടെ പിടിച്ചു നിർത്താൻ സാധിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. ഓണക്കാലമായിട്ടും സപ്ലൈകോയിൽ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളില്ല.  കഴിഞ്ഞ എട്ടുവർഷമായി വിലകൂടിയിട്ടില്ലെന്ന്  മുഖ്യമന്ത്രി പറഞ്ഞ 13 ഇനങ്ങളിൽ ഭൂരിഭാഗവും  സപ്ലൈകോ സ്റ്റോറുകളിൽ കിട്ടാനില്ല.ജീവിക്കാൻ വഴിയില്ലാതെ ജനം മുണ്ടുമുറുക്കിയുടുത്ത് കഴിയുമ്പോഴാണ് സർക്കാരിൻെറ ധൂർത്തും ആർഭാടവും .

കേരളത്തിന്‍റെ  പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിലാണ്.സര്‍ക്കാരിന്‍റെ  പിടിപ്പുകേടുകൊണ്ട് ജനങ്ങളും സംസ്ഥാനവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിട്ടും ധൂര്‍ത്തിനും അഴിമതിക്കും ആഡംബരത്തിനും ഒരു കുറവുമില്ല. ഈ സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തുന്ന നവീകരിച്ച ഡല്‍ഹി ട്രാന്‍വന്‍കൂര്‍ പാലസിന്‍റെ  ഉദ്ഘാടന ചടങ്ങിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്നും കെ.സുധാകരൻ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7