gnn24x7

ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

0
268
gnn24x7

ന്യൂദല്‍ഹി: ആഗോള എണ്ണവില തകര്‍ന്ന സാഹചര്യത്തിലും ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് നികുതി വര്‍ധിപ്പിച്ച നടപടിയില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി.

‘ആഗോള എണ്ണ വില തകര്‍ന്ന സാഹചര്യത്തില്‍ അതിന്റെ ഗുണം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കും ലഭിക്കണമെന്ന് മൂന്നുദിവസം മുമ്പ് പ്രധാനമന്ത്രിയോട് ഞാന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ആ ഉപദേശം സ്വീകരിക്കുന്നതിന് പകരം, ആ മഹാന്‍ പോയിട്ട് എണ്ണയുടെ എക്‌സൈസ് നികുതി കൂട്ടിയിരിക്കുന്നു,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ട്വീറ്റിനോടൊപ്പം കേന്ദ്ര ധനമന്ത്രിയുടെ ഒരു വീഡിയോയും രാഹുല്‍ ഗാന്ധി പോസ്റ്റു ചെയ്തിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മനഃപൂര്‍വ്വം ഉത്തരം നല്‍കാതെ എഴുന്നേറ്റു പോവുന്ന ധനമന്ത്രിയുടെ വീഡിയോ ആണ് പോസ്റ്റു ചെയ്തത്.

ആഗോള എണ്ണ വില തകര്‍ന്നത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടില്ലേ എന്നു ചോദിച്ച് രാഹുല്‍ ഗാന്ധി മാര്‍ച്ച് 11ന് ട്വീറ്റ് ചെയ്തിരുന്നു.

ലിറ്ററിന് മൂന്നു രൂപ എന്ന കണക്കിന് ശനിയാഴ്ച കേന്ദ്രം പെട്രോളിനും ഡീസലിനും നികുതി വര്‍ധിപ്പിച്ചിരുന്നു. എണ്ണവിലയിലുണ്ടായ ആഗോള തകര്‍ച്ചയില്‍ എക്‌സൈസ് നികുതി ചുമത്തുന്നതു വഴി 40,000 കോടി അധിക വരുമാനം നേടാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

പമ്പുകളില്‍ എണ്ണ വില വര്‍ധിക്കാന്‍ ഇത് ഇടയാക്കും. നിലവിലെ സാഹചര്യത്തില്‍ നികുതി വര്‍ധിപ്പിച്ച നടപടിയെ ‘ജനവിരുദ്ധ’ നയം എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

അതേസമയം എണ്ണ വ്യാപാര കമ്പനികള്‍ ശനിയാഴ്ച പെട്രോളിന് ലിറ്ററിന് 13 പൈസയും ഡീസലിന് 16 പൈസയും കുറച്ചിരുന്നു.

ഞായറാഴ്ച ഡീസല്‍ വിലയില്‍ മാറ്റമൊന്നുമില്ലാതിരുന്നപ്പോള്‍ പെട്രോളിന് 12 പൈസ കൂടി കുറച്ചിരുന്നു. ദല്‍ഹിയില്‍ ഞായറാഴ്ച ഒരു ലിറ്റര്‍ പെട്രോളിന് 69.75 രൂപയും ഡീസലിന് 62.58 രൂപയുമാണ്.

വര്‍ഷാരംഭത്തില്‍ ക്രൂഡ്ഓയിലിന്റെ വില ബാരലിന് 66 ഡോളറായിരുന്നു. അത് മാര്‍ച്ച് ആദ്യ ആഴ്ച ആയപ്പോഴേക്കും 51 ഡോളറായി കുറഞ്ഞു. രാണ്ടാമത്തെ ആഴ്ചയില്‍ ഇത് കുത്തനെ കുറഞ്ഞ് 32 ഡോളറിലെത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here