ബിഹാറിൽ ശക്തമായ ഇടിമിന്നലിൽ രണ്ട് ദിവസത്തിനിടെ മരിച്ചത് 83 പേർ. കെട്ടിടങ്ങൾക്ക് വ്യാപകമായ നാശനഷ്ടമുണ്ടാവുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. 23 ജില്ലകളിലാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തത്. ഗാോപാൽ ഗഞ്ച് ജില്ലയിൽ മാത്രം 13 പേരാണ് മരിച്ചത്.
നവാഡ, മധുബനി (എട്ട്), സിവാൽ, ഭഗൽപൂർ ( ആറ്), കഴിക്കൻ ചമ്പാരൻ, ദർഭാംഗ, ബാങ്ക (അഞ്ച്), ഖഗരിയ, ഔറംഗാബാദ് (മൂന്ന്), പടിഞ്ഞാറൻ ചമ്പാരൻ, കൃഷ്ണഗഞ്ച്, ജെഹനാബാദ്, ജമുയി, പൂർനിയ, സുപൗൽ, ബക്സർ, കൈമൂർ (രണ്ട്), സംസതിപൂർ, ഷിയോഹർ, സരൺ, സിത്മാർഹി, മധേപുര (ഒന്ന്) മരണങ്ങൾ വീതമാണ് റിപ്പോർട്ട് ചെയ്തത്.
20ൽ അധികം ആളുകൾ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്. വീടുകൾക്കും ഗൃഹോപകരണങ്ങൾക്കും വലിയതോതിലുള്ള നാശനഷ്ടമുണ്ടായി. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
വരും ദിവസങ്ങളിലും ശക്തിയേറിയ ഇടിമിന്നലിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. സംസ്ഥാനത്തെ 38 ജില്ലകളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.








































