ശ്രീനഗർ: കശ്മീരിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ മൂന്നു സൈനികർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുപ്വാരയിലെ ഒരു സൈനിക ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടിട്ട് ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് അടുത്ത ആക്രമണവും ഉണ്ടായിരിക്കുന്നത്.
കുപ്വാരയിലെ ക്റാല്‍ഗുണ്ട് പ്രദേശത്തെ സൈനിക സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നു സൈനികരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രദേശവാസിയായ ഒരു പതിനഞ്ചുകാരനും കൊല്ലപ്പെട്ടു. ഈ കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ആക്രമണത്തെ തുടർന്ന് പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഭീകരർക്കായുള്ള തെരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ട്. 48 മണിക്കൂറിനിടെ കുപ്വാരയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്.






































