കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ബിജെപി എംഎൽഎ ദേബേന്ദ്ര നാഥ് റോയിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്.ഇന്നലെയാണ് ഉത്തർ ദിനജ്പൂരിലെ മൊബൈൽ ഷോപ്പിന് മുന്നിൽ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് ആളുകളുടെ പേരാണ് ആത്മഹത്യാകുറിപ്പിൽ കണ്ടെത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ എംഎൽഎയുടേത് ആത്മഹത്യയാണെന്നാണ് നിഗമനമെന്ന് പൊലീസ് പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മരണത്തിന് ഉത്തരവാദികൾ രണ്ട് പേരാണെന്ന് ആത്മഹത്യ കുറിപ്പിൽ പറഞ്ഞതായാണ് റിപ്പോർട്ട്. ഇവർ ആരൊക്കെയാണെന്ന് വ്യക്തമല്ല. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. എംഎൽഎയുടെ മരണത്തിൽ തൃണമൂൽ കോൺഗ്രസ് സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
ഹേമ്താബാദിൽ നിന്നുള്ള എംഎൽഎയാണ് ദേബേന്ദ്ര നാഥ് റോയ്. മരണത്തിൽ ദുരൂഹത ആരോപിച്ച് എംഎൽഎയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തെ ആരോ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ഇവരുടെ ആരോപണം. ഞായറാഴ്ച രാത്രി ദേബേന്ദ്രനാഥിന് അജ്ഞാതരായ ഏതോ വ്യക്തികൾ വിളിച്ചിരുന്നുവെന്നും അതിനുശേഷമാണ് കാണാതായതെന്നും ഇവർ പറയുന്നു.
എംഎൽഎയുടെ മരണത്തിൽ ഞെട്ടൽ അറിയിച്ച് ബിജെപി ദേശീയ പ്രസിഡന്‍റെ ജെ.പി.നദ്ദയും പ്രതികരിച്ചിരുന്നു. ‘പശ്ചിമബംഗാളിലെ ബിജെപി എംഎൽഎയുടെ കൊലപാതകമെന്ന് സംശയിക്കുന്ന മരണം അത്യന്തം ഞെട്ടിക്കുന്നതും അപലപനീയവുമാണെന്നായിരുന്നു നദ്ദയുടെ പ്രതികരണം.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹേമ്താബാദിൽ നിന്ന് സിപിഎം അംഗമായാണ് ദേബേന്ദ്ര ജയിച്ചത്. എന്നാൽ 2019 ൽ ഇദ്ദേഹമടക്കം അൻപതോളംസിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു.