അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ഉച്ചയോടെ ലക്ഷദ്വീപിലെത്തും. സന്ദര്‍ശനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് സമ്പൂര്‍ണ്ണ കരിദിനം ആചരിക്കും. ഒരാഴ്ചത്തേക്ക് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.
കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍ കറുത്ത കൊടികള്‍ കെട്ടിയും കറുത്ത വസ്ത്രവും മാസ്‌കും ബാഡ്ജും ധരിച്ച്, പ്ലക്കാര്‍ഡുകളേന്തിയാണ് ആളുകള്‍ വീടുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ ലക്ഷദ്വീപിൽ ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. തുടർന്നാണ് കഴിഞ്ഞ ഡിസംബറില്‍ പ്രഫുല്‍ പട്ടേൽ ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്ററായി ചുമതല ഏല്‍ക്കുന്നത്.