gnn24x7

രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ഗുജറാത്തില്‍ അഞ്ചു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു

0
243
gnn24x7

അഹമ്മദാബാദ്: രാജ്യസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ഗുജറാത്തില്‍ അഞ്ചു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. കൂറുമാറ്റം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജസ്ഥാനിലേ ജെയ്പൂരിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് രാജി. ആദ്യം നാലു കോണ്‍ഗ്രസ് എം.എല്‍.എമാരാണ് സ്പീക്കര്‍ക്ക് രാജിസമര്‍പ്പിച്ചത്. ഇതിനു പിന്നാലെ താന്‍ രാജി സമര്‍പ്പിച്ചതായി പ്രവീണ്‍ മറൂ എം.എല്‍.എയും അറിയിക്കുകയായിരുന്നു.

ശനിയാഴ്ച 14 എം.എല്‍.എമാരെ കോണ്‍ഗ്രസ് ജയ്പൂരിലേക്ക് മാറ്റിയിരുന്നു. ആ സംഘത്തില്‍ ഈ നാല് എം.എല്‍.എമാര്‍ ഉണ്ടായിരുന്നില്ല. ഗുജറാത്തിലെ പ്രധാന നേതാക്കളായ ജെ.വി കക്കഡിയ, സോമാഭായ് പട്ടേല്‍ എന്നിവര്‍ രാജി സമര്‍പ്പിച്ചവരില്‍പ്പെടും. എന്നാല്‍ എം.എല്‍.എമാര്‍ രാജിവച്ചെന്ന വാര്‍ത്ത കോണ്‍ഗ്രസ് തള്ളി. അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും പാര്‍ട്ടിക്ക് രാജിക്കത്തു ലഭിച്ചിട്ടില്ല. സോമാഭായ് പട്ടേല്‍ ഇന്നലെ വരെ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ജെ.വി കക്കഡിയയെയും മറ്റൊരു എം.എല്‍.എയെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് വിര്‍ജിഭായ് തുമ്മാര്‍ പറഞ്ഞു.

നാലില്‍ രണ്ട് രാജ്യസഭാ സീറ്റുകളില്‍ വിജയിക്കാനുള്ള അംഗ സംഖ്യ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമുണ്ട്. 37 വോട്ടാണ് ഒരു സീറ്റില്‍ വിജയിക്കാന്‍ വേണ്ടത്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് 73 എം.എല്‍.എമാരാണുള്ളത്. സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിയുടെ പിന്തുണ കോണ്‍ഗ്രസിനാണ്. ഇത് കൂടാതെ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എം.എല്‍.എമാരും എന്‍.സി.പിയുടെ ഒരംഗവും കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്.ബി.ജെ.പിക്ക് 103 എം.എല്‍.എമാരാണുള്ളത്. രണ്ട് സീറ്റുകളിലാണ് നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിയുകയെങ്കിലും മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here